ലീഗ് നേതാക്കൾ
കോഴിക്കോട്: മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തതുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങളുണ്ടായെന്ന വാര്‍ത്തകള്‍ തള്ളി മുസ്ലിംലീഗ്.
പുതുതായി രൂപവത്കരിക്കപ്പെട്ട ജില്ലാ കമ്മിറ്റി ആരുടെയും പക്ഷക്കാരല്ല. ഉന്നത നേതാക്കളെ വിവിധ കളങ്ങളിലാക്കി തിരിച്ച് വിഭാഗീയമായി ജില്ലാ നേതാക്കളെ കൂട്ടിക്കെട്ടി ചാപ്പകുത്താനുള്ള ശ്രമം പാര്‍ട്ടി വിരുദ്ധരുടെ പ്രചാരവേലയാണ്.യോഗം തീരുംമുമ്പ് പി.കെ.കുഞ്ഞാലിക്കുട്ടി ക്ഷുഭിതനായി മടങ്ങിയെന്നൊക്കെയുള്ള വാര്‍ത്തകള്‍ വിലകുറഞ്ഞ ഭാവനാ സൃഷ്ടിയാണ്. ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്ത ശേഷം എല്ലാവരെയും അഭിനന്ദിച്ചാണ് പതിവ് പോലെ കുഞ്ഞാലിക്കുട്ടി മടങ്ങിയതെന്നും ലീഗ് കോഴിക്കോട് ജില്ലാ ഭാരവാഹികള്‍ അറിയിച്ചു.
'പുതുതായി രൂപവത്കരിക്കപ്പെട്ട ജില്ലാ കമ്മിറ്റി ആരുടെയും പക്ഷക്കാരല്ല. ഇതുവരെ എല്ലാ ജില്ലാ കമ്മിറ്റികളും ബന്ധപ്പെട്ടവരുമായി കൂടിയാലോചിച്ച് സമവായത്തിന്റെ അടിസ്ഥാനത്തിലാണ് നിലവില്‍ വന്നത്. കോഴിക്കോട്ടും അതിനപ്പുറം ഒന്നും സംഭവിച്ചിട്ടില്ല. കോഴിക്കോട് ജില്ലാ കമ്മിറ്റി രൂപവത്കരിക്കാന്‍ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റും അവസാനവാക്കുമായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, ദേശീയ ജനറല്‍ സെക്രട്ടറിയും നിയമസഭാ പാര്‍ട്ടി ലീഡറും സമുന്നത നേതാവുമായ പി.കെ കുഞ്ഞാലിക്കുട്ടിയേയാണ് റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്കു പുറമെ പ്രത്യേകം ചുമതലപ്പെടുത്തിയത്. അതിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹത്തിന്റെ കൂടി മേല്‍നോട്ടത്തിലാണ് കോഴിക്കോട് ജില്ലാ കമ്മിറ്റി രൂപവത്കരിച്ചത്' - മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് എം.എ. റസാഖ് മാസ്റ്റര്‍, ജനറല്‍ സെക്രട്ടറി ടി.ടി. ഇസ്മായില്‍ എന്നിവര്‍ വിശദീകരണക്കുറിപ്പില്‍ വ്യക്തമാക്കി.
Content Highlights: Muslim League says Kozhikode Kozhikode Dist Committee-not conflict
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..