തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാക്കള്‍ തന്നോട് വൈരാഗ്യബുദ്ധിയോടെ പെരുമാറുന്നുവെന്ന കെ.പി.സി.സി. പ്രസിഡന്റ് കെ സുധാകരന്റെ ആരോപണത്തിന് മറുപടിയുമായി മുൻ അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്‍. ഞാന്‍ ഇതുവരെ ആരോടും വൈരാഗ്യബുദ്ധിയോടെ പെരുമാറിയിട്ടില്ല. കെ സുധാകരന്‍ വളരെ അച്ചടക്കത്തോടെ പാര്‍ട്ടിയെ മുന്നോട്ടു കൊണ്ടുപോകണമെന്ന് ആഗ്രഹിച്ചയാളാണ് താന്‍. അതുകൊണ്ട് പാര്‍ട്ടിയുടെ മുന്നോട്ടുള്ള പ്രയാണത്തില്‍ ഒരു തടസവും സൃഷ്ടിക്കാന്‍ പാടില്ലെന്ന് തനിക്ക് നിര്‍ബന്ധബുദ്ധിയുണ്ട്. അതുകൊണ്ടാണ് മൗനിയായി നില്‍ക്കുന്നത്. പക്ഷേ തന്റെ മൗനം വാചാലമാണെന്നത് കേരളത്തിനറിയാമെന്ന് മുല്ലപ്പള്ളി പ്രതികരിച്ചു. 

സംഘടനാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന കെ സുധാകരന്റെ പ്രസ്താവന തിരഞ്ഞെടുപ്പിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യും. സംഘടനാ തിരഞ്ഞെടുപ്പ് നടത്തുന്നയാള്‍ തന്നെ മത്സരിക്കാന്‍ നില്‍ക്കുന്നത് ശരിയായ നിലപാടല്ല. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചുകഴിഞ്ഞാല്‍ പിന്നീട് പുനഃസംഘടന നടത്തുന്നത് രാഷ്ട്രീയമായി അധാര്‍മികമാണ്. 

മുല്ലപ്പള്ളിയും സുധീരനും തന്നോട് വൈരാഗ്യബുദ്ധിയോടെ പെരുമാറുന്നു, തന്നോട് സഹകരിക്കേണ്ട എന്ന് തീരുമാനിച്ച് ഉറപ്പിച്ചാണ് ഇരുനേതാക്കളുടേയും നീക്കമെന്നായിരുന്നു കെ സുധാകരന്റെ പരാമര്‍ശം. 

എഐസിസി സംഘടനാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പുനഃസംഘടന നിര്‍ത്തിവെക്കണമെന്ന ആവശ്യം കഴിഞ്ഞ ദിവസം കെപിസിസി നേതൃയോഗത്തില്‍ ഉയര്‍ന്നിരുന്നു. പുനഃസംഘടനയോടുള്ള ഭിന്നത വ്യക്തമാക്കി എ, ഐ ഗ്രൂപ്പുകള്‍ രംഗത്തെത്തുകയും ചെയ്തു. എന്നാല്‍ ഗ്രൂപ്പ് നിര്‍ദേശങ്ങള്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ തള്ളുകയായിരുന്നു.