ചെന്നൈ: സംഗീത സംവിധായകന് രാജാമണി (60) അന്തരിച്ചു. ഞായറാഴ്ച രാത്രി പതിനൊന്നോടെ ചെന്നൈയിലായിരുന്നു അന്ത്യം. ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആസ്പത്രിയിലേക്ക് കൊണ്ടുപോയി. ആസ്പത്രിയില്‍ ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു.
നൂറ്റമ്പതോളം ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്നിട്ടുള്ളയാളാണ് രാജാമണി. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി എഴുന്നൂറിലേറെ ചിത്രങ്ങള്‍ക്ക് പശ്ചാത്തലസംഗീതവും പകര്‍ന്നിട്ടുണ്ട്.
പ്രശസ്ത സംഗീത സംവിധായകന് ബി എ ചിദംബരനാഥിന്റെ മകനാണ് രാജാമണി. രാജാമണിയുടെ മകന് അച്ചു രാജാമണിയും സംഗീത സംവിധായകനാണ്. ബീനയാണ് ഭാര്യ. മറ്റൊരു മകന് ആദിത്യ അഭിഭാഷകനാണ്.
ആറാം തമ്പുരാന്റെ പശ്ചാത്തല സംഗീതത്തിന് സംസ്ഥാന പുരസ്കാരവും നന്ദനം, ശാന്തം എന്നീ ചിത്രങ്ങള്‍ക്ക് ഫിലിം ക്രിട്ടിക് പുരസ്കാരവും ലഭിച്ചു. ഇന്‍ ദ നെയിം ഓഫ് ബുദ്ധ എന്ന ചിത്രത്തിന് രാജ്യാന്ത പുരസ്കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി.
ഗ്രാമത്ത് കിളികള്‍ (1983) എന്ന തമിഴ്ചിത്രത്തിലൂടെയാണ് സംഗീത സംവിധായകനായി അരങ്ങേറ്റംകുറിച്ചത്. 1985-ല്‍ പുറത്തിറങ്ങിയ നുള്ളിനോവിക്കാതെയാണ് ആദ്യ മലയാള ചിത്രം.
താരമേ (ദ ന്യൂസ്), കൂട്ടില്‍നിന്നും മേട്ടില്‍ വന്ന (താളവട്ടം), സ്വയം മറന്നുവോ (വെല്‍ക്കം ടു കൊടൈക്കനാല്‍), നന്ദകിശോര (ഏകലവ്യന്) തുടങ്ങിയവയാണ് ശ്രദ്ധേയമായ ഗാനങ്ങള്‍.
രാജാമണിയുടെ ആദ്യ മലയാള ഗാനം
രാജാമണി: അച്ഛന്റെ പാരമ്പര്യം കാത്ത മകന്
കെ.കെ. വിനോദ് കുമാര്‍
കോഴിക്കോട്: എണ്ണത്തില്‍ കുറവെങ്കിലും എല്ലാം ഓര്‍മയില്‍ തങ്ങിനില്ക്കുന്ന ഗാനങ്ങളാണ് അന്തരിച്ച സംഗീത സംവിധായകന് രാജാമണിയുടേത്. അനശ്വര സംഗീത സംവിധായകനായ ചിദംബരനാഥിന്റെ പാരമ്പര്യം കാത്ത മകന്. ''സംഗീതസംവിധാനത്തിന് ഞാന്‍ അവസരങ്ങള്‍ തേടി പോകാറില്ല. പിന്നെ ഇന്നത്തെ രീതിയിലുള്ള തട്ടുപൊളിപ്പന്‍ പാട്ടുകളോട് വലിയ താത്പര്യവുമില്ല'-' പതിനൊന്ന് ഭാഷകളിലായി എഴുപതോളം ചിത്രങ്ങള്‍ക്കുവേണ്ടി സംഗീതം നല്കിയ രാജാമണി പലപ്പോഴും പറഞ്ഞിട്ടുണ്ട്.
ചിദംബരനാഥ് തുളസി ദമ്പതിമാരുടെ ആറു മക്കളില്‍ മൂത്തവനായ രാജാമണി, സംഗീതത്തിന്റെ ബാലപാഠങ്ങള്‍ പഠിക്കുന്നത് അച്ഛനില്‍നിന്നുതന്നെ. 1969-ല്‍ അച്ഛന് തന്നെ സംഗീതം നല്കിയ 'കുഞ്ഞിക്കൂനന്' എന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് കോംഗോ ഡ്രം വായിച്ചുകൊണ്ടാണ് ഏഴാം ക്ലാസുകാരനായ രാജാമണി പിന്നണിയിലെത്തുന്നത്.
ചെന്നൈ എച്ച്.ഐ.ടി. കോളേജിലെ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയായ കാലത്തുതന്നെ ഒരു സുഹൃത്തിന്റെ അടുക്കല്‍നിന്ന് ഗിറ്റാറിലും കീബോര്‍ഡിലും പാശ്ചാത്യ സംഗീതത്തിലും പഠനം നടത്തി, അച്ഛനറിയാതെ. കാരണം അച്ഛന് കര്‍ണാടക സംഗീതത്തിലായിരുന്നു താത്പര്യം. സുപ്രിയയുടെ ഭരതന് സംവിധാനം ചെയ്ത 'ഇതാ ഇവിടെവരെ' എന്ന ചിത്രത്തില്‍ ദേവരാജന്‍ സംവിധാനം ചെയ്ത ഗാനങ്ങള്‍ക്ക് ഗിറ്റാര്‍ വായിച്ചുകൊണ്ട് രാജാമണി വീണ്ടും സിനിമാരംഗത്തെത്തി. എന്നാല്‍ മസ്കറ്റില്‍ ജോലിചെയ്യാനായിരുന്നു യോഗം. മസ്കറ്റില്‍ പോയതും ഗിറ്റാറുമായിട്ട്.
സംഗീതകുതുകിയായ രാജാമണിയില്‍ എന്തോ കമ്പം തോന്നിയ അവിടത്തെ അറബി, ഒരു സംഗീത ട്രൂപ്പ് ഉണ്ടാക്കി അതിന്റെ നേതൃത്വം ഏല്‍പ്പിച്ചു. മസ്കറ്റിലെ ജോലിയും തുടര്‍ന്നുകൊണ്ടുപോകാനായില്ല. വീണ്ടും നാട്ടില്‍ തിരിച്ചെത്തി. പല പ്രശസ്ത സംഗീത സംവിധായകര്‍ക്കും ഗിറ്റാറില്‍ പിന്നണി നല്കി. കെ. രാഘവന്, എം.കെ. അര്ജുനന്, ശ്യാം, ദക്ഷിണാമൂര്‍ത്തി തുടങ്ങിയവരുടെ മ്യൂസിക് ട്രൂപ്പിലെ ഗിറ്റാറിസ്റ്റായി രാജാമണി.
ജയചന്ദ്രനും ലതികയും നടത്തിയ ഒരു ഗാനമേള നടക്കുന്ന അവസരത്തില്‍ പ്രശസ്ത സംഗീത സംവിധായകന് ജോണ്‍സണുമായുള്ള കൂടിക്കാഴ്ച രാജാമണിയുടെ സംഗീതജീവിതത്തില്‍ വഴിത്തിരിവായി. അന്നത്തെ ഓര്‍ക്കസ്ട്ര കണ്ടക്ട് ചെയ്തിരുന്ന ജോണ്‍സനാണ് രാജാമണിയിലെ സംഗീത സംവിധായകനെ കണ്ടെത്തിയത്. ഓര്‍ക്കസ്ട്ര കണ്ടക്ട് ചെയ്യാന്‍ നിര്‍ബന്ധിച്ചതും ജോണ്‍സനായിരുന്നു.
മസ്കറ്റില്‍ നിന്നു നാട്ടില്‍ തിരിച്ചെത്തി നാലുവര്‍ഷത്തിനകം ജോണ്സണ് പകര്‍ന്നു നല്കിയ കഴിവില്‍ രാജാമണി ആദ്യമായി സ്വതന്ത്രമായി സംഗീത സംവിധാനവും പശ്ചാത്തലസംഗീതവുമൊരുക്കി. കഴിഞ്ഞമാസം ജനവരി 23-ന് ജോണ്സണ് മാഷിനെക്കുറിച്ച് മാതൃഭൂമി ബുക്സ് പുറത്തിറക്കിയ 'പൊന്നുരുകും പൂക്കാലം' എന്ന പുസ്തകത്തിന്റെ പ്രകാശനത്തിന് രാജാമണിയും എത്തിയിരുന്നു. തുടര്‍ന്ന് രാജാമണിയുടെ നേതൃത്വത്തില്‍ ജോണ്സണ് ഈണമിട്ട ഗാനങ്ങള്‍ അടങ്ങിയ സംഗീത സന്ധ്യയും അരങ്ങേറുകയുണ്ടായി..
1999-ല്‍ പുറത്തിറങ്ങിയ 'ടെററിസ്റ്റ് നെയിം ഓഫ് ബുദ്ധ' 2004-ലെ ഹിന്ദിചിത്രമായ 'ദി ബ്ലാക്ക്', ഇംഗ്ലീഷ്ചിത്രമായ സേക്രഡ് പ്ലേസ്, ഷാജി കൈലാസ് ചിത്രങ്ങളായ ആറാം തമ്പുരാന്, നരസിംഹം തുടങ്ങിയ മികച്ച ഹിറ്റുചിത്രങ്ങളിലും പശ്ചാത്തല സംഗീതം രാജാമണിയുടേതാണ്. പശ്ചാത്തല സംഗീതത്തിന് സംസ്ഥാന ചലച്ചിത്ര പുരസ്കാരമുള്‍പ്പെടെ ഒട്ടേറെ ബഹുമതികള്‍ നേടിയിട്ടുണ്ട്.
രാജാമണി: കോഴിക്കോട്ടുനിന്ന് ഉദിച്ചുയര്‍ന്ന താരം
റിന്റു ജോണ്‍
ആ ഗൃഹാതുരത്വമാകാം കിട്ടുന്ന ഇടവേളകളിലൊക്കെയും കോഴിക്കോട്ടേക്ക് ഓടിയെത്താന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്.
കോഴിക്കോട് നഗരത്തിലെ പ്രധാന ഗാനമേളാ വേദികളിലില്‍ എത്താനും തിരക്കിനിടയില്‍ രാജാമണി സമയം കണ്ടെത്തി. 'സംഗീതം അനശ്വരമാണ്. മനസ്സിനെ അത് കുളിര്പ്പിക്കണം. ബഹളമയമായ സംഗീതം ശബ്ദമലിനീകരണത്തിന് കാരണമാകും' ഇതായിരുന്നു രാജാമണി സംഗീതത്തിന് നല്‍കിയിരുന്ന നിര്‍വചനം. ശുദ്ധസംഗീതത്തോടുള്ള ആ ആരാധനയും വാത്സല്യവും സംഗീതവും തന്നെയായിരുന്നു അദ്ദേഹത്തിന്റെ സംഗീതത്തിലും നിറഞ്ഞുനിന്നിരുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..