മലപ്പുറം: രാമക്ഷേത്ര നിര്‍മാണ വിഷയം എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളുടെ ആശംസാ പ്രസ്താവനകളോടെ വീണ്ടും സജീവ ചര്‍ച്ചയായെങ്കിലും വിഷയത്തില്‍ സംയമനം പാലിച്ച് മുന്നോട്ട് പോവുകയാണ് മുസ്‌ലിം ലീഗ് നേതൃത്വം. ഭൂമി പൂജ ദേശീയ ഐക്യത്തിനുള്ള അവസരമാണെന്ന് പറഞ്ഞ പ്രിയങ്ക ഗാന്ധിക്കെതിരേ പ്രസ്താവന അസ്ഥാനത്തായി എന്ന ഒറ്റവരി പ്രമേയം പാസാക്കിയാണ് മലപ്പുറത്ത് ഇന്ന് നടന്ന മുസ്‌ലിം ലീഗ് ദേശീയ കമ്മിറ്റി യോഗം അവസാനിച്ചത്.

കോടതി വിധിയോടെ അവസാനിച്ച അയോധ്യാ വിഷയം വീണ്ടും കുത്തിപ്പൊക്കി ചിലരുടെ താല്‍പര്യങ്ങള്‍ക്ക്  വഴങ്ങേണ്ടെന്നാണ് യോഗത്തിന്റെ തീരുമാനം. കോടതി വിധി അംഗീകരിക്കുന്നുവെന്ന് അന്ന് തന്നെ വ്യക്തമാക്കിയതാണ്. അതുകൊണ്ട് തന്നെ വിഷയത്തില്‍ കുടുതല്‍ പ്രസ്താവന നടത്തി വഷളാക്കാനും നേതാക്കള്‍ തയ്യാറായില്ല. കോണ്‍ഗ്രസ് നേതാക്കളുടെ പ്രസ്താവനയ്‌ക്കെതിരേ ലീഗിന്റെ വോട്ട് ബാങ്കെന്ന് കരുതുന്ന സമസ്തയടക്കമുള്ളവര്‍ സുപ്രഭാതത്തില്‍ എഡിറ്റോറിയല്‍ എഴുതി നിലപാട്  വ്യക്തമാക്കിയപ്പോള്‍ വിഷയത്തില്‍ ലീഗ് പ്രതികരിച്ചിരുന്നില്ല. വോട്ടിന് വേണ്ടി മൃദുഹിന്ദുത്വ നിലപാട് സ്വീകരിക്കുന്നതില്‍ നിന്ന് കോണ്‍ഗ്രസ്  വിട്ട് നിന്നില്ലെങ്കില്‍ ശക്തമായ നിലപാട് സ്വീകരിക്കേണ്ടി വരുമെന്ന താക്കീതാണ് കഴിഞ്ഞദിവസം സമസ്ത തങ്ങളുടെ മുഖപത്രമായ സുപ്രഭാതത്തിലൂടെ നല്‍കിയത്. ഈ മുന്നറിയിപ്പില്‍ ലീഗിനും ഭീതിയുണ്ട്. തുടര്‍ന്നാണ് അടിയന്തര യോഗം ചേരാന്‍ ലീഗ് തീരുമാനിച്ചത്. 

ബാബറി മസ്ജിദ്  തകര്‍ത്തപ്പോഴും സംഘടനകളില്‍ നിന്നും മറ്റും പാര്‍ട്ടിക്ക് ഇതിലും വലിയ സമ്മര്‍ദങ്ങളെ അതിജീവിക്കേണ്ടി വന്നിരുന്നു. ലീഗ് മതേതര കാഴ്ചപ്പാടില്‍  ഊന്നിക്കൊണ്ട് അന്നെടുത്ത നിലപാട് പാര്‍ട്ടിക്ക് ഏറെ ഗുണം  ചെയ്തു. അതേ  നിലപാടില്‍ ഉറച്ച് നിന്ന് കൊണ്ട് തുടര്‍ന്നും മുന്നോട്ട് പോവാനും മറ്റ് വിഷയങ്ങള്‍ അണികളേയും സംഘടനകളേയും ബോധിപ്പിക്കാന്‍ പാര്‍ട്ടിക്ക്  കഴിയുമെന്നും ലീഗ് യോഗത്തില്‍ വിലയിരുത്തി. മുസ്‌ലിം ലീഗ് നേതാക്കളായ  പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീര്‍, കെ.പി.എ മജീദ് തുടങ്ങിയ നേതാക്കളെല്ലാം യോഗത്തില്‍ പങ്കെടുത്തു.

Content Highlights: Muslim League Ayodhya Ram Mandhir Priyanka Gandhi Vadra