കോഴിക്കോട്: ലിംഗരാഷ്ട്രീയമല്ല, സമുദായ രാഷ്ട്രീയമാണ് മുസ്ലീം ലീഗ് മുന്നോട്ടുവയ്ക്കുന്നതെന്ന് വനിതാ ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി നൂര്‍ബിന റംഷീദ്. നമ്മള്‍ ലീഗിലെ സ്ത്രീകളാണെങ്കിലും ആദ്യം മുസ്ലീമാണെന്ന ബോധം മറക്കരുത്. സമുദായത്തെ മറന്ന് രാഷ്ട്രീയം പ്രവര്‍ത്തിക്കരുതെന്നും നൂര്‍ബീന പറഞ്ഞു. കോഴിക്കോട് പുതിയ ഹരിത കമ്മിറ്റി സംഘടിപ്പിച്ച പ്രഥമ പരിപാടിയായ സി.എച്ച് സെമിനാറില്‍ സംസാരിക്കുകയായിരുന്നു നൂര്‍ബിന .

പൊതുപ്രവര്‍ത്തകരുടെ ജീവിതം തന്നെയാണ് സന്ദേശം. അവർ നീതിയുടെ പക്ഷത്താവണം നിലകൊള്ളേണ്ടത്. സ്ത്രീപക്ഷമെന്നോ പുരുഷ പക്ഷമെന്നോ ഇല്ല. മുസ്സിംലീഗിനെ മാറ്റിനിര്‍ത്തിക്കൊണ്ട് ഒരു പോഷക സംഘടനയ്ക്കും നിലനില്‍പ്പില്ലെന്നും അവര്‍ പറഞ്ഞു. കെ.ആര്‍. ഗൗരിയമ്മയെ മാതൃകയായി ഉയര്‍ത്തിക്കാട്ടിയ ഹരിത മുന്‍ ഭാരവാഹികള്‍ക്ക്, ഹാജിറ ബീവിയാണ് തന്റെ മാതൃകയെന്ന മറുപടിയും നൂര്‍ബിന റഷീദ് നല്‍കി.

ഹരിതയുടെ മുന്‍ ഭാരവാഹികളെ അനുകൂലിച്ചവരാരും പരിപാടിയ്‌ക്കെത്തിയില്ല. പരിപാടി ഒരു വിഭാഗം എംഎസ്എഫ് പ്രവര്‍ത്തകരും ബഹിഷ്‌കരിച്ചു.