മുല്ലപ്പള്ളി രാമചന്ദ്രൻ | ഫൊട്ടൊ: പിജി ഉണ്ണികൃഷ്ണൻ|മാതൃഭൂമി
തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന്‍ സെക്രട്ടറി സ്ഥാനം രാജിവെക്കേണ്ടെന്ന നിലപാട് സിപിഎം പതനത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍.
പാര്‍ട്ടിയുടെ സുപ്രാധാനമായ കേന്ദ്ര കമ്മിറ്റി യോഗം നടക്കുമ്പോള്‍ അവിടെ സി.പിഎമ്മിന്റെ ഏക ഭരണം നിലനില്‍ക്കുന്ന സംസ്ഥാനത്തെക്കുറിച്ച് വിശദമായ ചര്‍ച്ചയും സത്യസന്ധമായ വിലയിരുത്തലുകളും നടത്തേണ്ടതായിരുന്നു. എന്നാല്‍ അത് ഉണ്ടായില്ലെന്ന് മാത്രമല്ല പാര്‍ട്ടി സെക്രട്ടറിയെയും മുഖ്യമന്ത്രിയെയും വെള്ളപൂശാനാണ് ശ്രമിച്ചത്. ഈ പാര്‍ട്ടിയെ ആര്‍ക്കും രക്ഷിക്കാനാകില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.
വി.എസ് അച്യുതാനന്ദന്‍ നട്ടെല്ലുള്ള നേതാവായിരുന്നു, അങ്ങനെയുള്ള നേതാക്കള്‍ക്ക് ആര്‍ജവത്തോടെ സംസാരിക്കാനാകാത്തതാണ് സി.പി.എമ്മിന്റെ ദുരന്തത്തിന് കാരണമെന്നും മുല്ലപ്പള്ളി അഭിപ്രായപ്പെട്ടു. ആര്‍ജ്ജവ ബോധമുള്ള ചോദ്യം ചെയ്യുന്ന ഒരു തലമുറയാണ് സി.പിഎമ്മിന് ആവശ്യമുള്ളത്, നിര്‍ഭാഗ്യവശാല്‍ ആ തലമുറ ഇന്ന് സി.പി.എമ്മിന് നഷ്ടമായിരിക്കുന്നു. കലാപത്തിന്റെ കൊടി ഉയര്‍ത്തുന്ന ആളുകളെ അരിഞ്ഞു തള്ളുക എന്ന പാര്‍ട്ടിയുടെ പാരമ്പര്യം അറിയാവുന്നതുകൊണ്ടാണോ യുവ നേതാക്കാള്‍ വിഷയങ്ങളില്‍ സത്യസന്ധമായി പ്രതികരിക്കാത്തത് എന്നും അദ്ദേഹം ചോദിച്ചു.
സ്വര്‍ണക്കടത്തില്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം മന്ദഗതിയിലാണ്. കെ.ടി ജലീലിനെ ചോദ്യം ചെയ്തതിന് ശേഷം തുടര്‍നടപടിയില്ല. സ്പീക്കര്‍ അടക്കം ഉത്തരവാദിത്വമുള്ള സി.പിഎമ്മിന്റെ നേതാക്കന്മാര്‍ സ്വപ്ന സുരേഷുമായി നിരന്തരമായി ബന്ധപ്പെട്ടിരുന്ന വ്യക്തികളാണെന്ന് തെളിഞ്ഞതാണ്. ഇവര്‍ക്ക് പുറമേ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കും അവരുമായി ബന്ധമുണ്ട്. എന്നാല്‍ അവരിലേക്ക് ഒന്നും അന്വേഷണം എത്തുന്നില്ല.
ഡിപ്ലോമാറ്റിക് ബാഗേജുമായിട്ടുള്ള വിവാദങ്ങള്‍ വന്നപ്പോള്‍ ബി.ജെ.പിയില്‍ നിന്ന് രണ്ട് അഭിപ്രായമാണ് ഉണ്ടായത്. കേസന്വേഷണത്തെക്കുറിച്ച് ജനങ്ങള്‍ക്ക് ആശങ്കയും ഉത്കണ്ഠയും നിലനില്‍ക്കുന്നുണ്ട്. കേന്ദ്ര ഏജന്‍സികളെ അന്വേഷണവുമായി മുന്നോട്ട് പോകുന്നതില്‍ നിന്ന് ആരോ തടയുന്നു. അന്വേഷണം സംബന്ധിച്ച രേഖകള്‍ എല്ലാം എത്രയും വേഗം പിടിച്ചെടുക്കണം. മിടുക്കരായ ഉദ്യോഗസ്ഥര്‍ക്ക് ആരോ വിലങ്ങ് ഇട്ടതായി തോന്നുന്നു. അത് ദൂരികരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അന്വേഷണങ്ങളെ ഒരു പ്രഹസനമായി മാത്രമേ കാണാന്‍ കഴിയൂ. അന്വേഷണത്തില്‍ ബി.ജെ.പി-സി.പി.എം രഹസ്യ ധാരണ എന്ന് പറയേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
കോടിയേരി മക്കളെ ഇങ്ങനെ അല്ലായിരുന്നു വളര്‍ത്തേണ്ടിയിരുന്നത്. ബിനീഷിന് അന്താരാഷ്ട്ര വ്യാപ്തിയുള്ള മയക്കുമരുന്ന് ലോബിയുമായി ബന്ധമുണ്ടെന്ന് സ്ഥാപിക്കുന്ന കൂടുതല്‍ കൂടുതല്‍ തെളിവുകളാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. മൂത്ത മകന്‍ അധോലോകത്തെ ആള്‍ക്കാരെയും കൊണ്ടുചെന്നാണ് ഇന്നലെ ഇഡി ഓഫീസില്‍ ചെന്ന് ബഹളം ഉണ്ടാക്കിയത്. കെ.പി.സി.സിയുടെ അധ്യക്ഷന്‍ എന്ന നിലയില്‍ താന്‍ പറയുന്ന കാര്യങ്ങള്‍ തന്നെയാണ് ആധികാരികമായി പാര്‍ട്ടിയുടെ അഭിപ്രായമെന്നും പാര്‍ട്ടിയുടെ അഭിപ്രായമായി കാണണമെന്നും അദ്ദേഹം പറഞ്ഞു.
content highlights: Mullappally Ramachandran statement against CPM
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..