ഗ്രാമപഞ്ചായത്തുകളില്‍ മാത്രമല്ല, മുനിസിപ്പാലിറ്റികളിലും ഉജ്വലമായ തിരിച്ചുവരാണ് എല്‍.ഡി.എഫ് നടത്തിയത്. കഴിഞ്ഞ തവണ പതിനെട്ട് മുനിപ്പാലിറ്റികള്‍ അധികമുണ്ടായിരുന്നു യു.ഡി.എഫിന്റെ കൈവശം. ഇത്തവണ ആകെയുള്ള 87 മുനിസിപ്പാലിറ്റികളില്‍ 43 എണ്ണത്തിലാണ് എല്‍.ഡി.എഫ് മുന്നിലെത്തിയത്. യു.ഡി.എഫ് 41 എണ്ണത്തിലും. എന്നാല്‍, മൊത്തം മുനിസിപ്പല്‍ വാര്‍ഡുകളുടെ എണ്ണത്തില്‍ യു.ഡി.എഫാണ് മുന്നില്‍. യു.ഡി.എഫ് 1318 വാര്‍ഡുകളും എല്‍.ഡി.എഫ് 1263 വാര്‍ഡുകളുമാണ് നേടിയത്. പാലക്കാട് മുനിസിപ്പാലിറ്റിയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബി.ജെ.പി.ക്ക് 259 മുനിസിപ്പല്‍ കൗണ്‍സിലര്‍മാരുണ്ട്.

തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, കോഴിക്കോട്, കാസര്‍ക്കോട് ജില്ലകളിലെ കൂടുതല്‍ മുനിസിപ്പാലിറ്റികള്‍ എല്‍.ഡി.എഫ് നേടിയപ്പോള്‍ ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, വയനാട് ജില്ലകളിലെ മുനിസിപ്പാലിറ്റികളിലാണ് യു.ഡി.എഫ് മേല്‍ക്കൈ നേടിയത്. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ ഇരു മുന്നണികളും ഒപ്പത്തിനൊപ്പമായിരുന്നു.

കഴിഞ്ഞ തവണ തിരുവനന്തപുരം ജില്ലയില്‍ ആകെയുണ്ടായിരുന്ന രണ്ട് മുനിസിപ്പാലിറ്റികള്‍ ഇരു മുന്നണികളും പങ്കുവയ്ക്കുകയായിരുന്നെങ്കില്‍ ഇക്കുറി ആകെയുള്ള നാല് മുനിസിപ്പാലിറ്റികളും എല്‍.ഡി.എഫ് സ്വന്തമാക്കി.

കൊല്ലം ജില്ലയിലും വലിയ മുന്നേറ്റമാണ് എല്‍.ഡി.എഫ് നടത്തിയത്. കഴിഞ്ഞ തവണ യു.ഡി.എഫ് രണ്ട് മുനിസിപ്പാലിറ്റികള്‍ നേടിയിരുന്നെങ്കില്‍ ഇക്കുറിയ പുതിയതായി വന്ന ഒരു മുനിസിപ്പാലിറ്റി അടക്കം ജില്ലയിലെ നാല് നഗരസഭകളും ഇടതിനൊപ്പം നിന്നു.

ആലപ്പുഴയില്‍ കഴിഞ്ഞ തവണ യു.ഡി.എഫ് നാലും എല്‍.ഡി.എഫ് ഒരു മുനിസിപ്പാലിറ്റിയുമാണ് നേടിയിരുന്നത്. ഇത്തവണ യു.ഡി.എഫിന്റെ നിലയില്‍ മാറ്റമില്ലെങ്കിലും എല്‍.ഡി.എഫ് ഇത്തവണ ഒരു സീറ്റ് കൂടുതലായി നേടി. ആലപ്പുഴ, ചെങ്ങന്നൂര്‍, ചേര്‍ത്തല, ഹരിപ്പാട് മുനിസിപ്പാലിറ്റികളാണ് യു.ഡി. എഫിനൊപ്പം നിന്നത്. കായങ്കുളവും മാവേലിക്കരയും എല്‍.ഡി. എഫ് നേടി.

പത്തനംതിട്ടയില്‍ അടൂരും പന്തളവും ഇടതിനൊപ്പം നിന്നപ്പോള്‍ പത്തനംതിട്ടയും തിരുവല്ലയും യു.ഡി.എഫിനെ പുല്‍കി.

കോട്ടയത്ത് പതിവ് പോലെ ഇക്കുറിയും യു.ഡി.എഫ് മുന്നേറ്റം തന്നെ ദൃശ്യമായി. കഴിഞ്ഞ തവണ മൂന്ന് മുനിസിപ്പാലിറ്റി യു.ഡി.എ ഫും ഒരെണ്ണം എല്‍.ഡി.എഫും നേടിയപ്പോള്‍ ഇക്കുറി ആകെയുള്ള ആറെണ്ണത്തില്‍ നാലെണ്ണം യു.ഡി.എഫും രണ്ടെണ്ണം എല്‍.ഡി.എഫും നേടി.

കഴിഞ്ഞ തവണ ഇടുക്കി ജില്ലയിലെ ആകെയുള്ള ഒരു മുനിസിപ്പാലിറ്റി യു.ഡി.എഫിന്റെ കൈവശമായിരുന്നെങ്കില്‍ അധികം വന്ന ഒരു മുനിസിപ്പാലിറ്റി ഇടതു മുന്നണി പങ്കുവച്ചു.

എറണാകുളത്ത് കഴിഞ്ഞ തവണ യു.ഡി.എഫ് ഒന്‍പതും എല്‍.ഡി.എഫ് രണ്ടും മുനിസിപ്പാലിറ്റികളായിരുന്നു നേടിയിരുന്നത്. ഇക്കുറി ആകെയുള്ള പതിമൂന്ന് മുനിസിപ്പാലിറ്റികളില്‍ എട്ടെണ്ണം യു.ഡി.എഫും അഞ്ചെണ്ണം എല്‍.ഡി.എഫും നേടി.

തൃശൂരില്‍ കഴിഞ്ഞ തവണ രണ്ട് മുന്നണികളും മൂന്ന് മുനിസിപ്പാലിറ്റികള്‍ വീതം പങ്കുവച്ചപ്പഷാള്‍ ഇക്കുറി അഞ്ചെണ്ണ നേടി യു.ഡി.എഫ് മേല്‍ക്കൈ നേടി. എല്‍.ഡി.എഫിന് രണ്ട് മുനിസിപ്പാലിറ്റികളിലാണ് ഭരണം ലഭിച്ചത്.

പാലക്കാട് കഴിഞ്ഞ തവണത്തെപ്പോലം ഇക്കുറിയും ഇരു മുന്നണികളും ഒപ്പത്തിനൊപ്പമായി. കഴിഞ്ഞ തവണ രണ്ട് മുനിസിപ്പാലിറ്റികള്‍ വീതമാണ് നേടിയതെങ്കില്‍ ഇക്കുറി മൂന്ന് വീതം പങ്കുവച്ചു. ഒരെണ്ണത്തില്‍ ബി.ജെ.പി. മുന്നിലെത്തി.


മലപ്പുറത്ത് കഴിഞ്ഞ തവണ ഏഴില്‍ ആറ് മുനിസിപ്പാലികള്‍ യു.ഡി.എഫിന് സ്വന്തമായിരുന്നെങ്കില്‍ ഇക്കുറി പന്ത്രണ്ടില്‍ ഒന്‍പതും അവര്‍ നിലനിര്‍ത്തി. എല്‍.ഡി.എഫിന് മൂന്ന് മുനിസിപ്പാലിറ്റികളിലാണ് മേല്‍ക്കൈ നേടിയത്.

കോഴിക്കോട് ജില്ലയില്‍ കഴിഞ്ഞ തവണ ഒരൊറ്റ മുനിസിപ്പാലിറ്റിയിലും യു.ഡി.എഫിന് ഭരണത്തിലെത്താന്‍ കഴിഞ്ഞിരുന്നില്ല. രണ്ട് മുനിസിപ്പാലിറ്റിയും ഇടത് ഭരണത്തിലായിരുന്നു. എന്നാല്‍, ഇക്കുറി മൊത്തം മുനിസിപ്പാലിറ്റികളും എണ്ണം ഏഴായപ്പോള്‍ അഞ്ചെണ്ണം ഇടതു മുന്നണിയും രണ്ടെണ്ണം യു.ഡി.എഫും സ്വന്തമാക്കി. പുതിയതായി രൂപവത്കരിച്ച കൊടുവള്ളിയും പയ്യോളിയുമാണ് യു.ഡി.എഫ് സ്വന്തമാക്കിയത്. ഫറോക്ക്, കൊയിലാണ്ടി, മുക്കം, രാമനാട്ടുകര, വടകര മുനിസിപ്പാലിറ്റികളില്‍ എല്‍.ഡി. എഫ് ഭരണം പിടിച്ചു.

വയനാട് ജില്ലയില്‍ ആകെയുള്ള മൂന്ന് മുനിസിപ്പാലിറ്റികളില്‍ രണ്ടെണ്ണം യു.ഡി.എഫ് നേടി. ഒരെണ്ണം എല്‍.ഡി.എഫും. കല്‍പ്പറ്റവും സുല്‍ത്താന്‍ ബത്തേരിയും യു.ഡി.എഫിനൊപ്പവും മാനന്തവാടി ഇടതിനൊപ്പവും നിന്നു.

ഉറച്ച ഇടതു കോട്ടയായ കണ്ണൂരില്‍ പുതിയ മുനിസിപ്പാലിറ്റിയുടെ കരുത്തിലാണ് യു.ഡി.എഫ് തിരിച്ചുവന്നത്. കഴിഞ്ഞ തവണ ആറില്‍ അഞ്ചെണ്ണം ഇടതിനൊപ്പമായിരുന്നെങ്കില്‍ ഇക്കുറി ആകെയുള്ള എട്ടണ്ണം ഇരുവരും പങ്കിട്ടു.

കാസര്‍ക്കോട്ട് കഴിഞ്ഞ തവണ ഏഴില്‍ അഞ്ചും ഇടതു മുന്നണി നേടിയെങ്കില്‍ ഇക്കുറി രണ്ട് മുനിസിപ്പാലിറ്റി എല്‍.ഡി.എഫും ഒരെണ്ണം യു.ഡി. എഫും സ്വന്തമാക്കി.