തിരുവനന്തപുരം: മൂന്നാര്‍ വിഷയത്തില്‍ ഉന്നത തലയോഗം വിളിക്കേണ്ടതില്ലെന്ന് റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍. കൈയ്യേറ്റക്കാരന്റെ പരാതിയില്‍ യോഗം വിളിക്കുന്നത് ശരിയല്ലെന്ന് കാട്ടി മന്ത്രി ഇ. ചന്ദ്രശേഖരന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി.
ജൂലായ് ഒന്നിന് ഉന്നതതല യോഗം വിളിക്കാനായിരുന്നു മുഖ്യമന്ത്രിയുടെ നിര്‍ദേശം. വൈദ്യുതി മന്ത്രി എം.എം മണിയുടെ നേതൃത്വത്തിലുള്ള സര്‍വകക്ഷി സംഘത്തിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു യോഗം വിളിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചത്.
മൂന്നാര്‍ പോലീസ് സ്‌റ്റേഷന് സമീപത്തുള്ള 22 സെന്റ് സ്ഥലത്തെ കയ്യേറ്റം ഒഴിപ്പിക്കാന്‍ സബ്കളക്ടര്‍ സ്വീകരിച്ച നടപടികള്‍ ചൂണ്ടിക്കാണിച്ച് ലഭിച്ച നിവേദനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. ചെറുകിട കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കില്ലെന്ന മുന്‍ തീരുമാനം സബ്കളക്ടര്‍ ലംഘിക്കുന്നതായി നിവേദനത്തില്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഉന്നത തല യോഗം വിളിക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം. വി ജയരാജന്‍ റവന്യു മന്ത്രിക്ക് കത്ത് നല്‍കുകയും ചെയ്തിരുന്നു.
എന്നാല്‍ ഇത്തരമൊരു നിവേദന പ്രകാരം യോഗം വിളിക്കുന്നത് ഉചിതമല്ല എന്നാണ് സിപിഐയുടെ നിലപാട്. ഇക്കാര്യം ചൂണ്ടിക്കാണിച്ചാണ് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത്. പോലീസ് സ്‌റ്റേഷന്‍ പരിസരത്തെ ഭൂമി കയ്യേറ്റം തന്നെയാണെന്ന് റവന്യൂ വകുപ്പിന് വ്യക്തമായിട്ടുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ നല്‍കിയ വക്കാലത്ത് അടക്കമുള്ള കാര്യങ്ങള്‍ വ്യാജമാണെന്ന് വ്യക്തമായിട്ടുണ്ടെന്നും കത്തില്‍ പറയുന്നു. ഇത്തരത്തിലൊരു കൈയ്യേറ്റക്കാരനുവേണ്ടി ഉന്നതതല യോഗം വിളിക്കുന്നത് ഉചിതമല്ലെന്നാണ് കത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്.