മുല്ലപ്പള്ളി രാമചന്ദ്രൻ |Photo:mathrubhumi
കോഴിക്കോട്: വടകര താലൂക്ക് ഓഫീസിലുണ്ടായ അഗ്നിബാധയെക്കുറിച്ചു സമഗ്ര അന്വേഷണം നടത്തി യഥാര്‍ഥ കുറ്റവാളികളെ നിയമത്തിന് മുന്പില് കൊണ്ടുവരണമെന്ന് മുന്‍ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് ആവശ്യപ്പെട്ടു.
നിലവില്‍ പ്രതി ചേര്‍ത്ത ആന്ധ്രാ സ്വദേശി തെരുവില്‍ കഴിയുന്ന ഒരാളാണ്. തണുപ്പ് മാറ്റാന്‍ താലൂക്ക് ഓഫീസിന് തീയിട്ടെന്ന ഇയാളുടെ വാദം വിചിത്രവും അവിശ്വസനീയവുമാണ്. ഇയാളെ പ്രതി ചേര്‍ത്ത് കസ്റ്റഡിയിലെടുത്തിട്ടും വീണ്ടും എങ്ങിനെ താലൂക്ക് ഓഫീസില്‍ തീപിടിച്ചെന്ന് മുല്ലപ്പള്ളി ചോദിച്ചു.
ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള അന്വേഷണമാണ് നടത്തുന്നത്. രണ്ട് ജില്ലാ സ്വഭാവമുള്ള കോടതികളടക്കം നിരവധി കോടതികളും, ഓഫീസുകളും പ്രവര്‍ത്തിക്കുന്ന സ്ഥലമാണിത്. നൂറു വര്‍ഷത്തിലേറെ പഴക്കമുള്ള വടകര താലൂക്ക് ഓഫീസില്‍ ബ്രിട്ടീഷ്കാരുടെ കാലത്തടക്കമുള്ള നിരവധി ഫയലുകള്‍ സൂക്ഷിച്ചിട്ടുണ്ട്. ഇതാണ് കത്തിയത്.
എന്നാല്‍ ഇവിടെ സി.സി.ടി.വിയോ സുരക്ഷാ സംവിധാനമോ ഒരുക്കാന്‍ കഴിയാത്തതും ഗുരുതര വീഴ്ചയാണെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടി. തലസ്ഥാനത്ത് സെക്രട്ടറിയേറ്റില്‍ സുപ്രധാന പ്രോട്ടോക്കോള്‍ രേഖകള്‍ കത്തിയിരുന്നു. ആ അന്വേഷണം എവിടയും എത്തിയില്ല. അതേ ഉദാസീനത ഇവിടെയും തുടരുകയാണ്. എല്ലാം തേച്ചുമായ്ച്ചു കളയാനുള്ള സമീപനമാണ് ഇവിടെയെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ ഒരു സാഹചര്യത്തില്‍ സമഗ്ര അന്വേഷണം ആവശ്യമാണെന്ന് മുല്ലപ്പള്ളി വ്യക്തമാക്കി.
Content Highlights: Mullappally Ramachandran, Vadakara taluk office fire
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..