കോഴിക്കോട്: 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള 20 മണ്ഡലങ്ങളിലെയും സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ ധാരണയായെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. 

മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മത്സരിക്കാന്‍ തയ്യാറാണെങ്കില്‍ ഏതു സീറ്റും വിട്ടുനല്‍കാന്‍ തയ്യാറാണ്. താന്‍ ഇത്തവണ മത്സരിക്കുന്നില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. കോഴിക്കോട് യു.ഡി.എഫിന്റെ കളക്ടറേറ്റ് ഉപരോധം ഉദ്ഘാടനം ചെയ്ത ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ ലിസ്റ്റ് ഫെബ്രുവരി 20-നു മുമ്പേ സമര്‍പ്പിക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ സജീവമാക്കികൊണ്ട് സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റില്‍ ധാരണയായിക്കഴിഞ്ഞെന്ന് മുല്ലപ്പള്ളി അറിയിച്ചത്.

നിലവില്‍ വടകര ലോക്സഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന മുല്ലപ്പള്ളി, കെ.പി.സി.സി അധ്യക്ഷനായതോടെ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഇതോടെ വടകരയില്‍ പുതിയ സ്ഥാനാര്‍ഥിയെ കണ്ടെത്തേണ്ടിവരും. നിലവിലെ സിറ്റിങ് എം.പിമാര്‍ക്കെല്ലാം സീറ്റ് നല്‍കുമെന്നും നേരത്തെ വ്യക്തമാക്കിയിരുന്നു. 

നിലവില്‍ ആന്ധ്രാപ്രദേശിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായ ഉമ്മന്‍ചാണ്ടിയെ ലോക്സഭയിലേക്ക് മത്സരിപ്പിക്കണമെന്ന് പാര്‍ട്ടിക്കുള്ളിലും ആവശ്യം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച് ഉമ്മന്‍ചാണ്ടി മനസ്സ് തുറന്നിട്ടില്ല.

content highlights:Mullappally Ramachandran on 2019  loksabha election