വടകര: നികുതിപ്പണമെടുത്ത് പി.ആര്‍ പണി നടത്തി നാട്ടുകാരുടെ അന്നം മുടക്കിയത് മുഖ്യമന്ത്രിയാണെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. അന്യന്റെ ചട്ടിയില്‍ നിന്ന് അന്നം വാരുന്നവരെ തുറന്നു കാട്ടുകയാണ് പ്രതിപക്ഷ നേതാവ് ചെയ്തത്. തുറന്നു കാണിച്ചത് സര്‍ക്കാരിന്റെ കൊള്ളയാണ്. അത് ഇനിയും തുടരുമെന്നും മുല്ലപ്പള്ളി വടകരയില്‍ പറഞ്ഞു.

വിശ്വാസ്യതയില്ലാത്ത മുഖ്യമന്ത്രി  പറയുന്നത് ആരും വിശ്വസിക്കില്ല. സൗജന്യ റേഷന്‍ രാജ്യത്ത് കൊണ്ടുവന്നത് കോണ്‍ഗ്രസാണ്. മഹാമാരിക്കാലത്ത് കേരളം ഭരിക്കുന്നത് യു.ഡി.എഫ് ആയിരുന്നെങ്കില്‍ കിറ്റ് മാത്രമായിരുന്നില്ല കൊടുക്കുക. കിറ്റിന്റെ പേരില്‍ വോട്ട് പിടിക്കുന്നത് നാണക്കേടാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

"ശബരിമലയില്‍  സി.പി.എമ്മിന്  വ്യക്തതയില്ല. പാര്‍ട്ടി നിലപാട് എന്താണ് എന്ന് പിണറായി വിജയന്‍ പറയണം. ഇതു വരെ ഇത് തിരഞ്ഞെടുപ്പ് വിഷയമായിരുന്നില്ല. എന്നാല്‍ തരാതരം നിലപാട് മാറ്റുകയാണ് ഇടതുപക്ഷം. അതുകൊണ്ടു തന്നെ ശബരിമല  പ്രചാരണ വിഷയവുമാണ്. വിവാദനായികയെ സ്പീക്കര്‍ വിളിച്ച് എന്താണ് പറഞ്ഞത്". ലൈംഗികച്ചുവയുള്ള പെരുമാറ്റമാണെന്ന്  സ്വപ്ന പറഞ്ഞെന്ന് ഒരു പത്രം റിപ്പോര്‍ട്ട് ചെയ്തുവെന്നാണ് കേൾക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.

content highlights: Mullappally Ramachandran against Pinarayi Vijayan