തിരുവനന്തപുരം: മൂന്നാര്‍ വിഷയത്തില്‍ കേരളത്തിലെ എന്‍.ഡി.എ വൈസ് ചെയര്മാന് രാജീവ് ചന്ദ്രശേഖര്‍ എം.പി നല്കിയ പരാതി ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ചെന്നൈ ബഞ്ച് ഫയലില്‍ സ്വീകരിച്ചു.
വിഷയത്തില്‍ ഓഗസ്റ്റ് ഏഴിനകം വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ട്രൈബ്യൂണല്‍ അദ്ദേഹത്തിന് നിര്‍ദ്ദേശം നല്കി. 2010 മുതല്‍ അനുവദിച്ച കെട്ടിട നിര്‍മ്മാണത്തിനുള്ള അനുമതികളും എന്‍.ഒ.സികളും സംബന്ധിച്ച വിവരങ്ങള്‍ കൈമാറാന്‍ ട്രൈബ്യൂണല്‍ മൂന്നാര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്കി. റെവന്യൂ വകുപ്പിന്റെ മുന്‍കൂര്‍ അനുമതി വാങ്ങാതെ പുതിയ കെട്ടിടങ്ങള്‍ക്ക് അനുമതി നല്‍കരുതെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഏലത്തോട്ടങ്ങളിലെ അനധികൃത മരംമുറി തടയാന്‍ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനും ട്രൈബ്യൂണല്‍ നിര്‍ദ്ദേശം നല്കി.
മൂന്നാര്‍ കൈയ്യേറ്റങ്ങള്‍ക്കെതിരെ നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്ന് രാജീവ് ചന്ദ്രശേഖര്‍ പ്രസ്താവനയില്‍ പറഞ്ഞു. സി.പി.എം നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം രാഷ്ട്രീയ - ബിസിനസ് ബന്ധമുള്ളവര്‍ കൈയ്യേറിയ ഒരുസെന്റ് ഭൂമിപോലും തിരിച്ചുപിടിച്ചിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.