തിരുവനന്തപുരം: കഴിഞ്ഞ 50 വര്‍ഷത്തിനിടെ സ്ലോട്ട് വെച്ച് കെ.പി.സി.സി പ്രസിഡന്റിനെ കാണേണ്ട ഗതികേട് തനിക്കുണ്ടായിട്ടില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്‍. മുല്ലപ്പള്ളിക്ക് 20 മിനിറ്റ് സമയം അനുവദിച്ചെന്ന കെ.പി.സി.സി പ്രസിഡന്റിന്റെ പരാമര്‍ശത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് മുല്ലപ്പള്ളി ഇക്കാര്യം പറഞ്ഞത്. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറുമായുള്ള സമവായ ചര്‍ച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുല്ലപ്പള്ളി.

മുല്ലപ്പള്ളി ഫോണ്‍ വിളിച്ചാല്‍ എടുക്കാറില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് പറഞ്ഞതായി മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ സീനിയര്‍ നേതാക്കന്മാര്‍ ആരും താന്‍ വിളിച്ചാല്‍ ഫോണ്‍ എടുക്കാറില്ല എന്ന പരാതി പറയാറില്ല എന്നായിരുന്നു മുല്ലപ്പള്ളിയുടെ മറുപടി. കെ.പി.സി.സി അധ്യക്ഷന്‍ എന്തുകൊണ്ടാണ് അങ്ങനെ പറഞ്ഞത് എന്നറിയില്ല. 

സുധീരന്‍ തന്റെ ആത്മ സുഹൃത്താണ്. ഒരുപാട് മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ജീവിക്കുന്ന നേതാവാണ് വി.എം സുധീരന്‍. അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ പൂര്‍ണമായും ഉള്‍ക്കൊണ്ട് മാത്രമേ പാര്‍ട്ടിക്ക് മുന്നോട്ട് പോകാനാവുകയുള്ളു. എല്ലാ സീനിയര്‍ നേതാക്കളെയും പാര്‍ട്ടി ഉള്‍കൊള്ളണം. എല്ലാവരെയും ചേര്‍ത്ത് പിടിച്ചുകൊണ്ട് മുന്നോട്ട് പോകണം. ഇതൊരു ജനാധിപത്യ പാര്‍ട്ടിയാണെന്നും മുല്ലപ്പള്ളി ഓര്‍മ്മിപ്പിച്ചു.

വി.എം സുധീരനുമായും ചര്‍ച്ച നടത്തുമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ പറഞ്ഞു. എല്ലാവരെയും വിശ്വാസത്തിലെടുത്ത് പാര്‍ട്ടി മുന്നോട്ട് പോകും. മറ്റ് മുതിര്‍ന്ന നേതാക്കളുമായും ചര്‍ച്ച ചെയ്യും. മുല്ലപ്പള്ളിയുടെ നിര്‍ദേശങ്ങള്‍ പാര്‍ട്ടിക്ക് അനിവാര്യമാണെന്നും താരിഖ് അന്‍വര്‍ വ്യക്തമാക്കി.

Content Highlights: Mullappally Ramachandran, VM Sudheeran, Congress