പി.കെ.കുഞ്ഞാലിക്കുട്ടി |ഫോട്ടോ:മാതൃഭൂമി (Photo: :മാതൃഭൂമി)
കൊച്ചി: ലീഗ് നേതൃയോഗത്തില്‍ നേതാക്കള്‍ക്കെതിരേ രൂക്ഷവിമര്‍ശനം. യോഗത്തില്‍ വിമര്‍ശനം ഉണ്ടാകുമെന്ന് ഉറപ്പുള്ളതിനാല്‍, മാധ്യമശ്രദ്ധ ഒഴിവാക്കാന്‍ കൊച്ചിയിലാണ് നേതൃയോഗം ചേര്‍ന്നത്. പാര്‍ട്ടിപത്രമായ ചന്ദ്രികയുടെ വീണ്ടെടുപ്പായിരുന്നു അജന്‍ഡകളില്‍ പ്രധാനം.
പത്രത്തിനായി പിരിക്കുന്ന പണം എങ്ങോട്ടു പോകുന്നുവെന്നതായിരുന്നു യോഗത്തില്‍ ഉയര്‍ന്ന പ്രധാന ചോദ്യം. പത്രത്തിന്റെ കാര്യത്തില്‍ പാര്‍ട്ടി നേതൃത്വം ശ്രദ്ധിക്കാതിരുന്നതാണ് ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്കെല്ലാം കാരണം. സമുദായത്തിന്റെ ഫണ്ട് ധൂര്‍ത്തടിക്കുന്ന സ്ഥിതി ഉണ്ടാവരുത്.
ചന്ദ്രികയുടെ വരവുചെലവുകണക്കുകള്‍ പാര്‍ട്ടി ഉന്നതാധികാര സമിതി കൃത്യമായി പരിശോധിക്കണം. ഹദിയഫണ്ട് ശേഖരണം വലിയ വിജയമായി നേതാക്കള്‍ പറയുമ്പോഴും പല കമ്മിറ്റികളും ക്വാട്ട തികച്ചില്ലെന്നത് വലിയ വിമര്‍ശനത്തിന് ഇടയാക്കി. ഫണ്ട് പിരിവില്‍ വീഴ്ച വരുത്തിയ കമ്മിറ്റികള്‍ക്കെതിരേയും നേതാക്കള്‍ക്കെതിരേയും രൂക്ഷമായ ഭാഷയില്‍തന്നെ വിമര്‍ശനം ഉയര്‍ന്നു.
അതേസമയം, ഫണ്ട്പിരിവ് വലിയ വിജയമായിരുന്നുവെന്നും ചന്ദ്രികയുടെ കടബാധ്യതകള്‍ തീര്‍ക്കാന്‍ ഫണ്ട് വിനിയോഗിക്കുമെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാം പുറത്തുവന്ന് മാധ്യമങ്ങളോട് പറഞ്ഞു.
യോഗത്തില്‍ മുതിര്‍ന്ന നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയെ ഉന്നംവെച്ചുകൊണ്ടായിരുന്നു വിമര്‍ശനം കൂടുതലും. ലീഗിന്റെ ഇപ്പോഴത്തെ രാഷ്ട്രീയത്തിലും പ്രവര്‍ത്തകസമിതിയില്‍ അംഗങ്ങള്‍ സംശയം പ്രകടിപ്പിച്ചു.
ലീഗ് ഏത് മുന്നണിയിലാണെന്ന് പ്രവര്‍ത്തകര്‍ക്ക് ആശയക്കുഴപ്പം ഉണ്ടാക്കുന്ന വിധത്തിലാണ് നേതാക്കള്‍ ഇടപെടുന്നത്. സംസ്ഥാന സര്‍ക്കാരിനെതിരേ ശക്തമായ വിമര്‍ശനം ഉന്നയിക്കാന്‍ പലര്‍ക്കും മടിയാണ്. ലീഗ് ജില്ലാ കണ്‍വെഷനുകളില്‍ പ്രസംഗിച്ചവര്‍ സംസ്ഥാന സര്‍ക്കാരിനെതിരേ മൃദുസമീപനമാണ് സ്വീകരിച്ചത്.
വിമര്‍ശനം രൂക്ഷമായപ്പോള്‍ പി.കെ. കുഞ്ഞാലിക്കുട്ടിയെ അനുകൂലിക്കുന്ന ചില നേതാക്കള്‍ പ്രതിരോധിക്കാനായി രംഗത്തുവന്നു.
ചേരിതിരിഞ്ഞ് വിമര്‍ശനത്തിലേക്ക് പോയപ്പോള്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചിരുന്ന പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നേതാക്കളെ അനുനയിപ്പിച്ചു. യോഗത്തില്‍ വ്യക്തിപരമായ വിമര്‍ശനങ്ങള്‍ ഉണ്ടായില്ലെന്നും പാര്‍ട്ടിയെ സംബന്ധിക്കുന്ന പൊതുവിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടക്കുന്നത് സ്വാഭാവികമാണെന്നുമായിരുന്നു നേതൃത്വം മാധ്യമങ്ങളോട് വിശദീകരിച്ചത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..