പി.എം.എ. സലാം | Photo: Screen grab/ YouTube (KMCC Netzone)
മങ്കട: മുസ്ലിം ലീഗിന് ഭരണമുണ്ടാകുമ്പോള്‍ യൂണിവേഴ്‌സിറ്റി യൂണിയനുകളും കോളേജ് യൂണിയനുകളും പിടിച്ചടക്കാന്‍ ചില തരികിടകൾ കാണിക്കാറുണ്ടെന്ന് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.എം.എ. സലാം. കോളേജ്, യൂണിവേഴ്‌സിറ്റി യൂണിയന്‍ തിരഞ്ഞെടുപ്പുകളിലെ എം.എസ്.എഫ്. പ്രകടനത്തെ പ്രകീര്‍ത്തിക്കുമ്പോഴായിരുന്നു പി.എം.എ. സലാമിന്റെ പരാമര്‍ശം. മലപ്പുറം മങ്കട പഞ്ചായത്തിലെ മൂര്‍ക്കനാട് വാര്‍ഡ് മുസ്ലിം ലീഗ് കുടുംബ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുസ്ലിം ലീഗിന്റെ പ്രവര്‍ത്തനത്തിന് വനിതകള്‍ കൂടുതലായി എത്തുന്നുണ്ട്. ഹരിത നല്ല പ്രകടനം കാഴ്ചവെക്കുന്നുണ്ട്. ഈ വര്‍ഷത്തെ കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ ചരിത്രത്തില്‍ ഒരിക്കലും ഇല്ലാത്ത വിജയമാണ് എം.എസ്.എഫ്. നേടിയത് എന്ന് പി.എം.എ. സലാം അവകാശപ്പെട്ടു. തുടര്‍ന്നാണ് അദ്ദേഹം പാര്‍ട്ടിക്ക് ഭരണമുള്ളപ്പോള്‍ യൂണിയന്‍ തിരഞ്ഞെടുപ്പുകളില്‍ തരികിട കാണിക്കാറുണ്ടായിരുന്നുവെന്ന പരാമര്‍ശം നടത്തിയത്.
'സാധാരണനിലയില്‍ മുസ്ലിം ലീഗിന് ഭരണമുണ്ടാകുമ്പോള്‍, വിദ്യാഭ്യാസമന്ത്രി മുസ്ലിം ലീഗുകാരനാകുമ്പോള്‍ നമുക്ക് ചില തരികിടകളൊക്കെ നടത്തി യൂണിവേഴ്‌സിറ്റി യൂണിയനും കോളേജുകളുമൊക്കെ പിടിച്ചെടുക്കാന്‍ സാധിക്കാറുണ്ട്', മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പറഞ്ഞു.
എന്നാല്‍, ഇപ്പോള്‍ ആ തരികിടകള്‍ കാണിക്കുന്നത് സി.പി.എമ്മാണെന്ന് അദ്ദേഹം ആരോപിച്ചു. വിദ്യാഭ്യാസ വകുപ്പിനെ ഉപയോഗിച്ച് യൂണിവേഴ്‌സിറ്റി- കോളേജ് ഭരണങ്ങളും സ്‌കൂളുമൊക്കെ അവര്‍ തകിടം മറിക്കുന്നു. അങ്ങനെ തികച്ചും പ്രതികൂലമായ സാഹചര്യത്തില്‍ കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പ് നടന്നപ്പോള്‍ മറ്റൊരു കാലത്തുമുണ്ടായിട്ടില്ലാത്ത വലിയ വിജയം എം.എസ്.എഫിന് നേടാന്‍ കഴിഞ്ഞത് ചിന്തിക്കുന്ന, വിവരമുള്ള, വിദ്യാഭ്യാസമുള്ള പുതിയ തലമുറ മുസ്ലിം ലീഗിനോടൊപ്പം ചേരാന്‍ നിശ്ചയിച്ചിരിക്കുന്നു എന്ന് തന്നെയാണ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു. രണ്ടുമൂന്ന് തലമുറ കഴിഞ്ഞാലും മുസ്ലിം ലീഗ് ഭദ്രമാണെന്നാണ് ഇത് വ്യക്തമാക്കുന്നതെന്നും പി.എം.എ. സലാം അഭിപ്രായപ്പെട്ടു.
Content Highlights: Muslim league pma salam msf haritha college union election fraud league education minister
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..