മുസ്‌ലിംലീഗ് ജില്ലാ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട പി. അബ്ദുൾഹമീദ് എം.എൽ.എ.യെ സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ അഭിനന്ദിക്കുന്നു. ജില്ലാ പ്രസിഡന്റായി തുടരുന്ന പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ, ദേശീയ ജനറൽസെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ., സംസ്ഥാന ജനറൽസെക്രട്ടറിയുടെ ചുമതല വഹിക്കുന്ന പി.എം.എ. സലാം എന്നിവർ സമീപം
മലപ്പുറം: മുസ്ലിം സമുദായത്തിന്റെ ആത്മീയ -രാഷ്ട്രീയ ആചാര്യന്‍ പാണക്കാട് പൂക്കോയ തങ്ങളുടെയും ഖദീജ ഇമ്പിച്ചിബീവിയുടെയും മകനാണ് ജില്ലയില്‍ പാര്‍ട്ടിയെ നയിക്കാന്‍ വീണ്ടും നിയോഗിക്കപ്പെട്ട പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍. സൗമ്യന്‍. നീട്ടിവലിച്ച പ്രസംഗമില്ല. ഏത് സന്നിഗ്ധാവസ്ഥയിലും പൂര്‍വികര്‍ കാട്ടിയ സമാധാനത്തിന്റെ പാത മുമ്പിലുണ്ടല്ലോ എന്ന് സ്വയം ആശ്വസിച്ച് സഹപ്രവര്‍ത്തകരെയും ധൈര്യപ്പെടുത്തുന്ന പ്രകൃതം.
പാര്‍ട്ടിയില്‍ അംഗത്വം കിട്ടയതെപ്പോള്‍ എന്ന് ചോദിക്കുന്നവരോട് 'ജന്മനാ ഞാന്‍ ലീഗുകാരനാണല്ലോ' എന്ന് പുഞ്ചിരിക്കും. പാണക്കാട് വാര്‍ഡ് പ്രസിഡന്റും മലപ്പുറം നഗരസഭാ കമ്മിറ്റി പ്രസിഡന്റും മണ്ഡലം പ്രസിഡന്റുമായിരുന്ന അദ്ദേഹം സഹോദരന്‍ സാദിഖലി തങ്ങളുടെ പിന്‍ഗാമിയായാണ് ജില്ലാ പ്രസിഡന്റിന്റെ പദവിയിലെത്തിയത്.
ലീഗ് സംസ്ഥാനപ്രസിഡന്റായിരുന്ന ഹൈദരലി തങ്ങള്‍ അന്തരിച്ചപ്പോള്‍ സാദിഖലി തങ്ങള്‍ ജില്ലാ പദവി ഒഴിഞ്ഞ് സംസ്ഥാന നേതൃത്വത്തിലേക്ക് ഉയരുകയായിരുന്നു. ഏഴുലക്ഷത്തോളം വരുന്ന ജില്ലയിലെ അംഗങ്ങളെ നയിക്കുക എന്ന ഭാരിച്ച ചുമതലയാണ് ഒരു വര്‍ഷമായി അബ്ബാസലി തങ്ങള്‍ വഹിച്ചുവന്നത്. അതു തുടരാന്‍ പാര്‍ട്ടി നിര്‍ദേശിച്ചിരിക്കുന്നു. ഭാര്യ: സജ്ന. മക്കള്‍: റാജിഹ്, റമസാന്‍, സിദിഖ്, ആഹില്‍, ഹില്യ.
അബ്ദുള്‍ഹമീദ് രണ്ടാംതവണ
രണ്ടാംതവണ വള്ളിക്കുന്ന് നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന പുളിയക്കുത്ത് അബ്ദുള്‍ഹമീദ് എന്ന എഴുപത്തിനാലുകാരന്‍ രണ്ടാംതവണയാണ് ലീഗ് ജില്ലാ ജനറല്‍സെക്രട്ടറിയാകുന്നതും. നേരത്തെ സാദിഖലി തങ്ങള്‍ ജില്ലാ പ്രസിഡന്റായിരുന്നപ്പോള്‍ ജനറല്‍ സെക്രട്ടറിയായിരുന്നു. വള്ളിക്കുന്നില്‍ മത്സരിക്കാന്‍ പാര്‍ട്ടി നിര്‍ദേശിച്ചതിനെത്തുടര്‍ന്ന് രാജിവെച്ചതാണ്. പട്ടിക്കാട്ടെ കുഞ്ഞാലി മാഷിന്റെയും പാത്തുമ്മയുടെയും മകനായ അബ്ദുള്‍ ഹമീദ് ശാഖാ പ്രസിഡന്റായിട്ടാണ് തുടക്കം.
1980-ല്‍ യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റായി. പോലീസ് വെടിവെപ്പില്‍ മൂന്നുപേര്‍ മരിച്ച ഭാഷാ സമരം നടക്കുമ്പോള്‍ ഇദ്ദേഹമാണ് പ്രസിഡന്റ്. പിന്നീട് പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി. പട്ടിക്കാട് പഞ്ചായത്ത് പ്രസിഡന്റും പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും 17 വര്‍ഷം ജില്ലാ ബാങ്ക് പ്രസിഡന്റുമായിരുന്നു. ഭാര്യ: റഷീദ. മക്കള്‍: ഷഹര്‍ബാന്‍, ഷാഹിദ, ഷഫ്ന.
ആലംകോട് കോക്കൂര്‍ സ്വദേശിയാണ് പുതിയ ഖജാന്‍ജിയായി തിരഞ്ഞെടുക്കപ്പെട്ട അഷ്റഫ് കോക്കൂര്‍ എന്ന അറുപത്തഞ്ചുകാരന്‍. എം.എസ്.എഫ്. യൂണിറ്റ് പ്രസിഡന്റായി രാഷ്ട്രീയ രംഗത്തുവന്നു. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റും എം.എസ്.എഫ്. ജില്ലാ സെക്രട്ടറിയുമായിരുന്നു.
ഏഴ് വൈസ് പ്രസിഡന്റുമാര്‍, ആറ് സെക്രട്ടറിമാര്‍
സംസ്ഥാന നേതാക്കളുടെ സാന്നിധ്യത്തില്‍ നടന്ന ജില്ലാ കൗണ്‍സില്‍ യോഗത്തില്‍ ലീഗിന് ഏഴ് വൈസ് പ്രസിഡന്റുമാരെയും ആറ് സെക്രട്ടറിമാരെയും തിരഞ്ഞടുത്തു. നേരത്തെയുണ്ടായിരുന്ന ജോയിന്റ് സെക്രട്ടറി പദവി ഒഴിവാക്കി. പകരം സെക്രട്ടറിമാരായി. ദളിത് ലീഗ് സംസ്ഥാന ജനറല്‍സെക്രട്ടറിയും മുന്‍ ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റുമായ എ.പി. ഉണ്ണികൃഷ്ണനെ സെക്രട്ടറിയാക്കി. ആദ്യമായാണ് ജില്ലാ ഭാരവാഹികളില്‍ ദളിത് പ്രാതിനിധ്യം ഉണ്ടാകുന്നത്. അതേസമയം, വനിതാ ഭാരവാഹികള്‍ ആരും ഇല്ല. നാനൂറംഗങ്ങള്‍ക്ക് ഒരാള്‍ എന്ന തോതില്‍ 1,700 അംഗ ജില്ലാ കൗണ്‍സിലും നിലവില്‍വന്നു.
വൈസ് പ്രസിഡന്റുമാര്‍: ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായില്‍ മൂത്തേടം, എം.കെ. ബാവ, എം.എ. ഖാദര്‍, ഉമര്‍ അറയ്ക്കല്‍, പി. സൈതലവി, ബി.എസ്.എച്ച്. തങ്ങള്‍, കുഞ്ഞാപ്പുഹാജി തുവൂര്‍.
സെക്രട്ടറിമാര്‍: നൗഷാദ് മണ്ണിശ്ശേരി, കെ.എം. ഗഫൂര്‍, അന്‍വര്‍ മുള്ളമ്പാറ, എം.എം.എ. സമീര്‍, അഡ്വ. പി.പി. ആരിഫ്, എ.പി. ഉണ്ണികൃഷ്ണന്‍.
യോഗം സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനംചെയ്തു. എം.പി.മാരായ ഇ.ടി. മുഹമ്മദ് ബഷീര്‍, എം.പി. അബ്ദുള്‍ സമദ് സമദാനി, പി.വി. അബ്ദുള്‍ വഹാബ്, ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.എല്‍.എ. തുടങ്ങിയവര്‍ സംസാരിച്ചു.
Content Highlights: muslim league, formed committee, malappuram
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..