മുംബൈ: രണ്ട് ഏത്തപ്പഴത്തിന് ആഡംബര ഹോട്ടല്‍ ഈടാക്കിയ 442 രൂപ വന്‍ തുകയാണെന്ന് കരുതിയവര്‍ക്ക് തെറ്റി. രണ്ട് പുഴുങ്ങിയ മുട്ടയ്ക്ക് മുംബൈയിലെ ഹോട്ടല്‍ 1700 രൂപ ഈടാക്കിയെന്നാണ് പുതിയ വെളിപ്പെടുത്തല്‍.

എഴുത്തുകാരനായ കാര്‍ത്തിക് ധര്‍ ആണ് മുംബൈയിലെ ഫോര്‍ സീസണ്‍സ് ഹോട്ടല്‍ രണ്ട് മുട്ടയ്ക്ക് 1700 രൂപ ഈടാക്കിയെന്ന് വെളിപ്പെടുത്തിലുമായി രംഗത്തെത്തിയിട്ടുള്ളത്. രണ്ട് ഓംലെറ്റിന് 1700 രൂപ ഈടാക്കിയെന്നും ധര്‍ ട്വിറ്ററില്‍ പോസ്റ്റുചെയ്ത ബില്ലില്‍ വ്യക്തമാക്കുന്നു.

ചണ്ഡീഗഢിലെ ജെ.ഡബ്ല്യൂ മാരിയറ്റ് ഹോട്ടല്‍ രണ്ട് ഏത്തപ്പഴത്തിന് ജി.എസ്.ടി അടക്കം 442 രൂപ ഈടാക്കിയെന്ന വെളിപ്പെടുത്തലുമായി നടന്‍ രാഹുല്‍ ബോസ് നേരത്തെ രംഗത്തെത്തിയിരുന്നു. സംഭവം വിവാദമായതോടെ ചണ്ഡീഗഢിലെ എക്‌സൈസ് ആന്‍ഡ് ടാക്‌സേഷന്‍ വകുപ്പ് ജെ.ഡബ്ല്യൂ മാരിയറ്റ് ഹോട്ടലിന് 25,000 രൂപ പിഴ ചുമത്തിയിരുന്നു.

എന്നാല്‍ കോഴിമുട്ടയ്ക്ക് 1700 രൂപ ഈടാക്കിയെന്ന പുതിയ പരാതിയില്‍ ഹോട്ടല്‍ അധികൃതരുടെ പ്രതികരണം ഇരുവരെ വന്നിട്ടില്ല. എന്നാല്‍ ട്വിറ്ററില്‍ ഇതിനെതിരെ രൂക്ഷ വിമര്‍ശം ഉയര്‍ന്നിട്ടുണ്ട്. അതിസമ്പന്ന കുടുംബത്തിലെ കോഴിയിട്ട മുട്ടയാകാം ഇതെന്ന് ചിലര്‍ പരിഹസിച്ചു. സ്വര്‍ണം വിരിയുന്ന മുട്ടയാണോ ഇതെന്നും പലരും ചോദിക്കുന്നു.

ഏത്തപ്പഴത്തിന് വന്‍ തുക ഈടാക്കിയ ജെ.ഡബ്ല്യൂ മാരിയറ്റിന്റെ നടപടിയെ ന്യായീകരിച്ച് ഹോട്ടല്‍ ഉടമകളുടെ സംഘടന രംഗത്തെത്തിയിരുന്നു. കടകളില്‍നിന്ന് വിപണി വിലയ്ക്ക് ഏത്തപ്പഴം വാങ്ങുന്നതുപോലെ ആഡംബര ഹോട്ടലില്‍നിന്ന് വാങ്ങാന്‍ കഴിയുമെന്ന് കരുതേണ്ടെന്ന് അവര്‍ വിശദീകരിച്ചിരുന്നു.

ഹോട്ടലിലെ മികച്ച സേവനം, വിലയേറിയ പ്ലേറ്റുകള്‍, ഗുണനിലവാരം ഉറപ്പാക്കിയ പഴങ്ങള്‍, ഹോട്ടലിലെ ആഡംബര സൗകര്യങ്ങള്‍ എന്നിവയുടെയെല്ലാം തുക ഈടാക്കേണ്ടി വരുമെന്നാണ് ഹോട്ടല്‍ ഉടമകളുടെ വിശദീകരണം. വഴിയരികില്‍ പത്ത് രൂപയ്ക്ക് കാപ്പികിട്ടുമെങ്കിലും ആഡംബര ഹോട്ടലിന് കാപ്പിക്ക് 250 രൂപയോളം ഈടാക്കേണ്ടി വരുമെന്നും അവര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Content Highlights: Mumbai hotel charged Rs 1700 for two boiled eggs