കാസര്‍കോട്: കാഞ്ഞങ്ങാട് വോട്ട് ചെയ്തില്ലെന്നാരോപിച്ച് മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ കുടുംബത്തെ ആക്രമിച്ചതായി പരാതി. വോട്ടെണ്ണല്‍ ദിവസമാണ് സംഭവമുണ്ടായത്. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. 

കാഞ്ഞങ്ങാട് നഗരസഭയിലെ കല്ലുരാവി എന്ന പ്രദേശത്താണ് സംഭവം. മുസ്ലീം ലീഗിന് വലിയ ഭൂരുപക്ഷമുള്ള പ്രദേശമാണിത്. മര്‍ദ്ദിച്ചവര്‍ തന്നെയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ദൃശ്യങ്ങള്‍ ലീഗിന്റെ തന്നെ ചില ഗ്രൂപ്പുകളില്‍ പങ്കുവെയ്ക്കുകയായിരുന്നു. അവിടെ നിന്നാണ് ഇത് പുറംലോകം അറിയുന്നത്.

മുസ്ലീം ലീഗിന് വോട്ട് ചെയ്തില്ലെന്നരോപിച്ചാണ് കുടുംബത്തെ വീട്ടില്‍കയറി മര്‍ദ്ദിച്ചത്. എന്നാല്‍ സംഭവത്തില്‍  കുടുംബം പരാതി നല്‍കാന്‍ തയ്യാറായിരുന്നില്ല. ഇതോടെ എല്‍ഡിഎഫ് ഇതിനെതിരേ ഹോസ്ദുര്‍ഗ് പോലീസില്‍ പരാതി നല്‍കി. ഉബൈദ്, റംഷീദ്, ജെംഷി എന്നിവരാണ് മര്‍ദ്ദിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. 

Content Highlights: Muslim League activists attacked a family in Kanhangad