ആലുവ: എറണാകുളം റൂറൽ ജില്ലയിൽ പുതുതായി രൂപവത്‌കരിച്ച പോലീസ് സബ്ഡിവിഷനുകളുടേയും ശിശു സൗഹൃദ പോലീസ് സ്റ്റേഷന്റെയും ഉദ്ഘാടനം ഓൺലൈനിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. മുനമ്പം, പുത്തൻകുരിശ് എന്നിവിടങ്ങളിലാണ് പുതിയ സബ്ഡിവിഷൻ ആരംഭിക്കുന്നത്.

മുനമ്പം സബ്ഡിവിഷൻ ഓഫീസിൽ നടന്ന ചടങ്ങിൽ എസ്.ശർമ എം.എൽ.എ അധ്യക്ഷത വഹിച്ചു. റൂറൽ ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്, പഞ്ചായത്ത് പ്രസിഡന്റ് രമണി അജയൻ, വാർഡ് മെമ്പർ വി.ജി ശ്രീമോൻ, ഡിവൈ.എസ്.പി ടി.എസ് സിനോജ്, കെ.പി.ഒ.എ ജില്ലാ സെക്രട്ടറി ജെ. ഷാജിമോൻ, കെ.പി.എ ജില്ലാ സെക്രട്ടറി എം.എം അജിത് കുമാർ, എസ്.എച്ച്.ഒ കെ.എസ് സന്ദീപ് തുടങ്ങിയവർ പങ്കെടുത്തു. ഞാറക്കൽ, മുനമ്പം, നോർത്ത് പറവൂർ, വരാപ്പുഴ, വടക്കേക്കര, പുത്തൻവേലിക്കര എന്നീ സ്റ്റേഷനുകളാണ് മുനമ്പം സബ്ഡിവിഷനിൽ വരുന്നത്.

പുത്തൻകുരിശ് സബ്ഡിവിഷൻ ഓഫീസിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ വി.പി സജീന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി.പി വർഗീസ്, വാർഡ് മെമ്പർ കെ.സി ഉണ്ണിമായ, ഡിവൈ.എസ്.പി സി.ജി സനൽകുമാർ, എസ്.എച്ച്.ഒ സാജൻ സേവ്യർ, കെ.പി.ഒ. ജില്ലാ വൈസ് പ്രസിഡന്റ് ബെന്നി കുര്യാക്കോസ്, കെ.പി.എ ജില്ലാ പ്രസിഡന്റ് ടി.കെ ജയകുമാർ തുടങ്ങിയവർ സംബന്ധിച്ചു. പിറവം, കൂത്താട്ടുകുളം, മുളന്തുരുത്തി, ചോറ്റാനിക്കര, പുത്തൻ കുരിശ്, രാമമംഗലം എന്നീ സ്റ്റേഷനുകളാണ് പുത്തൻകുരിശ് സബ് ഡിവിഷനിൽ വരുന്നത്.

അങ്കമാലി ശിശുസൗഹൃദ സ്റ്റേഷനിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ റോജി.എം.ജോൺ എം.എൽ.എ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ റെജി മാത്യു, വാർഡ് കാൺസിലർ ലില്ലി ജോയി, ഡി.വൈ.എസ്.പി വി.രാജീവ്, എസ്.എച്ച്.ഒ സോണി മത്തായി, കെ.പി.ഒ .എ ജില്ലാ കമ്മിറ്റി അംഗം എ.എസ്. വർഗീസ്, കെ.പി.എ ജില്ലാ വൈസ് പ്രസിഡന്റ് ടി.ജയശങ്കർ തുടങ്ങിയവർ പ്രസംഗിച്ചു. റോജി.എം. ജോൺ എം.എൽ.എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 32 ലക്ഷത്തോളം രൂപ ചിലവിട്ടാണ് സ്റ്റേഷൻ കെട്ടിടം നിർമ്മിച്ചിട്ടുള്ളത്