ന്യൂഡല്‍ഹി: തൃശൂരിലെ കുട്ടനെല്ലൂരില്‍ വനിതാ ഡോക്ടര്‍ കുത്തേറ്റു മരിച്ച സംഭവത്തില്‍ പ്രതി മഹേഷിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ് അയച്ചു. ജസ്റ്റിസ് ഇന്ദിര ബാനര്‍ജി അധ്യക്ഷയായ ബെഞ്ച് ഹര്‍ജി അടുത്ത വെള്ളിയാഴ്ചത്തേക്ക് മാറ്റി. 

കുട്ടനെല്ലൂരില്‍ ഡെന്റല്‍ ക്ലിനിക് നടത്തിയിരുന്ന സോനാ ജോസിനെ സെപ്റ്റംബര്‍ 28 നാണ് മഹേഷ് കൊലപ്പെടുത്തിയത്. ഒക്ടോബര്‍ ആറിന് അറസ്റ്റിലായ മഹേഷിന് ഹൈക്കോടതി ഡിസംബര്‍ 21 ന് ജാമ്യം അനുവദിച്ചു. സ്വന്തം പിതാവിന്റെ മുന്നില്‍വെച്ചാണ് സോനയെ കൊലപ്പെടുത്തിയതെന്നും വെറും 42 ദിവസം മാത്രം ജയിലില്‍ കഴിഞ്ഞ മഹേഷിന് ഹൈക്കോടതി ജാമ്യം അനുവദിക്കുകയായിരുന്നെന്നും സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ സ്റ്റാന്റിങ് കോണ്‍സല്‍ നിഷേ രാജന്‍ ഷൊങ്കര്‍ വാദിച്ചു.

വിവാഹബന്ധം വേര്‍പെടുത്തിയ ശേഷം സോന രണ്ട് വര്‍ഷമായി കുരിയച്ചിറയിലെ ഫ്‌ലാറ്റിലായിരുന്നു താമസം. പഠനകാലത്ത് സോനയും മഹേഷും സുഹൃത്തുക്കളായിരുന്നു. പിന്നീട് മഹേഷിന്റെ നിര്‍ബന്ധത്തില്‍ കുട്ടനെല്ലൂരില്‍ ക്ലിനിക് തുടങ്ങി. ക്ലിനിക്കിന്റെ ഇന്റീരിയര്‍ ഡിസൈന്റെ നിര്‍മാണച്ചെലവു സംബന്ധിച്ചുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസ് കേസ്.

Content Highlights: Murder of lady doctor in Thrissur- Notice for cancel the bail