രാഹുൽ ഗാന്ധിയെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് ജില്ലാ കമ്മിറ്റി ചൊവ്വാഴ്ച വൈകീട്ട് പാലക്കാട് സുൽത്താൻപേട്ടയിൽ സംഘടിപ്പിച്ച പ്രകടനത്തിനിടെ കോലംകത്തിക്കാൻ ശ്രമിക്കുന്നതിനിടയിൽ പാലക്കാട് നഗരസഭാ കൗൺസിലർ പി.എസ്.വിബിന്റെ മുണ്ടിൽ തീ പടർന്നപ്പോൾ
പാലക്കാട്: കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പാലക്കാട്ട് നടത്തിയ പ്രകടനത്തിനിടെ കത്തിക്കാന്‍ ശ്രമിച്ച കോലത്തില്‍നിന്ന് തീ പടര്‍ന്ന് നഗരസഭാകൗണ്സിലര്ക്ക് സാരമായി പൊള്ളലേറ്റു. ഒപ്പമുണ്ടായിരുന്ന ഡി.സി.സി. പ്രസിഡന്റ് എ. തങ്കപ്പനും മറ്റു ചില കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും ചെറിയ പൊള്ളലേറ്റു. ഡല്‍ഹിയില്‍ രാഹുല്‍ഗാന്ധി എം.പി.യെ പോലീസ് കസ്റ്റഡിയിലെടുത്ത സംഭവത്തില്‍ പ്രതിഷേധിച്ചായിരുന്നു പ്രകടനം.
പാലക്കാട് നഗരസഭാകൗണ്‍സിലറും യൂത്ത് കോണ്‍ഗ്രസ് ജില്ലാസെക്രട്ടറിയുമായ പി.എസ്. വിബിനാണ് (30) മുണ്ടിന് തീപിടിച്ച് പൊള്ളലേറ്റത്. 40-ാം വാര്‍ഡ് വിത്തുണിയിലെ കൗണ്‍സിലറായ വിബിന്റെ ഇരുകാലിന്റെയും പിന്‍ഭാഗത്ത് സാരമായി പൊള്ളലേറ്റിട്ടുണ്ട്. ചൊവ്വാഴ്ച വൈകീട്ട് അഞ്ചോടെ സുല്‍ത്താന്‍പേട്ട ജങ്ഷനിലാണ് സംഭവം. ഡി.സി.സി. ഓഫീസില്‍നിന്ന് തുടങ്ങിയ പ്രകടനം സുല്‍ത്താന്‍പേട്ട ജങ്ഷനിലെത്തിയപ്പോള്‍ പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരിക്കാന്‍ ശ്രമിച്ചു. ഇതിനിടെ പോലീസ് സംഭവസ്ഥലത്ത് കുതിച്ചെത്തി പ്രതിഷേധക്കാരെ അറസ്റ്റുചെയ്യാന്‍ ശ്രമം നടത്തി.
ഇതോടെ പ്രവര്‍ത്തകര്‍ തിരക്കിട്ട് പ്രധാനമന്ത്രിയുടെ കോലം കത്തിക്കാന്‍ ശ്രമിച്ചു. കോലത്തിലേക്ക് പെട്രോള്‍ ഒഴിച്ച് ലൈറ്റര്കൊണ്ട് കത്തിക്കുന്നതിനിടെ തീയാളുകയും വിബിനടക്കമുള്ളവരുടെ മുണ്ടിലേക്ക് പടരുകയുമായിരുന്നു. തീ ആളിക്കത്തിയെങ്കിലും വിബിന് മുണ്ട് അഴിച്ചുകളയാന്‍ വൈകി. മറ്റു പ്രവര്‍ത്തകര്‍ മുണ്ടഴിച്ചിട്ട് ഓടിമാറിയതിനാല്‍ കാര്യമായ പൊള്ളലേറ്റില്ല.
വിബിന് തൊട്ടടുത്ത് നിര്‍ത്തിയിട്ടിരുന്ന പോലീസ് വാഹനത്തിനടുത്തേക്ക് ഓടിമാറിയശേഷമാണ് മുണ്ടഴിച്ചിട്ടത്. ഇതിനിടെയാണ് പൊള്ളലേറ്റത്. വിബിനെ പോലീസ് വാഹനത്തില്‍ ജില്ലാ ആശുപത്രിയിലെത്തിച്ചു. ഡി.സി.സി. പ്രസിഡന്റ് എ. തങ്കപ്പന്റെ കാല്‍വിരലിലാണ് പൊള്ളലേറ്റത്.
വീഴ്ച പോലീസിനെന്ന് കോണ്‍ഗ്രസ്
പാലക്കാട്: സമാധാനപരമായി കോണ്‍ഗ്രസ് നടത്തിയ പ്രകടനം സുല്‍ത്താന്‍പേട്ട ജങ്ഷനിലെത്തിയപ്പോള്‍ പ്രവര്‍ത്തകരെ പെട്ടെന്ന് അറസ്റ്റുചെയ്ത് പ്രകോപനമുണ്ടാക്കാന്‍ ശ്രമിച്ചതാണ് അപകടകാരണമെന്ന് ഡി.സി.സി. പ്രസിഡന്റ് എ. തങ്കപ്പന്.
പ്രകടനം സ്റ്റേഡിയം സ്റ്റാന്‍ഡിലെത്തി അവസാനിപ്പിക്കാനായിരുന്നു തീരുമാനം. ഇതിനിടെ പിന്നിലുള്ള പ്രവര്‍ത്തകര്‍ നടന്നെത്താന്‍ വേണ്ടിയാണ് സുല്‍ത്താന്‍പേട്ട ജങ്ഷനില്‍ അല്പനേരം നിന്നത്. ഇതിനിടെ പോലീസ് പ്രവര്‍ത്തകരെ അറസ്റ്റുചെയ്യുകയായിരുന്നു. സമരം പൊളിക്കാനായിരുന്നു പോലീസിന്റെ ശ്രമം. ഇതേത്തുടര്‍ന്നാണ് കോലത്തിന് പെട്ടെന്ന് തീ കൊളുത്തേണ്ടിവന്നതെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..