തിരുവനന്തപുരം: കേരളത്തില്‍ തിരഞ്ഞെടുപ്പില്‍ 30-40 നേടിയാല്‍ കേരളത്തില്‍ അധികാരത്തില്‍ എത്താന്‍ കഴിയുമെന്ന ബിജെപി നേതാവ് കെ സുരേന്ദ്രന്റെ പ്രസ്താവനയെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സ്വപ്‌നലോകത്തിരുന്ന് സുരേന്ദ്രന് എന്തും പറയാമല്ലോ, അതിന് അത്ര പ്രധാന്യം മാത്രമെ നല്‍കുന്നുള്ളൂവെന്ന് മുല്ലപ്പള്ളി പ്രതികരിച്ചു.

തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് യുഡിഎഫ് നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടുകയെന്നും അദ്ദേഹം പറഞ്ഞു. റെക്കോര്‍ഡ് ഭൂരിപക്ഷം നേടുമെന്ന ശുഭപ്രതീക്ഷയുണ്ട്. അതിനുള്ള എല്ലാ സാധ്യതയും തെളിഞ്ഞുവന്നിട്ടുമുണ്ട്. പുതുമുഖങ്ങള്‍ക്കും യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും പ്രാതിനിധ്യം നല്‍കണമെന്ന് തന്നെയാണ് പദ്ധതി. അത് തന്നെയാണ് രാഹുല്‍ ഗാന്ധി നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.

കേരളത്തില്‍ സിപിഎം-ബിജെപി ധാരണയുണ്ട്. അതില്‍ ഒരു സംശയവുമില്ല. പത്ത് സീറ്റുകളിലാണ് ധാരണ. അഞ്ച് സീറ്റില്‍ ജയിച്ചുവന്ന് നിയമസഭയില്‍ പ്രാതിനിധ്യം ഉറപ്പാക്കാനാണ് ബിജെപി ശ്രമം. അതിനായി കേരളത്തിലെ സിപിഐഎം നേതാക്കന്മാരും അഖിലേന്ത്യാ ബിജെപി നേതാക്കളും തമ്മില്‍ കരാര്‍ ഉണ്ടായിക്കിയിട്ടുള്ളത്.' എന്നും മുല്ലപ്പള്ളി കൂട്ടിചേര്‍ത്തു.