അറസ്റ്റിലായ സത്യഭാമയും ബഷീറും
പാലക്കാട്: കൊടുമ്പ് ആറ്റിങ്ങൽ തിരുവാലത്തൂർ പത്മാവതി (74) കൊല്ലപ്പെട്ട കേസിൽ സ്ത്രീ ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ. മോഷണത്തിനിടെ കൊലപാതകം നടത്തിയ കിണാശ്ശേരി നെല്ലിക്കുന്ന് തോട്ടുപാലം ബഷീർ (40), ആസൂത്രണത്തിൽ പങ്കാളിയാവുകയും സഹായിക്കുകയും ചെയ്ത തത്തമംഗലം തുമ്പിച്ചിറ സത്യഭാമ (33) എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും ഇവിടെ വീടുനിർമാണ ജോലിക്കുവന്ന തൊഴിലാളികളായിരുന്നു. പണത്തിനായി മാല മോഷ്ടിക്കാനുള്ള തീരുമാനമാണ് കൊലപാതകത്തിൽ കലാശിച്ചത്.
സ്റ്റേഷനിൽ വിളിച്ചുവരുത്തി ചോദ്യംചെയ്തശേഷമാണ് സത്യഭാമയെ അറസ്റ്റുചെയ്തത്. കൃത്യത്തിനുശേഷം കടന്ന ബഷീറിനെ തമിഴ്നാട്ടിലെ തുടിയല്ലൂരിൽനിന്ന് അറസ്റ്റുചെയ്തു. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ്ചെയ്തു.
ശനിയാഴ്ച ഉച്ചയ്ക്കുശേഷമായിരുന്നു സംഭവം. പത്മാവതിയുടെ മകൻ, കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥനായ അനിൽകുമാറിന്റെ വീട്ടിൽ നവീകരണജോലി നടക്കുകയാണ്. ഈ വീടിനോടു തൊട്ടുതന്നെയുള്ള പഴയവീട്ടിൽ ശനിയാഴ്ച ഉച്ചഭക്ഷണത്തിനുശേഷം വിശ്രമിക്കാൻ പോയതായിരുന്നു പത്മാവതി. രാത്രിഭക്ഷണത്തിന് മകൻ വിളിക്കാനെത്തിയപ്പോഴാണ് മരിച്ചനിലയിൽ കണ്ടത്. കഴുത്തിൽ പാട് കണ്ടതും രണ്ടരപ്പവന്റെ മാല കാണാത്തതും സംശയത്തിനിടയാക്കി. തുടർന്ന്, പോലീസിൽ അറിയിച്ചു.
അന്വേഷണത്തുടക്കം
വീടിന്റെ നവീകരണത്തിനെത്തിയ ഏഴുതൊഴിലാളികളെ കേന്ദ്രീകരിച്ചായിരുന്നു ആദ്യം പോലീസന്വേഷണം. ഇക്കൂട്ടത്തിൽ ബഷീറും സത്യഭാമയുമുണ്ടായിരുന്നു. എല്ലാവരോടും പിറ്റേന്ന് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടു.
ഇതിൽ ബഷീർ സംഭവദിവസമായ ശനിയാഴ്ച ഉച്ചയ്ക്ക് മൂന്നുമണിയോടെ ജോലി അവസാനിപ്പിച്ചു മടങ്ങിയതായി കണ്ടെത്തി. അമ്മയ്ക്കു സുഖമില്ലെന്നുപറഞ്ഞാണ് പോയത്. ബഷീറൊഴികെ എല്ലാവരും സ്റ്റേഷനിൽ ഹാജരായി. അന്വേഷണത്തിൽ, ബഷീർ തലേന്നുരാത്രിതന്നെ വീട്ടിൽനിന്നു പോയതായും അമ്മയ്ക്ക് അസുഖമെന്നത് കള്ളമാണെന്നും സ്ഥിരീകരിച്ചു. സത്യഭാമയെ ചോദ്യംചെയ്തതിൽനിന്നാണ് സംഭവത്തിന്റെ ചുരുളഴിയുന്നത്.
ഭർത്താവുമായി വേർപിരിഞ്ഞു താമസിക്കുന്ന സത്യഭാമയ്ക്ക് പ്രായപൂർത്തിയെത്താത്ത മൂന്ന് കുട്ടികളുണ്ട്. ബഷീർ പലപ്പോഴും സത്യഭാമയ്ക്കൊപ്പമാണ് താമസിച്ചിരുന്നത്.
പദ്ധതി നേരത്തെ തയ്യാറാക്കി
സത്യഭാമയും ബഷീറും വലിയ വിലവരുന്ന മൊബൈൽഫോൺ വായ്പയ്ക്ക് വാങ്ങിയിരുന്നതായി പറയുന്നു. ഇതിന്റെ ബാധ്യത അടയ്ക്കാൻ സാധിക്കാത്തതിനാൽ കുറച്ചുദിവസമായി സത്യഭാമ ബഷീറിനോട് മാല എടുക്കുന്നതിനെക്കുറിച്ച് സംസാരിച്ചിരുന്നു.
മാല വിൽക്കാൻ കഴിയുമോയെന്ന് ജൂവലറിയിലെത്തി ബഷീർ നേരത്തെ അന്വേഷിച്ചിരുന്നു. മാല വിറ്റ ചിറ്റൂരിലും കൃത്യം നടന്ന വീട്ടിലും പരിസരത്തും പ്രതികളെയെത്തിച്ച് തെളിവെടുത്തു.
മാല കണ്ടെടുത്തിട്ടില്ല. പണം സൂക്ഷിച്ചിരുന്ന ചിറ്റൂരിലെ സത്യഭാമയുടെ തെക്കേഗ്രാമത്തിലെ വാടകവീട്ടിൽനിന്ന് 40,000 രൂപയോളം കണ്ടെടുത്തു.
സത്യഭാമയുടെ കുട്ടികളെ ഞായറാഴ്ചതന്നെ പോലീസ് റെസ്ക്യൂഹോമിലേക്കു മാറ്റി. തിങ്കളാഴ്ച കുട്ടികളെ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്കുമുൻപാകെ ഹാജരാക്കി.
കൃത്യം: ബഷീർ; കാവൽ: സത്യഭാമ
ശനിയാഴ്ച ഉച്ചഭക്ഷണം കഴിഞ്ഞ് മറ്റുതൊഴിലാളികൾ വിശ്രമിക്കവേയാണ് സംഭവം. പുതിയ വീടിന്റെ ടെറസിൽനിന്ന്, മേൽക്കൂര പൊളിച്ച പഴയവീടിന്റെ ഭിത്തിയിലും ഉള്ളിലെ അലമാരയിലും ചവിട്ടിയാണ് ബഷീർ അകത്തുകടന്നത്.
മാല പൊട്ടിക്കാൻ ശ്രമിക്കുന്നതിനിടെ പത്മാവതി തടയാൻ ശ്രമിച്ചപ്പോൾ കഴുത്തിൽ തോർത്തുമുണ്ട് മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. ഈ സമയം ആരെങ്കിലും വരുന്നുണ്ടോ എന്നുനോക്കി സത്യഭാമ പുറത്ത് കാവൽനിൽക്കുകയായിരുന്നു.
കൃത്യം നടത്തി പിൻവാതിൽ തുറന്നാണ് ബഷീർ പുറത്തെത്തിയത്. വിവരം സത്യഭാമയെ അറിയിച്ച് മടങ്ങി. മറ്റുപണിക്കാരോട്, തൃശ്ശൂരിലേക്ക് പോകണമെന്നുപറഞ്ഞാണ് ബഷീർ പോയത്. ചിറ്റൂരിലെത്തിയ പ്രതി മാല അവിടത്തെ ജൂവലറിയിൽ വിറ്റു. ലഭിച്ച പണത്തിന്റെ ഒരുപങ്ക് പണികഴിഞ്ഞു വീട്ടിലെത്തിയ സത്യഭാമയെ ഏൽപ്പിച്ചു. മൊബൈൽ വാങ്ങിയതുമായി ബന്ധപ്പെട്ട കടം തീർക്കാൻ ബാക്കി ഉപയോഗിച്ചു. ബാക്കി പണവുമായി വീട്ടിലെത്തി.
എന്നാൽ, മരണകാര്യമറിഞ്ഞ് കൂടെ ജോലിചെയ്യുന്നവർ അന്വേഷിച്ചതിനെത്തുടർന്ന് സത്യഭാമയുടെ അടുെത്തത്തി ഏൽപ്പിച്ച പണത്തിൽനിന്നു കുറച്ചുവാങ്ങി കോയമ്പത്തൂരിലേക്കു പോയി. ഫോൺ ഓഫാക്കി പുതിയ സിമ്മും ഫോണും വാങ്ങിയാണ് കോയമ്പത്തൂരിലെത്തിയത്. തുടിയല്ലൂരിൽ ലോഡ്ജിൽ ഒളിവിൽ കഴിയവേ പിടിയിലായി. ചോദ്യംചെയ്യലിൽ ബഷീർ കുറ്റം സമ്മതിച്ചു.
Content Highlights: murder during theft 2 arrested
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..