ന്യൂഡല്‍ഹി: സുപ്രീംകോടതിയുടെ പരിഗണനയിലാണെങ്കിലും ശബരിമലയില്‍ നിയമനിര്‍മാണം സാധ്യമാണെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. തങ്ങള്‍ അധികാരത്തില്‍ എത്തിയാല്‍ നിയമനിര്‍മാണം ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു. കോടതിയുടെ പരിഗണനിയിലായതിനാല്‍ ഇക്കാര്യത്തില്‍ നിലപാടെടുക്കാന്‍ ആവില്ലെന്നാണ് സിപിഎം പറയുന്നത്. എന്നാല്‍ നിയമവിദഗ്ദ്ധരുമായി തങ്ങള്‍ കൂടിയാലോചനകള്‍ നടത്തിയിട്ടുണ്ട്. നിയമനിര്‍മാണത്തിന് സാധ്യമാണെന്നാണ് എല്ലാവരും പറഞ്ഞതെന്നും മുല്ലപ്പള്ളി പറഞ്ഞു. 

ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കാന്‍ തയ്യാറാകണം. തോമസ് ഐസക്കല്ല സര്‍ക്കാരിന്റെ നിലപാട് പറയേണ്ടതെന്നും പിണറായി ആണെന്നും മുല്ലപ്പള്ളി പറഞ്ഞു. കോടതിവിധിയാണ് സര്‍ക്കാരിന്റെ നയമമെന്ന് തോമസ് ഐസക് പറഞ്ഞതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

വെറുക്കപ്പെട്ട സര്‍ക്കാരാണിത്. ഒരു ജനക്ഷേമപ്രവര്‍ത്തനങ്ങളെ കുറിച്ചും ഈ സര്‍ക്കാരിന് അവകാശവാദം ഉന്നയിക്കാനില്ല. അതുകൊണ്ട് അവര്‍ വര്‍ഗീയധ്രുവീകരണത്തിന് ശ്രമിക്കുന്നത്.
ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍ ആശയകുഴപ്പം സൃഷ്ടിച്ചും ഭൂരിപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍ ഭിന്നിപ്പ് സൃഷ്ടിച്ചുമാണ് സര്‍ക്കാര്‍ തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്നത്. 

കോണ്‍ഗ്രസ് സംസ്ഥാനം ഭരിച്ചിരുന്ന കാലത്തെ മാറ്റങ്ങളാണ് ഇവിടെയുണ്ടായിട്ടുള്ളത് മുഴുവനും. അതിനോട് കിടപിടിക്കാന്‍ ആര്‍ക്കും സാധ്യമല്ലെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.

Content Highlights: mullappally ramachandran abaout sabarimala