
മുല്ലപ്പള്ളി രാമചന്ദ്രൻ | ഫോട്ടോ: പി.ജി.ഉണ്ണികൃഷ്ണൻ മാതൃഭൂമി
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ കൂട്ടുപ്രതിയാണ് മുഖ്യമന്ത്രിയെന്ന് കെ.പി.സി.സി.അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. മുഖ്യമന്ത്രിക്ക് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ സാധിക്കില്ലെന്നും എത്രയും പെട്ടെന്ന് അധികാരത്തിൽ ഒഴിയണമെന്നും മുല്ലപ്പളളി ആവശ്യപ്പെട്ടു. എം.ശിവശങ്കരനെ ഇ.ഡി. അറസ്റ്റുചെയ്തതിന്റെ പശ്ചാത്തലത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുല്ലപ്പള്ളി.
പ്രിൻസിപ്പൽ സെക്രട്ടറിയിൽ മാത്രം ഒതുങ്ങുന്ന അന്വേഷണമാകരുത് ഇത്. അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയും വിവാദപുരുഷനാണ്. അദ്ദേഹം തിരശീലയ്ക്ക് പിന്നിലാണ്.
അദ്ദേഹവും മുഖ്യമന്ത്രിയും തമ്മിലുളള ബന്ധം അന്വേഷിക്കണം. അദ്ദേഹത്തിന്റെ സ്വത്തുവിവരം അന്വേഷിക്കണം. അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയും ശിവശങ്കറുമായി എത്രവർഷത്തെ ബന്ധമുണ്ട്, അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയും മുഖ്യമന്ത്രിയുടെ കുടുംബവുമായി എത്രബന്ധമുണ്ട് തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കണം.
കസ്റ്റംസിലെ ചില ഉദ്യോഗസ്ഥന്മാർ ഒളിച്ചുകളി നടത്തി. സ്വർണക്കടത്തുകേസുമായി ബന്ധപ്പെട്ട് ഒരു റാക്കറ്റ് തന്നെ പ്രവർത്തിക്കുന്നുണ്ടെന്നും മുല്ലപ്പള്ളി ആരോപിച്ചു.
മുഖ്യമന്ത്രി രാജിവെക്കാൻ തയ്യാറായില്ലെങ്കിൽ അതിശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടുപോകാനാണ് കോൺഗ്രസിന്റെ തീരുമാനം. മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനവ്യാപകമായി ഇന്നുതന്നെ കോവിഡ് പ്രൊട്ടോക്കോൾ പാലിച്ചുകൊണ്ടുളള പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..