രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ, ഉമ്മൻചാണ്ടി | ഫോട്ടോ: മാതൃഭൂമി
തിരുവനന്തപുരം: കെ.പി.സി.സി. അധ്യക്ഷ സ്ഥാനം രാജിവെക്കാൻ മുല്ലപ്പള്ളി രാമചന്ദ്രൻ സന്നദ്ധത അറിയിച്ചതിന് പിന്നാലെ ഇന്ന് നടക്കുന്ന യു.ഡി.എഫ്. യോഗത്തിൽ നിന്ന് അദ്ദേഹം വിട്ടുനിൽക്കും. കെ.പി.സി.സി. അധ്യക്ഷനെന്ന നിലയിലായിരുന്നു അദ്ദേഹം യോഗത്തിൽ പങ്കെടുക്കേണ്ടിയിരുന്നത്. രാജി അറിയിച്ചതിനാല്‍ യോഗത്തിൽ പങ്കെടുക്കുന്നില്ലെന്ന് രമേശ് ചെന്നിത്തലയേയും മുല്ലപ്പള്ളി അറിയിച്ചിട്ടുണ്ട്.
നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വലിയ തോൽവിയെ അഭിമുഖീകരിക്കേണ്ടി വന്നതോടെ വലിയ വിമർശനമായിരുന്നു മുല്ലപ്പള്ളിക്കെതിരേ പാർട്ടിക്കുള്ളിൽനിന്ന് ഉയർന്നത്. അധ്യക്ഷസ്ഥാനം ഒഴിയണമെന്നും ആവശ്യപ്പെട്ടിരുന്നു. തുടർന്ന് മുല്ലപ്പള്ളി രാജി സന്നദ്ധത അറിയിച്ചതായി രമേശ് ചെന്നിത്തല തന്റെ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. ഇതിന്റെ തുടർച്ചയെന്നോണമാണ് ഇന്ന് നടക്കുന്ന യോഗത്തിൽനിന്ന് വിട്ടുനിൽക്കാനും തീരുമാനിച്ചത്.
തിരഞ്ഞെടുപ്പു പരാജയത്തെ തുടർന്ന് പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തലയ്ക്കെതിരേയും മുല്ലപ്പള്ളിക്കെതിരേയുമായിരുന്നു വിമർശനങ്ങൾ മുഴുവൻ. പ്രതിപക്ഷനേതൃ സ്ഥാനത്ത് നിന്ന് രമേശ് ചെന്നിത്തല മാറി വി.ഡി. സതീശൻ വന്നതിന് സമാനമായി കെ.പി.സി.സി. അധ്യക്ഷനും മാറണമെന്നായിരുന്നു ആവശ്യം.
കെ.പി.സി.സി. അധ്യക്ഷ സ്ഥാനത്തേക്ക് കെ. സുധാകരൻ, പി.ടി. തോമസ് എന്നിവരുടെ പേരുകൾക്കാണ് ഇപ്പോൾ മുൻതൂക്കമുള്ളത്. എന്നാൽ, സുധാകരൻ അധ്യക്ഷ സ്ഥാനത്തേക്ക് എത്തുന്നതിന് എതിരേയുള്ള ചരട് വലികളും നടക്കുന്നുണ്ട്. പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് വി.ഡി. സതീശനെ പരിഗണിച്ചത് പോലെ മുതിർന്ന നേതാക്കളെ കേൾക്കാതെ ഹൈക്കമാൻഡ് തീരുമാനമെടുക്കില്ലെന്ന പ്രതീക്ഷയിലാണ് എ, ഐ ഗ്രൂപ്പുകളുള്ളത്.
Content Highlights: Mullappalli Ramachandran UDF Meeting
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..