പി.എം.എ. സലാം | Photo: മാതൃഭൂമി
കോഴിക്കോട്: കെ.പി.സി.സി. അധ്യക്ഷൻ കെ. സുധാകരന്റെ വിവാദ പരാമർശങ്ങളിൽ കോൺഗ്രസിന്റെ ഭാഗത്തുനിന്ന് ലഭിച്ച മറുപടിയിൽ തൃപ്തിയുണ്ടെന്ന് മുസ്ലിം ലീഗ്. ലീഗിന്റെ പ്രതികരണത്തിന് ഫലമുണ്ടായി. പാണക്കാട് സാദിഖലി തങ്ങളുമായും പി.കെ. കുഞ്ഞാലിക്കുട്ടിയുമായും കെ. സുധാകരൻ സംസാരിച്ചു. മുസ്ലിം ലീഗ് യു.ഡി.എഫിൽ തുടരുക തന്നെ ചെയ്യും- ഉന്നതാധികാര സമിതി യോഗത്തിന് ശേഷം മുസ്ലിം ലീഗ് നേതാവ് പി.എം.എ. സലാം മാധ്യമങ്ങളോട് പറഞ്ഞു.
'വിഷയത്തിൽ കോൺഗ്രസിന്റെ ഭാഗത്തുനിന്ന് ലഭിച്ച മറുപടിയിൽ സംതൃപ്തരാണ്. കോൺഗ്രസാണ് ഇനി അത് കൈകാര്യം ചെയ്യേണ്ടത്. അവർ അത് ചെയ്യുമെന്ന വിശ്വാസം ഞങ്ങൾക്കുണ്ട്. ഞങ്ങൾ എന്തുകൊണ്ടാണ് യു.ഡി.എഫിൽ തുടരുന്നത് എന്ന കാര്യം ഇപ്പോഴും പ്രസക്തമാണ്. അതുകൊണ്ട് തന്നെ ആ തുടർച്ച ഉണ്ടാകുക തന്നെ ചെയ്യും- സലാം പറഞ്ഞു.
കെ. സുധാകരന്റെ ഭാഗത്തുനിന്ന് തുടർച്ചയായി ഉണ്ടായ, ആർ.എസ്.എസ്. അനുകൂലമെന്ന് വ്യാഖ്യാനിക്കപ്പെട്ട പരാമർശങ്ങളിൽ പരസ്യ പ്രതികരണം നേരത്തെ തന്നെ മുസ്ലിം ലീഗ് രേഖപ്പെടുത്തിയിരുന്നു. പിന്നീട് ഇക്കാര്യം ചർച്ച ചെയ്യുന്നതിന് വേണ്ടിയായിരുന്നു ഉന്നതാധികാര സമിതിയുടെ മുമ്പിലെത്തിയത്. വിഷയം ഗൗരവമായിത്തന്നെ മുസ്ലിം ലീഗ് ചർച്ച ചെയ്തു.
കെ.സി. വേണുഗോപാൽ അടക്കമുള്ള കോൺഗ്രസിന്റെ മുതിർന്ന നേതാക്കൾ മുസ്ലിം ലീഗ് നേതാക്കളുമായി സംസാരിച്ച് അവരുടേതായ ഭാഗം വിശദീകരിച്ചു. ഇതിൽ തൃപ്തരെന്നാണ് ലീഗ് നേതൃത്വം ഇപ്പോൾ വ്യക്തമാക്കുന്നത്. ഇതുവരെ തുടർന്നു വന്ന പ്രതിഷേധങ്ങൾ മുന്നോട്ട് കൊണ്ടു പോകേണ്ടതില്ല എന്നാണ് ഉന്നതാധികാര സമിതിയും ഭാരവാഹികളുടെ യോഗവും തീരുമാനിച്ചിരിക്കുന്നത്.
Content Highlights: muslim legue on k sudhakaran controversial statement
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..