അബ്ദുസമദ് പൂക്കോട്ടൂർ, കെ.എം.ഷാജി
തിരുവനന്തപുരം: വഖഫ് വിഷയത്തില്‍ തുടങ്ങിയ മുസ്ലിംലീഗ്-സമസ്ത ശീതയുദ്ധം രൂക്ഷമാകുന്നു. എല്‍ഡിഎഫുമായി സഹകരിക്കുന്നതില്‍ തെറ്റില്ലെന്ന് പറഞ്ഞ സമസ്ത നേതാവ് അബ്ദുസമദ് പൂക്കോട്ടൂരിനെ പരോക്ഷമായി വിമര്‍ശിച്ച് കെ.എം.ഷാജി രംഗത്തെത്തി. പിന്നാലെ താന്‍ പൂക്കോട്ടൂരിനെ അല്ല ലക്ഷ്യമിട്ടതെന്ന് കെ.എം.ഷാജി വിശദീകരിക്കുകയും ചെയ്തു.
കോഴിക്കോട് നടന്ന ഒരു പൊതുപരിപാടിക്കിടെയായിരുന്നു സമസ്ത നേതാവിനെതിരായ ഷാജിയുടെ പ്രസ്താവന. 'വേറെ ചില ആള്ക്കാര് ഇപ്പോള്‍ ഇറങ്ങിയിട്ടുണ്ട്. സിപിഎമ്മിനെ വെള്ളപൂശലാണ് പണി. താത്വിക കമ്മ്യൂണിസം വേറെ. പ്രായോഗിക കമ്യൂണിസം വേറെ. മെമ്പര്‍ഷിപ്പ് എടുക്കുന്ന കമ്യൂണിസം വേറെ. ഞാന്‍ എല്ലാവരോടും പറയുന്നു മത നേതാക്കള്‍ കമ്യൂണിസം വിശദീകരിക്കേണ്ട. കമ്യൂണിസ്റ്റ് നേതാക്കള്‍ മതവും വിശദീകരിക്കേണ്ട. കോടിയേരി കൃത്യവും വ്യക്തവുമായി പറഞ്ഞിട്ടുണ്ട്. പാര്‍ട്ടിയുടെ അംഗത്വം എടുക്കുന്നവര്‍ മതത്തിന്റെ ആചാര അനുഷ്ടാന പരിസരത്ത് നിന്ന് മാറണമെന്ന്. അപ്പോള്‍ നമ്മുടെ ചില ആള്ക്കാര് പറയുകയാണ്. അത് അങ്ങനെയല്ല. ഇങ്ങനെയെന്ന്' 'ഷാജി പറഞ്ഞു.
മതവിശ്വാസികളെക്കൂടി ഉള്‍പ്പെടുത്തിയുള്ള സര്‍ക്കാരാണെന്നും, ശുദ്ധകമ്യൂണിസ്റ്റുകളല്ല കേരളം ഭരിക്കുന്നതെന്ന് സമസ്തയുടെ യുവജനവിഭാഗമായ എസ്.വൈ.എസിന്റെ സംസ്ഥാനസെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂര്‍ കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിനിടെ പറഞ്ഞിരുന്നു. രണ്ടും രണ്ടായി കാണാനുള്ള കഴിവ് വിവേകമുള്ളവര്ക്കുണ്ടെന്നും ബാക്കിയുള്ളവര്‍ വെറുതേ വിവാദമുണ്ടാക്കുകയാണെന്നും മുസ്ലിംലീഗിന്റെ പേരുപറയാതെ പൂക്കോട്ടൂര്‍ വിമര്‍ശിച്ചു.
കമ്യൂണിസത്തിന്റെ അടിസ്ഥാനതത്വം നിരീശ്വരവാദത്തില്‍ അധിഷ്ഠിതമാണെങ്കിലും കമ്യൂണിസ്റ്റുകാര്‍ മുഴുവന്‍ അവിശ്വാസികളല്ല. പലകാരണങ്ങള്‍കൊണ്ട് പാര്‍ട്ടിയില്‍ ചേര്ന്നവരുണ്ടതില്. സംസ്ഥാനസര്‍ക്കാരിനോട് സമസ്ത സഹകരിക്കുന്നതിനെ വിമര്‍ശിക്കേണ്ടതില്ല. ഭരിക്കുന്ന സര്‍ക്കാരില്‍നിന്ന് ആനുകൂല്യം നേടിയെടുക്കാന്‍ സ്വീകരിക്കുന്ന തന്ത്രപരമായ സമീപനമായി അതിനെ കണ്ടാല്‍ മതിയെന്നും അദ്ദേഹം അഭിമുഖത്തില്‍ പറയുകയുണ്ടായി.
ഇതിന് പിന്നാലെയാണ് സിപിഎമ്മിനെ വെള്ളപൂശാന്‍ ചിലരിപ്പോള്‍ ഇറങ്ങിയിട്ടുണ്ടെന്ന് കെ.എം.ഷാജി പറഞ്ഞത്. എന്നാല്‍ താന്‍ പൂക്കോട്ടൂരിനെ അല്ല ഉദ്ദേശിച്ചതെന്ന് ഷാജി ഫെയ്സ്ബുക്കില്‍ ഇന്ന് വിശദീകരിക്കുകയുണ്ടായി. 'നിലപാടുകളില്‍ കൃത്യതയും വ്യക്തതയുമുള്ള സമുദായ നേതാക്കളില്‍ ഒരാളാണ് അബ്ദുസമദ് പൂക്കോട്ടൂര്‍. ഏത് വിഷയത്തെക്കുറിച്ചും പ്രഭാഷണം നടത്തുന്നതിന് മുമ്പ് നന്നായി ഗൃഹപാഠം ചെയ്യുകയും അവതരിപ്പിക്കുകയും ചെയ്യുന്ന പണ്ഡിതന്. അദ്ദേഹത്തിന്റെ അഭിപ്രായങ്ങളോട് വിയോജിപ്പുകളുണ്ടെങ്കില് അത് നേരിട്ട് പറയാനുള്ള സ്വാതന്ത്ര്യം പരസ്പരം കാത്തു സൂക്ഷിക്കുന്ന നല്ല സൗഹൃദവുമുണ്ട് ഞങ്ങള്‍ തമ്മില്‍ അല്ലെങ്കിലും വീട്ടുകാരോടും കൂട്ടുകാരോടുമുള്ള യോജിപ്പും വിയോജിപ്പും ആരും അങ്ങാടിയില്‍ പോയി പ്രസംഗിക്കാറില്ല' ഷാജി ഫെയ്സ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.
ഇതിനിടെ മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാമിനെ വിമര്‍ശിച്ചുകൊണ്ട് സമസ്ത സംസ്ഥാന സെക്രട്ടറി ഓണമ്പള്ളി മുഹമ്മദ് ഫൈസി രംഗത്തെത്തി. പിഎംഎ സലാം കാര്യങ്ങള്‍ മനസ്സിലാക്കി വേണം സംസാരിക്കാനെന്ന് ഫെയ്സ്ബുക്ക് കുറിപ്പില്‍ ഓണമ്പള്ളി വ്യക്തമാക്കി.
'വഖഫ് വിഷയ സംബന്ധമായി പളളിയില്‍ പറയണോ വേണ്ടയോ എന്ന കാര്യത്തില്‍ സയ്യിദുല്‍ ഉലമാ ഒരു നിലപാട് വ്യക്തമാക്കിയത് ഒരു പ്രത്യേക രാഷ്ട്രീയ സാഹചര്യം ഉരുത്തിരിഞ്ഞ് വന്നതിന്റെ അടിസ്ഥാനത്താലാണ്. അത് സംബന്ധമായ ചര്‍ച്ചകളും പി.കെ കുഞ്ഞാലിക്കുട്ടി സാഹിബുള്പ്പെടെയുള്ളവരുമായി നടത്തിയ ഫോണ്‍ വിളികളുമെല്ലാം മഹാനായ തങ്ങള്‍ തന്നെ വിശദീകരിച്ചതാണ്. അഭിവന്ദ്യരായ സമസ്ത പ്രസിഡണ്ട് ഒരു ആഹ്വാനം നല്‍കിയതിന് ശേഷം ഏത് വ്യാഖ്യാനത്തിന്റെ പേരിലായാലും അതിന് മറികടക്കുക എന്നത് ഉത്തരവാദിത്വമുള്ള ഒരു സമസ്ത പ്രവര്ത്തകന് ഭൂഷണമല്ല എന്ന് വിശ്വസിക്കുന്നയാളാണ് ഞാന്‍ . മഹാനായ സയ്യിദുല്‍ ഉലമ അത്തരം ഒരു ആഹ്വാനം നടത്തുന്നതിന് ഒരാഴ്ച മുമ്പ് ഞാന്‍ നടത്തിയ പ്രസംഗത്തെ ഉയര്‍ത്തിക്കാട്ടി പി.എം. എ. സലാം സാഹിബ് പത്രസമ്മേളനം നടത്തിയത് ശ്രദ്ധയില്‍ പെട്ടത് കൊണ്ടാണ് ഇങ്ങനെ എഴുതിയത്.. വസ്തുതകളറിയുന്ന ആരോടെങ്കിലും ചോദിച്ചിട്ട് മതിയായിരുന്നു ഇക്കാര്യത്തെ ക്കുറിച്ചുള്ള പരാമര്‍ശം. സ്വകാര്യമായി അദ്ദേഹത്തെ മാത്രം വിളിച്ചു പറഞ്ഞാലും ഈ പത്രസമ്മേളനം ഉയര്‍ത്തി വിട്ട തെറ്റിദ്ധാരണ തീരില്ലായെന്ന് മനസ്സിലാക്കിയത് കൊണ്ടാണ് ഇങ്ങനെ പരസ്യമായി എഴുതിയത്' ഓണമ്പള്ളി മുഹമ്മദ് ഫൈസി പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..