കോഴിക്കോട്: ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കെതിരെ ഗുരുതര ആരോപണവുമായി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. ദേശീയ അന്വേഷണ ഏജന്‍സി ഓഫീസറായിരുന്നപ്പോള്‍ ഇസ്രത്ത് ജഹാന് വ്യാജ ഏറ്റമുട്ടലില്‍ നരേന്ദ്ര മോദിയേയും അമിത് ഷായേയും രക്ഷിച്ചതിന് ലഭിച്ച പ്രത്യുപകാരമാണ് ലോക്നാഥ് ബെഹ്റയ്ക്ക് ലഭിച്ച ഡിജിപി പദവിയെന്ന് മുല്ലപ്പള്ളി രാമചന്ദ്രന് ആരോപിച്ചു.
അന്ന് ബെഹ്റ മോദിയേയും അമിത് ഷായേയും വെള്ളപ്പൂശി റിപ്പോര്‍ട്ട് നല്കി. ഇതിന്റെ ഫയലുകള്‍ ഞാന്‍ ആഭ്യന്തര സഹമന്ത്രി ആയിരിക്കുമ്പോള്‍ കണ്ടിട്ടുണ്ടെന്നും മുല്ലപ്പള്ളി വെളിപ്പെടുത്തി. കഴിഞ്ഞ ദിവസം വടകരയില്‍ യൂത്ത് ലീഗ് വേദിയില്‍ നടത്തിയ പ്രസംഗത്തിലാണ് മുല്ലപ്പള്ളി ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.
ബെഹ്റ അന്ന് നല്കിയ റിപ്പോര്‍ട്ട് ഞങ്ങളെയൊക്കെ വിസ്മയപ്പെടുത്തിയിരുന്നു. ഇതിന്റെ പ്രത്യുപകാരമായി അദ്ദേഹത്തെ ഡിജിപിയാക്കി പിണറായി വിജയന് അധികാരമേറ്റെടുത്തപ്പോള്‍ ആദ്യ ഫയലായി തന്നെ മോദി ഒപ്പിട്ടുവാങ്ങുകയായിരുന്നു. പിണറായി വിജയനും നരേന്ദ്ര മോദിക്കും ഇടയിലുള്ള പാലമാണ് ബെഹ്റയെന്നും മുല്ലപ്പള്ളി ഇന്നും മാധ്യമപ്രവര്‍ത്തകരോട് ആവര്‍ത്തിച്ചു പറഞ്ഞു.
മുന്‍ ആഭ്യന്തര സഹമന്ത്രിയായ മുല്ലപ്പള്ളി രാമചന്ദ്രന് താന്‍ ഇതുമായി ബന്ധപ്പെട്ട ഫയലുകള്‍ കണ്ടിട്ടുണ്ടെന്ന് പൊതുജനമധ്യത്തില്‍ വെളിപ്പെടുത്തിയത് ബെഹ്റയെ ചൊല്ലി വരും ദിവസങ്ങളില്‍ വന്‍ രാഷ്ട്രീയ കോളിളക്കമുണ്ടാകുമെന്നാണ് കരുതുന്നത്. എന്നാല്‍ സത്യപ്രതിജ്ഞാ ലംഘനത്തോളം വരുന്ന പിഴവാണ് മുല്ലപ്പള്ളിയുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും വിമര്‍ശനം ഉയരുന്നുണ്ട്.
Content Highlights:Mullappally Ramachandran, DGP Loknath Behra, CM Pinarayi Viajayan, PM Modi