ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പില്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. മുല്ലപ്പള്ളി കല്‍പ്പറ്റയില്‍നിന്ന് മത്സരിക്കാനാണ് സാധ്യതയെന്നാണ് സൂചന. മത്സരിക്കുന്ന കാര്യം സംബന്ധിച്ച് മുല്ലപ്പള്ളി ഹൈക്കമാന്‍ഡുമായി ചര്‍ച്ച നടത്തി.  

കോഴിക്കോട്, വയനാട് ജില്ലകളിലെ ഏതെങ്കിലും സീറ്റിലായിരിക്കും മുല്ലപ്പള്ളി മത്സരിക്കുക. കൊയിലാണ്ടി, കല്‍പറ്റ സീറ്റുകള്‍ പരിഗണിക്കുന്നതില്‍ യുഡിഎഫ് സുരക്ഷിത സീറ്റായി കരുതുന്ന കല്‍പറ്റയ്ക്കാണ് സാധ്യത കൂടുതല്‍

ജയസാധ്യതയുള്ള മുതിര്‍ന്ന നേതാക്കള്‍ മത്സരിക്കണമെന്ന അഭിപ്രായമാണ് ഹൈക്കമാന്‍ഡിനുള്ളത്. അതുകൊണ്ടുതന്നെ മുല്ലപ്പള്ളി മത്സരിക്കുന്നതില്‍ ഹൈക്കമാന്‍ഡിന് എതിര്‍പ്പില്ലെന്നാണ് വിവരം. കേരളത്തിലെ രാഷ്ട്രീയ സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷമായിരിക്കും ഇക്കാര്യത്തില്‍ ഹൈക്കമാന്‍ഡ് അന്തിമ തീരുമാനം എടുക്കുക. 

എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറും കേരളത്തിലെ നേതാക്കളും മുല്ലപ്പള്ളി മത്സരിക്കുന്നതിനെ അനുകൂലിക്കുന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.  രാഹുല്‍ ഗാന്ധിയും സോണിയാ ഗാന്ധിയും മുല്ലപ്പള്ളിയുടെ സ്ഥാനാര്‍ഥിത്വത്തിനോട് വിയോജിപ്പില്ല എന്ന് വ്യക്തമാക്കിയട്ടുണ്ട്.  

കോണ്‍ഗ്രസിലെ സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച് ഡല്‍ഹിയിലെ ചര്‍ച്ചകള്‍ ഇന്നലെ പൂര്‍ത്തിയായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും മത്സരിക്കും എന്ന വിവരവും നേരത്തെ പുറത്തുവന്നിരുന്നു.

Content Highlights: Mullappally will contest in Kerala Legislative Assembly Election 2021