തിരുവനന്തപുരം: ഇടുക്കി ജില്ലയിലെ കൈയേറ്റം സംബന്ധിച്ച് സമഗ്രമായ നിയമനിര്‍മാണം വേണ്ടിവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൈയേറ്റം ഒഴിപ്പിക്കലിന്റെ ഭാഗമായി സര്‍ക്കാര്‍ ആദ്യം കൈവയ്ക്കുക വന്‍കിടക്കാരുടെ കൈവശമുള്ള ഭൂമിയുടെ മേലായിരിക്കുമെന്നും ഇനി കൈയേറാന്‍ തോന്നാത്ത തരത്തിലുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുകയെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തില്‍ പറഞ്ഞു. മൂന്നാര്‍ കൈയേറ്റം ഒഴിപ്പിക്കുന്നത് സംബന്ധിച്ച് വിളിച്ചുചേര്‍ത്ത സര്‍വ്വകക്ഷി യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

മതസ്ഥാപനങ്ങളാണെങ്കിലും കൈയേറ്റങ്ങളെ കൈയേറ്റങ്ങളായി മാത്രമേ കാണാനാവൂ. കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുക എന്ന പ്രശ്‌നമാണ് ഇന്ന് നടന്ന യോഗങ്ങളില്‍ ചര്‍ച്ചചെയ്തത്. ഇനി കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിനുള്ള നടപടികളിലേയ്ക്ക് നീങ്ങാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. 

1977 ജനുവരി ഒന്നിനു മുമ്പ് കുടിയേറിയ എല്ലാവര്‍ക്കും പട്ടയം നല്‍കുന്നതിനും കൈയേറ്റക്കാരെ ഒഴിപ്പിക്കുന്നതിനും പൂര്‍ണ പിന്തുണയാണ് യോഗങ്ങളില്‍ പങ്കെടുത്തവരെല്ലാം നല്‍കിയത്. 

പട്ടയവിതരണത്തിന് ഈ മാസം 22ന് ഇടുക്കിയില്‍ നടത്തും. മുഴുവന്‍ പേര്‍ക്കും ഒറ്റത്തവണയായി പട്ടയം നല്‍കാനാവില്ല. ബാക്കിയുള്ളവര്‍ക്ക് സമയബന്ധിതമായി നല്‍കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഇതിന് രണ്ടു വര്‍ഷമെങ്കിലും വേണ്ടിവരും. 

ഏറ്റവും പ്രധാനപ്പട്ട കാര്യം മൂന്നാറിന്റെ പരിസ്ഥിതി സംരക്ഷിക്കുക എന്നതാണ്. ഇതു സംബന്ധിച്ച് നിരവധി നിര്‍ദ്ദേശങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. ഇവയെല്ലാം സര്‍ക്കാര്‍ പരിഗണിക്കും. ഇക്കാര്യങ്ങളില്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തങ്ങള്‍ക്ക് ചട്ടങ്ങളും വ്യവസ്ഥകളും ബാധകമല്ല എന്നാണ് കയ്യേറ്റക്കാര്‍ കരുതുന്നത്. അത്തരം കയ്യേറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയാണ് സര്‍ക്കാര്‍ സ്വീകരിക്കുക. ഇടുക്കി ജില്ലയിലെ തോട്ടങ്ങള്‍ക്കു നല്‍കിയ ഭൂമി മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നുണ്ട്. നിയമം ലംഘിച്ചവര്‍ക്കെതിരെ നിയമാനുസൃതമായ നടപടികള്‍ സ്വീകരിക്കും. തൊഴിലാളികള്‍ക്ക് താമസിക്കാന്‍ വീടില്ല എന്നതും ഒരു ദുരവസ്ഥയാണ്. അവര്‍ക്ക് വീട് നല്‍കുക എന്നത് ഏറ്റവും മുന്‍ഗണനയര്‍ഹിക്കുന്നു. അതിനുള്ള നടപടികള്‍ സ്വീകരിക്കും.

സ്ഥലം കയ്യേറി വീടുകള്‍ വെച്ച് താമസിക്കുന്നവരുണ്ട്. സര്‍ക്കാര്‍ ഭൂമി കയ്യേറി കൈവശം വെച്ചുവരുന്നവരം വാണിജ്യാവശ്യത്തിന് കെട്ടിടം പണിത് ഉപയോഗിച്ചുവരുന്നവരുമുണ്ട്. ഒരു രേഖയും ഇത്തരക്കാരുടെ കൈവശമില്ല. താമസിക്കാനും കൃഷിക്കും നല്‍കിയ പട്ടയ ഭൂമി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നവരുമുണ്ട്. കൈമാറാവുന്ന കാലപരിധിക്കുമുന്‍പേ സ്ഥലം കച്ചവടം ചെയ്ത സംഭവങ്ങളുമുണ്ട്. വ്യാജപട്ടയങ്ങളുടെ പ്രശ്‌നങ്ങളുമുണ്ട്.

ഇടുക്കിയിലെ നദികളില്‍ വന്‍തോതില്‍ മാലിന്യം നിറഞ്ഞിരിക്കുന്ന സാഹചര്യം പ്രത്യേകം പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.