കോഴിക്കോട്: മൂന്നാം സീറ്റെന്ന ആവശ്യത്തിന് സമസ്തയടക്കം നിലപാട് കടുപ്പിച്ചതിന് പിന്നാലെ കോണ്‍ഗ്രസ് നേതൃത്വത്തെ കൂടുതല്‍ സമ്മര്‍ദത്തിലാക്കാന്‍ ലീഗ് നേതൃത്വം. വടകരയോ വയനാടോ കാസര്‍കോടോ സീറ്റില്‍ കൂടി മത്സരിക്കണമെന്നാണ് ലീഗിനുള്ളിലെ ആവശ്യം. സീറ്റ് ചോദിക്കുന്നതില്‍ തെറ്റില്ലെന്ന് കഴിഞ്ഞ ദിവസം കുഞ്ഞാലിക്കുട്ടിയും അര്‍ഹതയുണ്ടെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദും അഭിപ്രായപ്പെട്ടതിന് പിന്നാലെ കെ.പി.സി.സി പ്രചാരണ സമിതി അധ്യക്ഷന്‍ കെ.മുരളീധരനും ലീഗിന്റെ ആവശ്യത്തെ പിന്തുണച്ച് ശനിയാഴ്ച രംഗത്ത് വന്നിരുന്നു.
ലീഗ് മൂന്നാം സീറ്റ് ചോദിക്കുന്നതില്‍ തെറ്റില്ലെന്നും കാസര്‍കോടും വടകരയും മുമ്പ് നല്‍കിയിട്ടുണ്ടെന്നുമാണ് ശനിയാഴ്ച കെ.മുരളീധരന് കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞത്. സീറ്റിന്റെ പേരില്‍ ഒരു തര്‍ക്കവും യുഡിഎഫില്‍ ഉണ്ടാവില്ല. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഏറ്റവും വലിയ കക്ഷിയെയാണ് സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കുക. അതിനാല്‍ കോണ്‍ഗ്രസിന് പരമാവധി സീറ്റ് ലഭിക്കേണ്ടതുണ്ട്. എങ്കിലും ഈ പാര്‍ട്ടികളുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. മോദിയെ പിന്തുണക്കുന്ന ഒരു എം.പിയും കേരളത്തില്‍ നിന്ന് ഉണ്ടാവില്ലെന്നുറപ്പാക്കും. സ്ഥാനാര്‍ഥി ചര്‍ച്ച നടന്നിട്ടില്ലെന്നും സിറ്റിംഗ് എം.എല്‍.എ മാര്‍ മത്സരിക്കുന്ന കാര്യം ഹൈക്കമാന്റ് തീരുമാനിക്കുമെന്നും മുരളീധരന് പറഞ്ഞു. സിറ്റിംഗ് എം.പിമാര്‍ക്ക് മുന്‍ഗണന നല്‍കും. മുതിര്‍ന്ന എം.പിമാരേയും ആവശ്യമുണ്ടെന്നും മുരളി കോഴിക്കോട് പറഞ്ഞു.
ലീഗിന്റെ ശക്തിയില്‍ കോണ്‍ഗ്രസിന് വിജിയിച്ച് കയറാന്‍ കഴിയുന്ന പ്രധാന സീറ്റുകളിലൊന്നാണ് വയനാട്. കാസര്‍കോടും വിജയപ്രതീക്ഷയുണ്ട്. കഴിഞ്ഞ തവണ മുല്ലപ്പള്ളി വിജയിച്ച് കയറിയ വടകരയിലും ഒരു കൈ നോക്കാമെന്നാണ് ലീഗ് നേതൃത്വം കരുതുന്നത്. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷങ്ങളെ പരമാവധി തങ്ങളിലേക്കടുപ്പിച്ച് വോട്ട് പെട്ടിയിലാക്കാനുള്ള പദ്ധതികളുമായി എല്‍.ഡി.എഫ് നേതൃത്വം മുന്നോട്ട് പോവുന്ന സാഹചര്യത്തിലാണ് മൂന്നാമത് സീറ്റ് എന്ന ആവശ്യം ലീഗിനുള്ളില്‍ ഉയരുന്നത്. ഇത് സംബന്ധിച്ച് നേതാക്കള്‍ കൃത്യമായി മറുപടി പറയുന്നില്ലെങ്കിലുംം ചോദിക്കുമെന്നും ചോദിക്കില്ലെന്നും ഇപ്പോള്‍ പറയുന്നില്ല എന്ന് പറഞ്ഞ് ഒഴിഞ്ഞ് മാറുകയാണ് ചെയ്യുന്നത്.
സീറ്റ് അധികം നല്‍കണമെന്ന ആവശ്യം കേരള കോണ്‍ഗ്രസ് ഇപ്പോള്‍ മുന്നോട്ട് വെച്ചിട്ടുണ്ട്. ഈയൊരു സാഹചര്യത്തിലാണ് മൂന്നാം സീറ്റെന്ന വാദത്തില്‍ ലീഗ് ഉറച്ച് നില്‍ക്കുമെന്ന സൂചന നേതാക്കള്‍ നല്‍കുന്നത്. കഴിഞ്ഞയാഴ്ച രാഹുല്‍ഗാന്ധി കൊച്ചിയില്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച് കൊണ്ടുള്ള പരിപാടിയിലും ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു.
മൂന്നാം സീറ്റ് സംബന്ധിച്ച് ചോദിക്കണോ വേണ്ടന്നോയുള്ള കാര്യത്തില്‍ പാര്‍ട്ടിയില്‍ ധാരണയായിട്ടില്ലെന്നാണ് കഴിഞ്ഞയാഴ്ച കോഴിക്കോട് കെ.പി.എ മജീദ് പ്രതികരിച്ചത്. എന്നാല്‍ സമസ്ത അടക്കമുള്ള സംഘടനകള്‍ മൂന്നാം സീറ്റെന്ന ആവശ്യത്തിന് ലീഗിനെ നിര്ബന്ധിക്കുമ്പോള് അതിനെ അവഗണിക്കാനും ലീഗ് നേതൃത്വത്തിന് സാധിക്കില്ല. നിലവില്‍ പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീര്‍ എന്നിവരാണ് ലീഗിന്റെ പാര്‍ലമെന്റ് അംഗങ്ങള്‍.