തൊടുപുഴ: എസ്. രാജേന്ദ്രന് എം.എല്‍.എയുടെ വീട് സ്ഥിതിചെയ്യുന്ന ഭൂമിയുമായി ബന്ധപ്പെട്ട രേഖകള്‍ നിലവില്ലെന്ന് വില്ലേജ് ഓഫീസറുടെ റിപ്പോര്‍ട്ട്. രാജേന്ദ്രന്റെ വീട് സ്ഥിതിചെയ്യുന്നത് കെ.എസ്.ഇ.ബി. ഭൂമിയിലാണെന്ന ആരോപണം നിലനില്‍ക്കെയാണ് ഭൂമിയുടെ രേഖകളില്ലെന്ന് കാണിച്ച് മൂന്നാര്‍ വില്ലേജ് ഓഫീസര്‍ ദേവികുളം സബ് കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയത്. കഴിഞ്ഞദിവസം എം.എല്‍.എയുടെ വീടിന് സമീപത്തെ ഭൂമിയില്‍നിന്ന് മണ്ണെടുക്കുന്നത് സബ് കളക്ടര്‍ രേണുരാജ് നേരിട്ടെത്തി പരിശോധിച്ചിരുന്നു. ഇതിനുപിന്നാലെയാണ് വില്ലേജ് ഓഫീസറോട് വിശദമായ റിപ്പോര്‍ട്ട് നല്കാന് ആവശ്യപ്പെട്ടത്.
എം.എല്‍.എയുടെ വീടിന് സമീപത്തുനിന്ന് മണ്ണെടുപ്പ് നടത്തിയ ഭൂമി കെ.എസ്.ഇ.ബി.യുടെ ഉടമസ്ഥതയിലുള്ളതാണെന്ന് വില്ലേജ് ഓഫീസറുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. എന്നാല്‍ ഇത് സി.പി.എം. നേതാവ് ലക്ഷ്മണന്റെ ഉടമസ്ഥതയിലുള്ള ഭൂമിയാണെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന അവകാശവാദം. ഇതിനിടെയാണ് എസ്. രാജേന്ദ്രന്റെ വീടിരിക്കുന്ന ഭൂമിയെക്കുറിച്ചും വില്ലേജ് ഓഫീസര്‍ അന്വേഷണം നടത്തിയത്. എം.എല്‍.എയുടെ വീടിരിക്കുന്ന സ്ഥലം കെ.എസ്.ഇ.ബി. ഉടമസ്ഥതയിലുള്ളതാണെന്ന് സംശയമുണ്ടെന്നാണ് വില്ലേജ് ഓഫീസറുടെ അന്വേഷണറിപ്പോര്‍ട്ട്.
എം.എല്‍.എയുടെ വീട് സ്ഥിതിചെയ്യുന്ന പ്രദേശം നേരത്തെ പഴയ കെ.ഡി.എച്ച്. വില്ലേജ് ഓഫീസിന് കീഴിലായിരുന്നു. പിന്നീട് മൂന്നാര്‍ വില്ലേജ് നിലവില്‍വന്നതോടെ ഇതിനുകീഴിലായി. ഇതിനാല്‍ ഭൂമിയുമായി ബന്ധപ്പെട്ട പലരേഖകളും മൂന്നാര്‍ വില്ലേജ് ഓഫീസില്‍ ഇല്ലെന്നാണ് വില്ലേജ് ഓഫീസറുടെ വിശദീകരണം. വിഷയത്തില്‍ തുടര്‍പരിശോധനകള്‍ ആവശ്യമാണെന്നും രേഖകള്‍ കണ്ടെത്തണമെന്നും ആവശ്യപ്പെട്ടാണ് വില്ലേജ് ഓഫീസര്‍ സബ് കളക്ടര്‍ രേണുരാജിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.
Content Highlights: munnar village officer submitted report to renu raj ias regarding rajendran mla's land