കെ. സുധാകരനും വി.ഡി സതീശനും| photo@muraleethummarukudy
എന്തൊക്കെ കുറ്റങ്ങളും കുറകളും ഉണ്ടെങ്കിലും കോണ്‍ഗ്രസ് എന്ന പ്രസ്ഥാനം ശക്തമായി നിലനില്‍ക്കേണ്ടത് ആ പാര്‍ട്ടിയുടെ മാത്രമല്ല, രാജ്യത്തിന്റെ നന്മക്കും അത്യന്താപേക്ഷിതമാണെന്ന് യു.എന്‍ ദുരന്തലഘൂകരണ വിഭാഗം മേധാവി മുരളി തുമ്മാരുകുടി. ലോകെമമ്പാടുമുള്ള മലയാളികളുടെയും കോണ്‍ഗസ് അനുഭാവികളുടെയും സഹായത്തോടെ പുതിയ തലമുറയിലെ നേതാക്കള്‍ക്ക് മികച്ച തരത്തിലുള്ള പരിശീലനമാണ് നല്‍കേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. കേരളത്തിന് പുറത്ത് മറ്റു സംസ്ഥാനങ്ങളിലും രാജ്യങ്ങളിലും ഒരു മാസമെങ്കിലും താമസിച്ച് അവിടുത്തെ രാഷ്ട്രീയവും സംസ്‌ക്കാരവും മനസിലാക്കാനുള്ള അവസരം നല്‍കണം. ഇന്ത്യയിലും വിദേശത്തുമുള്ള ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ രണ്ടാഴ്ച മുതല്‍ മൂന്നു മാസം വരെയുള്ള വിവിധ വിഷയങ്ങളിലെ പരിശീലനം തുടങ്ങി എട്ട് നിര്‍ദേശങ്ങളാണ് അദ്ദേഹം മുന്നോട്ടുവെക്കുന്നത്
എന്നെ നേരിട്ട് അറിയാത്തവരും അറിയുന്നവരില്‍ ചിലരും ഞാന്‍ ഒരു ഇടതുപക്ഷ ചിന്താഗതിക്കാരനോ സഹയാത്രികനോ ആണെന്നാണ് ധരിച്ചിരിക്കുന്നത്. അവരെ തെറ്റ് പറയാന്‍ പറ്റില്ല. 2018 ലെ പ്രളയകാലം മുതല്‍ കേരളത്തിലെ മുഖ്യമന്ത്രിയുടെ ദുരന്ത നിവാരണ രംഗത്തെ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ചും ഈ രംഗത്ത് സര്‍ക്കാരിനെ പിന്തുണച്ചും പോസ്റ്റ് ഇടാറുണ്ട്. കൂടാതെ ഇടക്ക് 'പഴയ' കമ്മ്യുണിസ്റ്റുകാരനായ അമ്മാവനെക്കുറിച്ചും അമ്മാവനില്‍ നിന്നും രാഷ്ട്രീയത്തിന്റെ ചില പാഠങ്ങള്‍ പഠിച്ചതിനെക്കുറിച്ചും പോസ്റ്റിട്ടിട്ടുണ്ട്. എന്നാല്‍ ഇന്ന് ഞെട്ടിക്കുന്ന കുറച്ചു രഹസ്യങ്ങള്‍ ഇവിടെ വെളിപ്പെടുത്താന്‍ പോകുകയാണ്. സത്യത്തില്‍ എന്റെ കോണ്‍ഗ്രസ് ബന്ധങ്ങള്‍ കമ്മ്യുണിസ്റ്റ് പാരമ്പര്യത്തിനും മുകളിലാണ്.
എന്തൊക്കെ കുറ്റങ്ങളും കുറകളും ഉണ്ടെങ്കിലും കോണ്‍ഗ്രസ് എന്ന പ്രസ്ഥാനം ശക്തമായി നിലനില്‍ക്കേണ്ടത് ആ പാര്‍ട്ടിയുടെ മാത്രമല്ല, രാജ്യത്തിന്റെ നന്മക്കും അത്യന്താപേക്ഷിതമാണെന്ന് ഞാന്‍ കരുതുന്നു. പ്രത്യക്ഷത്തില്‍ പുതിയ പ്രസിഡന്റും പുതിയ പ്രതിപക്ഷ നേതാവുമൊക്കെയായി കോണ്‍ഗ്രസില്‍ മാറ്റങ്ങളുണ്ട്. ഡി.സി.സി. പ്രസിഡന്റുമാര്‍ പുതിയതായി വരുന്നു, മറ്റു ഭാരവാഹികള്‍ വരാന്‍ പോകുന്നു. ഇത്രയൊക്കെ മതിയോ?
ഇടക്കിടെ പ്രസിഡന്റിനെ മാറ്റിയിട്ട് എന്ത് കാര്യം? പ്രസ്ഥാനത്തില്‍ അടിമുടി മാറ്റം വരണം. ഇതിനാണ് ശ്രീ. കെ.സുധാകരന്‍ ശ്രമിക്കുന്നതെന്ന് തോന്നുന്നു. നമ്മെ ത്രസിപ്പിക്കുന്ന പ്രാസംഗികനാണ് അദ്ദേഹം. മുന്നില്‍ നിന്ന് നയിക്കുന്ന നേതാവുമാണ്. ശ്രീ. വി.ഡി.സതീശനോട്, ഉന്നയിക്കുന്ന വിഷയങ്ങള്‍ വേണ്ടത്ര പഠിച്ച് മനസിലാക്കുന്ന ആളെന്ന നിലയിലും തിരഞ്ഞെടുപ്പ് സമയത്ത് മതസംഘടനകളോടൊന്നും വിട്ടുവീഴ്ച ചെയ്യാത്ത ആളെന്ന നിലയിലും എനിക്ക് വലിയ ബഹുമാനമുണ്ട്.
എന്റെ ചില നിര്‍ദേശങ്ങള്‍ പറയാം
1. എന്താ നിങ്ങളുടെ പരിപാടി?: form, follows, function എന്നത് ആധുനിക മാനേജ്മെന്റിന്റെ അടിസ്ഥാന തത്വമാണ്. ഇടക്കിടക്ക് നേതൃത്വമാറ്റവും അഴിച്ചു പണിയും ഒക്കെ നടത്തുന്നതിന് മുന്‍പ് വാസ്തവത്തില്‍ കോണ്‍ഗ്രസ് വ്യക്തമാക്കേണ്ടത് എന്താണ് അവരുടെ കര്‍മ്മപരിപാടി എന്നതാണ്. നവകേരളത്തെ പറ്റിയുള്ള കോണ്‍ഗ്രസ് സങ്കല്പം എന്താണ്? ആരോഗ്യം, ലിംഗനീതി, ഊര്‍ജ്ജം, തൊഴില്‍, വിദ്യാഭ്യാസം, ഭൂവിനിയോഗം എന്നിങ്ങനെയുള്ള അനവധി വിഷയങ്ങളില്‍ എന്തായിരിക്കും കോണ്‍ഗ്രസിന്റെ നയങ്ങള്‍. അവ എങ്ങനെയാണ് മറ്റു പാര്‍ട്ടികളില്‍ നിന്നും വ്യത്യസ്തമായിരിക്കുന്നത്?
ഓരോ തിരഞ്ഞെടുപ്പിനും മുന്‍പ് കുറച്ചുപേര്‍ ചേര്‍ന്ന് എഴുതിയുണ്ടാക്കുകയും പലപ്പോഴും തെരഞ്ഞെടുപ്പില്‍ തോറ്റാലും ജയിച്ചാലും വിസ്മരിക്കപ്പെടുകയും ചെയ്യുന്ന പ്രകടന പത്രികക്കപ്പുറം ഭാവി കേരളത്തെക്കുറിച്ചുള്ള ഒരു സമഗ്രവീക്ഷണം കോണ്‍ഗ്രസ് നേതൃത്വം തയ്യാറാക്കണം. ഇത് കോണ്‍ഗ്രസ് നേതാക്കളുടെയോ അനുഭാവികളുടെയോ മാത്രം അഭിപ്രായം തേടിയുള്ളതായിരിക്കരുത്. വിഷയങ്ങളിലെ ആഗോള വിദഗ്ദ്ധരുടെ അഭിപ്രായം തേടിയും ലോകത്തിന്റെ പോക്ക് എങ്ങോട്ടെന്ന് മനസിലാക്കിയും കേരളത്തിന് അകത്തും പുറത്തും സൈബര്‍ ലോകത്തും ചര്‍ച്ചകള്‍ നടത്തിയും ക്രോഡീകരിക്കേണ്ട ഒന്നാണിത്. ഇന്ത്യക്ക് മാതൃകയായ ഇപ്പോഴത്തെ ഭരണത്തില്‍ നിന്നും കോണ്‍ഗ്രസിന്റെ പഴയ കല ഭരണങ്ങളില്‍ നിന്നും വ്യത്യസ്തമായ ഒരു രൂപരേഖ കേരളത്തിന്റെ പൊതുസമൂഹത്തിന് മുന്നില്‍ ഒരു വര്‍ഷത്തിനകം വെക്കാന്‍ സാധിക്കണം.
2. വേണം ഒരു ഷാഡോ കാബിനറ്റ്: ജനാധിപത്യം ഏറെ പഴക്കമുള്ള ഇംഗ്ലണ്ടില്‍ ഷാഡോ കാബിനറ്റ് എന്നൊരു സംവിധാനമുണ്ട്. കാബിനറ്റില്‍ ഓരോ വിഷയത്തിനും ഒരു മന്ത്രി ഉള്ളത് പോലെ പ്രതിപക്ഷത്തും ഓരോ വിഷയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഒരു എം. പി. ഉണ്ടാകും. എല്ലാ മന്ത്രാലയങ്ങളുടെയും നയങ്ങളും പദ്ധതികളും ഇവര്‍ സസൂക്ഷ്മം വീക്ഷിക്കും. പാര്‍ലമെന്റില്‍ ഒരു വകുപ്പിന്റെ മന്ത്രിയെ 'പൊരിക്കുന്നതില്‍' മുന്നില്‍ നില്‍ക്കുന്നത് ഷാഡോ മന്ത്രിയായിരിക്കും. കോണ്‍ഗ്രസും ഇത്തരത്തില്‍ ഒരു ഷാഡോ കാബിനറ്റ് സംവിധാനമുണ്ടാക്കണം. എല്ലാ നേതാക്കളും എല്ലാ വിഷയങ്ങളെയും പറ്റി പഠിച്ചും പഠിക്കാതെയും അഭിപ്രായം പറയുന്നത് നിര്‍ത്തി കുറച്ച് വിവേചനബുദ്ധി കാണിക്കാം.
3.പരിശീലിപ്പിക്കപ്പെട്ട നേതൃത്വം: കാര്യമായി പാര്‍ട്ടി ക്ളാസ്സുകളും നേതൃത്വ പരിശീലനവും ഒന്നുമില്ലാഞ്ഞിട്ടും കാമ്പസുകളിലെ അടിയും തടയും പഠിച്ചു വരുന്ന കോണ്‍ഗ്രസിന്റെ യുവനേതൃത്വം അസംബ്ലിയിലും പുറത്തുമൊക്കെ നടത്തുന്ന പ്രസംഗങ്ങള്‍ എന്നെ അത്ഭുതപ്പെടുത്താറുണ്ട്. കോണ്‍ഗ്രസിലെ യുവനിരക്ക് ദീര്‍ഘദൃഷ്ടിയോടെ വേണ്ടത്ര പരിശീലനം നല്‍കിയാല്‍ എത്ര നന്നായി അവര്‍ ശോഭിക്കുമെന്ന് ഞാന്‍ പലപ്പോഴും ചിന്തിക്കാറുണ്ട്. ലോകമെന്പാടുമുള്ള മലയാളികളുടെയും കോണ്‍ഗസ് അനുഭാവികളുടെയും സഹായത്തോടെ പുതിയ തലമുറയിലെ നേതാക്കള്‍ക്ക് മികച്ച തരത്തിലുള്ള പരിശീലനമാണ് നല്‍കേണ്ടത്.
അടിസ്ഥാനമായ നേതൃശീലങ്ങള്‍ (Decisiveness. Integrity, team playing, mentoring, problem solving, reliability)
മാറുന്ന ലോകം: സാങ്കേതികവിദ്യകള്‍, സന്പദ്വ്യവസ്ഥ, സമൂഹക്രമം.
ഇന്ത്യയിലും വിദേശത്തുമുള്ള ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ രണ്ടാഴ്ച മുതല്‍ മൂന്നു മാസം വരെയുള്ള വിവിധ വിഷയങ്ങളിലെ പരിശീലനം.
കേരളത്തിന് പുറത്ത് മറ്റു സംസ്ഥാനങ്ങളിലും രാജ്യങ്ങളിലും ഒരു മാസമെങ്കിലും താമസിച്ച് അവിടുത്തെ രാഷ്ട്രീയവും സംസ്‌ക്കാരവും മനസിലാക്കാനുള്ള അവസരം.
4. നേതാക്കള്‍ക്ക് പണി കൊടുക്കണം: കേരളത്തിലെ കോണ്‍ഗ്രസില്‍ രണ്ടും മൂന്നും വര്‍ക്കിങ് പ്രസിഡന്റുമാര്‍ക്കും ജംബോ കമ്മറ്റികളും ഒക്കെ വരുമ്പോള്‍ നമ്മളെല്ലാം ചിരിക്കാറുണ്ട്. പക്ഷെ, ഇവരില്‍ ഓരോ നേതാക്കളെയും അടുത്തറിയുമ്പോള്‍ അവര്‍ ഇരിക്കുന്ന സ്ഥാനത്തിന് തീര്‍ച്ചയായും അര്‍ഹരാണ് എന്ന് നമുക്ക് മനസിലാകും. തലമുറകളായി നിലനില്‍ക്കുന്നതും ഏറെ നാള്‍ ഭരണം ലഭിച്ചിട്ടുള്ളതുമായ പാര്‍ട്ടികള്‍ക്ക് മാത്രം സാധിക്കുന്ന കാര്യമാണിത്. എന്നാല്‍ കോണ്‍ഗ്രസിന്റെ പ്രധാന പ്രശ്‌നം നേതാക്കള്‍ ഇല്ലാത്തതല്ല, അവര്‍ക്കെല്ലാം വേണ്ടത്ര ജോലി വീതിച്ചു നല്കാനില്ല എന്നതാണെന്ന് എനിക്ക് പുറമെ നിന്ന് നോക്കുന്‌പോള്‍ തോന്നുന്നു.
ഭരണമുള്ളപ്പോള്‍ അധികാരത്തിന്റെ അനവധി തലങ്ങളില്‍ അവരെ നിയോഗിക്കാം. പക്ഷെ, ഭരണമില്ലാത്ത കാലത്ത് എങ്ങനെയാണ് നേതൃത്വ ഗുണമുള്ളവരെ നിയോഗിക്കുന്നത്? ഇതിന് അനവധി സാധ്യതകളുണ്ട്. കാലാവസ്ഥാവ്യതിയാനം മുതല്‍ ലിംഗനീതി, ടൂറിസം, പൈതൃകസംരക്ഷണം വരെയുള്ള അനവധി പഴയതും പുതിയതുമായ മേഖലകളില്‍ പ്രസ്ഥാനങ്ങളും സ്ഥാപനങ്ങളും കെട്ടിപ്പടുക്കാന്‍ ഇവരെ നിയോഗിക്കാം. ഇതിനെക്കുറിച്ചു മാത്രം വേണമെങ്കില്‍ ഒരു ലേഖനം എഴുതാം എന്നതിനാല്‍ തല്ക്കാലം വിസ്തരിക്കുന്നില്ല.
5. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന നേതൃത്വം: മൂന്ന് വര്‍ക്കിങ് പ്രസിഡന്റുമാരും, 14 ജില്ലാ പ്രസിഡന്റുമാരും, ജംബോ കമ്മിറ്റിയും ഉണ്ടായിട്ടും സ്ത്രീകളെ നേതൃത്വത്തില്‍ കാണണമെങ്കില്‍ ഭൂതക്കണ്ണാടി വേണം എന്ന സ്ഥിതി ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ഒരു പാര്‍ട്ടിക്കും ഭൂഷണമല്ല. പ്രത്യേകിച്ചും ഒരു നൂറ്റാണ്ട് മുന്നേ വനിതാ പ്രസിഡന്റുണ്ടായിരുന്ന, കഴിഞ്ഞ നൂറ്റാണ്ടില്‍ തന്നെ ഇന്ത്യക്ക് വനിതാ പ്രധാനമന്ത്രിയെ നല്‍കിയ, രണ്ടു പതിറ്റാണ്ടെങ്കിലുമായി പാര്‍ലമെന്റില്‍ സ്ത്രീ പ്രാതിനിധ്യം കൊണ്ടുവരാന്‍ ശ്രമിച്ച പാര്‍ട്ടിക്ക്. നാളത്തെ കോണ്‍ഗ്രസ് വ്യത്യസ്തമാണെന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍ക്കും പൊതുസമൂഹത്തിനും ഉറപ്പ് വരണമെങ്കില്‍ 2030 ആകുന്‌പോള്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും തുല്യ പ്രാതിനിധ്യവും എല്ലാ ലിംഗത്തിലുള്ളവര്‍ക്കും വേണ്ടത്ര പ്രാതിനിധ്യവും നല്‍കുന്ന ഒരു നേതൃത്വം ഉണ്ടാകുമെന്ന് ഇപ്പോള്‍ തന്നെ പ്രഖ്യാപിക്കുക. ഇതിന്റെ മുന്നോടിയായി കെ.എസ്.യു.വില്‍ അന്‍പത് ശതമാനവും യൂത്ത് കോണ്‍ഗ്രസില്‍ മൂന്നിലൊന്നും മറ്റ് പോഷകസംഘടനകളില്‍ നാലിലൊന്നും എങ്കിലും സ്ത്രീപ്രാതിനിധ്യം അടുത്ത തിരഞ്ഞെടുപ്പിന് മുന്‍പേ ഉറപ്പാക്കുക. അങ്ങനെ മാറ്റം വരുന്നു എന്ന് സമൂഹത്തെ ബോധ്യപ്പെടുത്തിക്കൊണ്ട് കേരളത്തിലെ മറ്റു പാര്‍ട്ടികളേക്കാള്‍ മുന്നേ നടക്കുക.
6.പാര്‍ലമെന്റില്‍ തിളങ്ങണം: ''അരേ മുരളിസാബ്, നിങ്ങളുടെ കേരളത്തില്‍ നിന്നും ഒരു കോണ്‍ഗ്രസ് എം.പി. യുണ്ടല്ലോ. ആള്‍ പാര്‍ലമെന്റില്‍ നല്ല പ്രകടനമാണ്.'' ഐ.ഐ.ടി.യിലെ പ്രൊഫസറും ഉത്തര്‍പ്രദേശുകാരനും ബി.ജെ.പി. അനുഭാവിയുമായ എന്റെ സുഹൃത്തിന്റെ വാക്കുകളാണ്.
''ശശി തരൂര്‍ ആയിരിക്കും.'' ഞാന്‍ പറഞ്ഞു. ''അരേ... നഹീ സാബ്, ഇത് മുണ്ടുടുത്ത് വരുന്ന ഒരാളാണ്.''
ഞാന്‍ പല പേരും പറഞ്ഞുനോക്കിയെങ്കിലും ആള്‍ സമ്മതിച്ചില്ല. രണ്ടു ദിവസം കഴിഞ്ഞ് അദ്ദേഹം വീണ്ടും വിളിച്ചിട്ടു പറഞ്ഞു, ''വോ പ്രേമചന്ദ്രന്‍ സാബ് ഹേ.''
കേരളത്തില്‍ കോണ്‍ഗ്രസ് പൊതുവെ ക്ഷീണത്തിലാണെങ്കിലും ഒരു ഡസനിലേറെ പേര്‍ പാര്‍ലമെന്റിലുണ്ട്. കേന്ദ്രത്തില്‍ കോണ്‍ഗ്രസ് പ്രതിപക്ഷത്തുമാണ്. രാഷ്ട്രീയത്തില്‍ തിളങ്ങാനും കത്തിക്കയറാനും ഇതിലും നല്ല അവസരമില്ല. നന്നായി ഗൃഹപാഠം ചെയ്ത് കൃത്യമായി ഇടപെട്ടാല്‍ കോണ്‍ഗ്രസ് എം. പി. മാര്‍ക്ക് തീര്‍ച്ചയായും മാധ്യമങ്ങളുടെ ശ്രദ്ധ നേടാന്‍ സാധിക്കും. മറ്റു സംസ്ഥാനങ്ങളിലും അറിയപ്പെടും. ഭാവിയിലേക്ക് അത് വലിയൊരു മുതല്‍ക്കൂട്ടാണ്. നമ്മുടെ എം. പി. മാരെ പാര്‍ലമെന്റില്‍ ഉജ്ജ്വല പ്രകടനം നടത്തുന്നവരാക്കി മാറ്റുന്നതെന്നതില്‍ നമുക്ക് കൃത്യമായ ഒരു പദ്ധതി വേണം. നന്നായി ഹിന്ദിയും ഇംഗ്ലീഷും കൈകാര്യം ചെയ്യാന്‍ പഠിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള പ്രൊഫഷണലായ പിന്തുണ അവര്‍ക്ക് നല്‍കണം. അവര്‍ക്ക് വിഷയങ്ങള്‍ ഗവേഷണം ചെയ്ത് അവതരിപ്പിക്കാന്‍ യുവാക്കളായ പ്രൊഫഷണലുകളുടെ ഒരു സംഘം കൂടെ വേണം. അമേരിക്കയിലെ സെനറ്റര്‍മാര്‍ക്കൊക്കെ ഇത്തരത്തില്‍ ഒരു ഗ്രൂപ്പ് ഉണ്ട്. ഈ ഗ്രൂപ്പില്‍ ഉള്ള യുവാക്കള്‍ക്ക് രാഷ്ട്രീയം അടുത്ത് കാണാനും വ്യക്തിബന്ധങ്ങള്‍ ഉണ്ടാക്കാനുമൊക്കെയുള്ള അവസരമാണ് സെനറ്റ് സ്റ്റാഫില്‍ പ്രവര്‍ത്തിക്കുന്നത്. ഇതൊക്കെ നമുക്കും ആവാം.
7. പാര്‍ലമെന്ററി വ്യാമോഹങ്ങള്‍ക്ക് അപ്പുറം: ഇന്ത്യയിലെ രാഷ്ട്രീയം ഒരു കരിയര്‍ എന്ന നിലയില്‍ വലിയ സാഹസമാണെന്ന് ഞാന്‍ പലതവണ പറഞ്ഞിട്ടുണ്ട്. ചുരുങ്ങിയത് ഒരു എം. എല്‍. എ. യോ എം. പി. യോ ആയെങ്കില്‍ മാത്രമാണ് രാഷ്ട്രീയത്തില്‍ എന്തെങ്കിലും ആയെന്ന് നമ്മുടെ നാട്ടില്‍ അംഗീകരിക്കപ്പെടുന്നത് തന്നെ. കേരളത്തില്‍ 270 ലക്ഷം വോട്ടര്‍മാരും വെറും ഇരുപത് എം. പി. മാരുമാണുള്ളത്. അതായത് ശരാശരി 13.5 ലക്ഷം ആളുകള്‍ക്ക് ഒരു എം.പിയും രണ്ടു ലക്ഷം പേര്‍ക്ക് ഒരു എം.എല്‍.എയും എന്ന നിലയില്‍.
ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടന്ന കാനഡയിലും ജനാധിപത്യത്തിന്റെ ഈറ്റില്ലമായ യു.കെ.യിലുമൊക്കെ ഒരു പാര്‍ലിമെന്റ് നിയോജകമണ്ഡലത്തില്‍ ഒരു ലക്ഷത്തില്‍ താഴെ വോട്ടര്‍മാരേയുള്ളു. അതായത് ആളോഹരി നോക്കിയാല്‍ കേരളത്തില്‍ എം.എല്‍.എ. ആകുന്നത് ബ്രിട്ടനില്‍ എം. പി. ആകുന്നതിനേക്കാള്‍ എളുപ്പമുള്ള കാര്യമാണ്.
അനവധി നേതാക്കള്‍ ഉണ്ടാകുകയും പാര്‍ലമെന്ററി സ്ഥാനങ്ങള്‍ കുറഞ്ഞുവരികയും ചെയ്തിരിക്കുന്ന സാഹചര്യത്തില്‍ ഒരേ നേതാക്കള്‍ തന്നെ അസംബ്ലിയിലും പാര്‍ലമെന്റിലും സ്ഥാനമാനങ്ങള്‍ കൈയാളുന്നത് ഒരു പാര്‍ട്ടിക്കും ഭൂഷണമല്ല. മികച്ച ജനാധിപത്യ ഭാവിയില്‍ ആഗ്രഹവും പ്രതീക്ഷയുമുള്ള ആളുകളെ മടുപ്പിക്കാനോ മറുകണ്ടം ചാടിക്കാനോ അത് മതി.
തുടര്‍ച്ചയായി ജനങ്ങള്‍ ഒരാളെത്തന്നെ തെരഞ്ഞെടുക്കുന്നു എന്നത് ജനപ്രതിനിധിയുടെ കാര്യത്തില്‍ ഒരു തെറ്റല്ല. എന്നാല്‍ പാര്‍ട്ടിയുടെ ശോഭനമായ ഭാവി ചിന്തിക്കുന്ന നേതൃത്വം രണ്ടു തവണയില്‍ കൂടുതല്‍ പാര്‍ലമെന്ററി സ്ഥാനം വഹിച്ച നേതാക്കളോട് അടുത്ത വട്ടം മാറിനില്‍ക്കാന്‍ പറയുന്നതും പരമാവധി ഒരു രാഷ്ട്രീയ കരിയറില്‍ നാലുവട്ടം തെരഞ്ഞെടുപ്പില്‍ മത്സരിക്കുക എന്ന് നിജപ്പെടുത്തുന്നതും പാര്‍ട്ടിയുടെ ഭാവിക്ക് നല്ലതാണെന്നാണ് എന്റെ അഭിപ്രായം.
8. മെന്റര്‍മാരുടെ ലോകം: ആധുനിക സിംഗപ്പൂരിനെ നിര്‍മ്മിച്ചെടുത്ത ലി ക്വാന്‍ യൂ എന്ന നേതാവ് അദ്ദേഹത്തിന്റെ അവസാനകാലത്ത് പ്രധാനമന്ത്രി പദത്തില്‍ നിന്നും മാറി സീനിയര്‍ മന്ത്രി എന്ന പേരില്‍ ഒരു മെന്ററായി മാറി. അധികാരത്തില്‍ സ്ഥിരമായിരിക്കുന്നവരെ അതില്‍ നിന്നും മാറ്റി അവരുടെ അറിവുകളും അനുഭവങ്ങളും രാഷ്ട്ര നന്മക്കും ലോകനന്മക്കും വേണ്ടി ഉപയോഗിക്കാന്‍ 2007 ല്‍ നെല്‍സണ്‍ മണ്ടേലയുടെ നേതൃത്വത്തില്‍ The Elders എന്ന സംഘടന ഉണ്ടാക്കി. രാഷ്ട്രീയത്തിലും രാഷ്ട്ര നിര്‍മ്മാണത്തിലും സജീവ താല്പര്യമെടുക്കുകയും എന്നാല്‍ അധികാര രാഷ്ട്രീയത്തില്‍ നിന്നും മാറിനിന്ന് പുതിയ നേതാക്കള്‍ക്ക് അവസരവും മാര്‍ഗനിര്‍ദേശവും നല്‍കുന്ന ഒരു ഗ്രൂപ്പാണിത്.
കേരളത്തിലും എഴുപത് വയസ് കഴിഞ്ഞ നേതാക്കള്‍ ഇത്തരത്തിലുള്ള രീതി പിന്തുടരണമെന്നാണ് എന്റെ അഭിപ്രായം. കോണ്‍ഗ്രസിന് ഇതിന് മുന്‍കൈ എടുക്കാം. ഇപ്പോഴത്തെ മുതിര്‍ന്ന നേതാക്കളെയും പ്രസ്ഥാനത്തിന് വേണ്ടി ആയുഷ്‌ക്കാലം മുഴുവന്‍ പ്രവര്‍ത്തിച്ചവരെയും തള്ളിപ്പുറത്താക്കുകയോ അധികപ്പറ്റായി കാണിക്കുകയോ അല്ല വേണ്ടത്. അവരുടെ അറിവും അനുഭവങ്ങളും പാര്‍ട്ടിയുടെ വളര്‍ച്ചക്കായി ഉപയോഗിക്കാനുള്ള സംവിധാനം ഉണ്ടാക്കണം. സീനിയര്‍ നേതാക്കളെ അവരവരുടെ ജില്ലകളിലേക്ക് പുനര്‍വിന്യസിക്കണം. അവിടെ പാര്‍ട്ടിയുടെ പുതിയ നേതാക്കളെ നയിക്കുന്നതിനും, ഏകോപിപ്പിക്കുന്നതിനും, പാര്‍ട്ടി ഭരിക്കുന്ന ജില്ലാ പഞ്ചായത്ത് മുതല്‍ കോ ഓപ്പറേറ്റിവ് സൊസൈറ്റി വരെയുള്ളവയുടെ കാര്യക്ഷമമായ നടത്തിപ്പിനും അവര്‍ക്ക് ധാരാളം നിര്‍ദേശങ്ങള്‍ നല്‍കാന്‍ സാധിക്കും.
ഇതൊക്കെയാണ് കോണ്‍ഗ്രസ് നിലനിന്നു കാണണമെന്ന് ആഗ്രഹിക്കുന്ന ഒരാളെന്ന നിലയില്‍ എന്റെ സ്വപ്‌നം. ദുരന്തനിവാരണ രംഗത്തുള്ള ഒരാളുടെ നിര്‍ദേശമായും ഇതിനെ പരിഗണിക്കാം.
'എത്ര മനോഹരമായ നടക്കാത്ത സ്വപ്നം' എന്നായിരിക്കും നിങ്ങളില്‍ കൂടുതല്‍ പേരും ചിന്തിക്കുന്നത്. എന്നാല്‍ നമ്മള്‍ സ്വപ്നം കാണുന്നതാണ് നാം എന്നാണ് എന്റെ അഭിപ്രായവും അനുഭവവും. കാത്തിരുന്നു കാണാം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..