കൊച്ചി:  നിയമവിദ്യാര്‍ഥിനി ക്രൂരമായി കൊലചെയ്യപ്പെട്ട കേസിലെ പ്രതി അമിറുള്‍ ഇസ്ലാമിനുള്ള ശിക്ഷ കോടതി വ്യാഴാഴ്ച വിധിക്കും. ശിക്ഷയുടെ കാര്യത്തില്‍ പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദം കോടതി ഇന്ന് കേട്ടു. അതിദാരുണമായ കൊലപാതകമാണ് നടന്നത്. നിര്‍ഭയകേസിന് സമാനമാണ്. പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. പ്രതിക്ക് കുറ്റത്തില്‍ പശ്ചാത്താപമില്ല. ഇങ്ങനെയൊരാളെ സമൂഹത്തിലേക്ക് വിടാന്‍ പറ്റില്ലെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

ഇതിനിടെ ശിക്ഷാ വിധിയുടെ വാദത്തിനിടെ പുനരന്വേഷണം ആവശ്യപ്പെട്ട് പ്രതി നല്‍കിയ ഹര്‍ജി കോടതി തള്ളി. അമീറുല്ലിന് അസമീസ് ഭാഷ മാത്രമെ അറിയുകയുള്ളുവെന്നും ആ ഭാഷ അറിയുന്നവര്‍ കേസന്വേഷിക്കണമെന്നും  അമീറുല്ലിന്റെ അഭിഭാഷകന്‍ ആളൂര്‍ ആവശ്യപ്പെട്ടു. പ്രതി പറഞ്ഞ കാര്യങ്ങളെക്കുറിച്ച് അന്വേഷിച്ചിട്ടില്ലെന്നും അത്തരം കാര്യങ്ങളും അന്വേഷിക്കേണ്ടതുണ്ടെന്നും ആളൂര്‍ ബോധിപ്പിച്ചു.

എന്നാല്‍ ഇത് കോടതി തള്ളി. നിലവില്‍ ശിക്ഷ സംബന്ധിച്ച വാദമാണ് നടക്കുന്നത്. അത് സംബന്ധിച്ച വാദമാണ് നടത്തേണ്ടതെന്നും കോടതി ഓര്‍മിപ്പിച്ചു. ശിക്ഷ സംബന്ധിച്ച അന്തിമവാദം കോടതിയില്‍ പൂര്‍ത്തിയായി. ശിക്ഷ നാളെ വിധിക്കും.

താന്‍ കുറ്റം ചെയ്തിട്ടില്ലെന്നും അവളെ കൊന്നത് ആരെന്ന് അറിയില്ലെന്നും കോടതിയില്‍ ഹാജരാകാനായി പോകുമ്പോള്‍ അമീറില്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

കൊലപാതകം, മരണകാരണമായ ബലാത്സംഗം, അതിക്രമിച്ച് കയറല്‍, അന്യായമായി തടഞ്ഞുവെയ്ക്കല്‍ എന്നീ കുറ്റങ്ങള്‍ പ്രതി ചെയ്തതായും എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കണ്ടെത്തി. പ്രോസിക്യൂഷന്‍ ആരോപിച്ച തെളിവുനശിപ്പിക്കല്‍, പട്ടികവര്‍ഗ പീഡനനിരോധന നിയമം എന്നിവ കണ്ടെത്തിയിട്ടില്ല. വധശിക്ഷവരെ ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതി ചെയ്തിരിക്കുന്നതെന്നാണ് കോടതിയുടെ കണ്ടെത്തല്‍.