കുഞ്ഞാലിക്കുട്ടിയുടെ പാനലിനെ വെട്ടി; മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റി പിടിച്ച് ഷാജി പക്ഷം


മുഹമ്മദ് ഷഹീദ്/ മാതൃഭൂമി ന്യൂസ്

3 min read
Read later
Print
Share

എം.കെ. മുനീറും ഇ.ടി. മുഹമ്മദ് ബഷീറും കെ.എം. ഷാജിക്കൊപ്പം നിന്നു. ഷാജിയുടെ പാനല്‍ വരട്ടേയെന്ന് പാണക്കാട് സാദിഖലി തങ്ങളും നിലപാടെടുത്തു

പി.കെ. കുഞ്ഞാലിക്കുട്ടി, കെ.എം. ഷാജി | Photo: Mathrubhumi

കോഴിക്കോട്: മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി തിരഞ്ഞെടുപ്പില്‍ പി.കെ. കുഞ്ഞാലിക്കുട്ടി പക്ഷത്തെ അട്ടിമറിച്ച് കെ.എം. ഷാജി പക്ഷം. ഷാജി പക്ഷം നിലപാടില്‍ ഉറച്ച് നിന്നതോടെ കുഞ്ഞാലിക്കുട്ടി പക്ഷത്തിന് ഭാരവാഹിത്വത്തിലേക്ക് നിര്‍ദ്ദേശിച്ച ആളുകളെ പിന്‍വലിക്കേണ്ടിവന്നു. ഒത്തുതീര്‍പ്പ് നീക്കം വിജയിക്കാതെ വന്നതോടെ എം.എ. റസാഖിനെ പ്രസിഡന്റായും ടി.ടി. ഇസ്മയിലിനെ ജനറല്‍ സെക്രട്ടറിയായും തിരഞ്ഞെടുത്തു. സൂപ്പി നരിക്കാട്ടേരിയാണ് ട്രഷറര്‍.

കുറ്റ്യാടി മുന്‍ എം.എല്‍.എ. പാറക്കല്‍ അബ്ദുള്ളയെ പ്രസിഡന്‍റ് സ്ഥാനത്തേക്കും സൂപ്പി നരിക്കാട്ടേരിയെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കും കുഞ്ഞാലിക്കുട്ടിയുടെ നിര്‍ദ്ദേശിച്ചിരുന്നു. ഇത് അംഗീകരിക്കാനാവില്ലെന്ന് ഷാജി പക്ഷം നിലപാടെടുത്തു. പ്രസിഡന്റായി എം.എ. റസാഖും ജനറല്‍ സെക്രട്ടറിയായി ടി.ടി. ഇസ്മയിലുമുള്ള പാനല്‍ ഷാജി പക്ഷം മുന്നോട്ടുവെച്ചു. ഇതോടെ തര്‍ക്കമായി. ഒത്തുതീര്‍പ്പിനായി ലീഗ് സംസ്ഥാന സമിതി ഓഫീസായ കോഴിക്കോട് ലീഗ് ഹൗസില്‍ നേതാക്കളുടെ നീണ്ട ചര്‍ച്ചകള്‍ നടന്നു.

ചര്‍ച്ചയില്‍ വിട്ടുവീഴ്ചയ്ക്ക് കുഞ്ഞാലിക്കുട്ടി തയ്യാറായി. ടി.ടി. ഇസ്മയിലിനെ ജനറല്‍ സെക്രട്ടറിയാക്കാമെന്നും എന്നാല്‍ പാറക്കല്‍ അബ്ദുള്ളയെ പ്രസിഡന്റാക്കണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യമുന്നയിച്ചു. ഇതും അംഗീകരിക്കാന്‍ എതിര്‍പക്ഷം തയ്യാറായില്ല. എം.കെ. മുനീറും ഇ.ടി. മുഹമ്മദ് ബഷീറും കെ.എം. ഷാജിക്കൊപ്പം നിന്നു. മത്സരിക്കുമെന്ന് ഈ പക്ഷം ഭീഷണിമുഴക്കിയതോടെ പൂര്‍ണ്ണമായും കീഴടങ്ങാന്‍ കുഞ്ഞാലിക്കുട്ടി പക്ഷം നിര്‍ബന്ധിതമാവുകയായിരുന്നു. ഷാജിയുടെ പാനല്‍ വരട്ടേയെന്ന് പാണക്കാട് സാദിഖലി തങ്ങളും നിലപാടെടുത്തു. ഇതോടെ, ക്ഷുഭിതനായാണ് കുഞ്ഞാലിക്കുട്ടി ലീഗ് ഹൗസില്‍ നിന്ന് മടങ്ങിയത്.

കുഞ്ഞാലിക്കുട്ടിയുമായി കുറച്ചുകാലമായി അകലത്തിലുള്ള എം.എ. റസാഖ് നിലവില്‍ ഷാജി പക്ഷത്തിനൊപ്പമാണ്. കെ- റെയില്‍ വിരുദ്ധസമരസമിതിയുടെ ജില്ലാ ചെയര്‍മാനായ ടി.ടി. ഇസ്മയില്‍ കുഞ്ഞാലിക്കുട്ടി വിരുദ്ധപക്ഷക്കാരനായാണ് അറിയപ്പെടുന്നത്. തട്ടകമായ കണ്ണൂരിലേറ്റ തിരിച്ചടിക്ക് കോഴിക്കോട് മറുപടി നല്‍കാന്‍ സാധിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഷാജി പക്ഷം. ലീഗ് സംസ്ഥാന സമിതിയെ തിരഞ്ഞെടുക്കാനുള്ള കൗണ്‍സില്‍ യോഗം മാര്‍ച്ച് നാലിനാണ്. ജില്ലാ കമ്മിറ്റിയില്‍ പയറ്റിത്തെളിഞ്ഞ തന്ത്രങ്ങള്‍ സംസ്ഥാന കൗണ്‍സിലിലും പ്രയോഗിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഷാജി.

മറ്റു ഭാരവാഹികള്‍

കെ.എ. ഖാദര്‍, അഹമ്മദ് പുന്നക്കല്‍, എന്‍.സി. അബൂബക്കര്‍, പി. അമ്മദ്, എസ്.പി. കുഞ്ഞമ്മദ്, പി. ഇസ്മയില്‍, വി.കെ.സി. ഉമ്മര്‍ മൗലവി (വൈസ് പ്രസിഡന്റുമാര്‍), സി.പി.എ. അസീസ്, വി.കെ. ഹുസൈന്‍കുട്ടി, ഒ.പി. നസീര്‍, എ.വി. അന്‍വര്‍, എ.പി. അബ്ദുല്‍മജീദ്, എം. കുഞ്ഞാമുട്ടി, കെ.കെ. നവാസ് (സെക്രട്ടറിമാര്‍).

കഴിഞ്ഞ കമ്മിറ്റിയിലെ ജനറല്‍ സെക്രട്ടറിയാണ് കൊടുവള്ളി കിഴക്കോത്ത് സ്വദേശിയായ എം.എ. റസാഖ്. കോഴിക്കോട് സി.എച്ച്. സെന്റര്‍ ജനറല്‍ സെക്രട്ടറിയുമാണ്. 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കൊടുവള്ളിയില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നു. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

പി.എസ്.സി. അംഗമായിരുന്ന ടി.ടി. ഇസ്മയില്‍ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പാര്‍ട്ടി പദവിയില്‍ തിരിച്ചെത്തുന്നത്. കൊയിലാണ്ടി വെങ്ങളം സ്വദേശിയാണ്. നേരത്തെ ജില്ലാ ട്രഷററായിരുന്നു. കെ- റെയില്‍വിരുദ്ധ സമരസമിതി ജില്ലാചെയര്‍മാനാണ്. സൂപ്പി നരിക്കാട്ടേരി നിലവില്‍ നാദാപുരം മണ്ഡലം പ്രസിഡന്റാണ്. ജില്ലാ ട്രഷററായതോടെ മണ്ഡലം പ്രസിഡന്റ് സ്ഥാനം രാജിവെക്കേണ്ടിവരും. സ്ഥാനമൊഴിഞ്ഞ ജില്ലാപ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാല സംസ്ഥാനഭാരവാഹി ആയേക്കും. ട്രഷറര്‍ ആയിരുന്ന പാറക്കല്‍ അബ്ദുള്ളയെയും സംസ്ഥാന നേതൃത്വത്തില്‍ കൊണ്ടുവരണമെന്ന അഭിപ്രായം പാര്‍ട്ടിക്കുള്ളിലുണ്ട്.

പ്രാതിനിധ്യമില്ല, പ്രതിഷേധം

ഭാരവാഹികളെ കണ്ടെത്താന്‍ ചേര്‍ന്ന മുസ്ലിം ലീഗ് ജില്ലാകൗണ്‍സില്‍ യോഗം ബഹളത്തില്‍ മുങ്ങി. പുതിയ ഭാരവാഹികളുടെ പാനല്‍ അവതരിപ്പിച്ചപ്പോഴാണ് വലിയ തോതില്‍ പ്രതിഷേധമുണ്ടായത്. ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി ഇടപെട്ടിട്ടും പ്രതിഷേധം തണുപ്പിക്കാനാവാതെവന്നതോടെ ഭാരവാഹികളുടെ പട്ടിക അംഗീകരിച്ച് യോഗം അരമണിക്കൂറിനുള്ളില്‍ പിരിഞ്ഞു.

ഭാരവാഹികളുടെ പാനല്‍ തയാറാക്കിയിട്ടുണ്ടെന്നും അതിന് പാണക്കാട് സാദിഖലി തങ്ങളുടെ അംഗീകാരമുണ്ടെന്നും പി.കെ. കുഞ്ഞാലിക്കുട്ടി നല്‍കിയ മുഖവുരയ്ക്കുശേഷം അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസറായ പി. അബ്ദുള്‍ഹമീദ് പാനല്‍ വായിച്ചപ്പോഴാണ് പ്രതിഷേധമുയര്‍ന്നത്.

വടകര, നാദാപുരം മണ്ഡലങ്ങളില്‍നിന്നുള്ള പ്രതിനിധികളാണ് ബഹളംവെച്ചത്. വടകര മണ്ഡലത്തിന് ജില്ലാ കമ്മിറ്റിയില്‍ പ്രാതിനിധ്യമില്ലെന്നതായിരുന്നു അവിടെനിന്നുള്ളവരുടെ പ്രശ്‌നം.

നിലവില്‍ നാദാപുരം മണ്ഡലം പ്രസിഡന്റായ സൂപ്പി നരിക്കാട്ടേരിയെ ജില്ലാട്രഷറര്‍ സ്ഥാനത്തേക്ക് പരിഗണിച്ചതും പ്രതിഷേധത്തിനിടയാക്കി. ബഹളം അവസാനിപ്പിക്കണമെന്നും പരാതികള്‍ പിന്നീട് പരിഗണിക്കാമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞെങ്കിലും പ്രതിഷേധം തണുപ്പിക്കാനായില്ല. 4.15-ന് തുടങ്ങിയ യോഗം ഇതോടെ 4.45-ന് പിരിഞ്ഞു.

റിട്ടേണിങ് ഓഫിസര്‍ ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ., അസി. റിട്ടേണിങ് ഓഫിസര്‍മാരായ പി. അബ്ദുല്‍ഹമീദ് എം.എല്‍.എ., എം. റഹ്മത്തുള്ള, ഡോ. എം.കെ. മുനീര്‍ എം.എല്‍.എ., സംസ്ഥാന ജനറല്‍സെക്രട്ടറി പി.എം.എ. സലാം, സംസ്ഥാന വൈസ് പ്രസിഡന്റ് എം.സി. മായിന്‍ ഹാജി, സെക്രട്ടറി സി.പി. ചെറിയ മുഹമ്മദ് തുടങ്ങിയവരും യോഗത്തിലുണ്ടായിരുന്നു.

Content Highlights: muslim league kozhikode district committee pk kunhalikutty km shaji panel wins

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
veena george

1 min

പുതുതായി ഒറ്റ മെഡിക്കല്‍ കോളേജ് പോലുമില്ല, കേന്ദ്രത്തിന്റേത് കേരളം ഇന്ത്യയിലല്ലെന്ന സമീപനം- മന്ത്രി

Jun 9, 2023


rajeev chandrasekhar

കെ-ഫോണിൽ ചൈനീസ് കമ്പനിയുമായുള്ള ഇടപാട് സംശയകരം, സാഹചര്യം വ്യക്തമാക്കണം- കേന്ദ്രമന്ത്രി

Jun 9, 2023


vidya

1 min

വഴിവിട്ട സഹായം, സംവരണ അട്ടിമറി; വിദ്യയുടെ പിഎച്ച്.ഡി പ്രവേശനം കാലടി സര്‍വകലാശാല പുനഃപരിശോധിക്കും

Jun 8, 2023

Most Commented