തൃശൂര്‍:  കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയ മുരളീധരന് മറുപടിയുമായി കൂടുതല്‍ നേതാക്കള്‍ രംഗത്ത്. സര്‍ക്കാരിനെതിരായ പ്രതിഷേധങ്ങള്‍ തല്ലിക്കൂട്ടി ഉണ്ടാക്കേണ്ടതല്ലെന്നും ആഹ്വാനം ചെയ്യാതെ തന്നെ ജനങ്ങളില്‍ സ്വാഭാവികമായി ഉണ്ടാകേണ്ടതാണെന്നും കെ.പി.സി.സി അധ്യക്ഷന്‍ വി.എം. സുധീരന്‍ പറഞ്ഞു. 

അതേസമയം മുതിര്‍ന്ന നേതാക്കള്‍ മിതത്വം പാലിക്കണമെന്നും പ്രതിപക്ഷ പ്രവര്‍ത്തനത്തിന് പരിമിതികളുണ്ടെന്നും കെപിസിസി വൈസ് പ്രസിഡന്റ് വി.ഡി.സതീശന്‍ പ്രതികരിച്ചു. സര്‍ക്കാരിന്റെ തുടക്കത്തില്‍ ശക്തമായ സമരം വേണ്ടെന്നാണ് പാര്‍ട്ടി തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

കോണ്‍ഗ്രസില്‍ തലമുറമാറ്റം യാഥാര്‍ഥ്യമായിരിക്കുകയാണെന്നും യുഡിഎഫിനും കോണ്‍ഗ്രസിനും വലിയ പ്രതീക്ഷയുള്ള സാഹചര്യത്തില്‍ നിഷേധാത്മക നിലപാട് വേണ്ട. മുതിര്‍ന്ന നേതാക്കള്‍ കുറച്ചു കാലം കൂടി മിതത്വം പാലിക്കുന്നതാണ് നല്ലതെന്നും സതീശന്‍ പറഞ്ഞു. അതേസമയം മരളീധരന്റെ പ്രസ്താവനയ്‌ക്കെതിരെ നടപടിവേണമെന്ന ആവശ്യവുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ രംഗത്ത് വന്നിട്ടുണ്ട്.