മുല്ലപ്പള്ളി രാമചന്ദ്രൻ| ഫോട്ടോ:ഇ.എസ് അഖിൽ മാതൃഭൂമി
കോഴിക്കോട്: കേരളം രാജ്യത്തെ ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുളള സംസ്ഥാനമായത് ആരോഗ്യമന്ത്രിയെ ബിംബവത്കരിക്കാനായി സര്‍ക്കാര്‍ നടത്തിയ ശ്രമത്തിന്റെ ഫലമാണെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ആദ്യ ഘട്ടത്തിലൊക്കെ നല്ല ജാഗ്രതയുണ്ടായിരുന്നു. പ്രതിപക്ഷമടക്കം വലിയ പിന്തുണയും നല്‍കിയിരുന്നു. പിന്നീട് പി.ആര്‍ ഏജന്‍സിയെ വെച്ച് ബിംബവത്കരണത്തിന് ശ്രമം നടന്നു. എന്തോ മഹാത്ഭുതം നടക്കുന്നുവെന്ന് വരുത്തി തീര്‍ക്കാനുള്ള പരക്കം പാച്ചിലായി. ഇതോടെ കോവിഡ് കാര്യത്തില്‍ ശ്രദ്ധ കൊടുക്കാന്‍ കഴിഞ്ഞില്ലെന്നും രോഗികളുടെ എണ്ണം വലിയ രീതിയില്‍ വര്‍ധിച്ചുവെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ കോഴിക്കോട് പ്രതികരിച്ചു.
മുന്‍പ് ഞാന്‍ ആരോഗ്യമന്ത്രിയെ കുറിച്ച് പറഞ്ഞുവെന്നും പറഞ്ഞ് എല്ലാവരും എനിക്കെതിരേ തിരിഞ്ഞതാണ്. എന്നാല്‍ ഞാന്‍ അന്ന് പറഞ്ഞതിന് അപ്പുറത്തെത്തിയിരിക്കുകയാണ് കാര്യങ്ങള്‍. പി.ആര്‍ ഏജന്‍സിയെ വെച്ചു കൊണ്ട് ഇല്ലാത്ത പ്രതിച്ഛായ ഉണ്ടാക്കാന്‍ ശ്രമിച്ചു. രാജകുമാരി എന്ന പദവിയില്‍ നിന്ന് രാജ്ഞിയാക്കാന്‍ ശ്രമിച്ചു. സി.പി.എം ഉണ്ടാക്കിയതൊന്നുമല്ല ഇവിടെയുള്ള ആരോഗ്യരംഗം. അത് കാലാകാലങ്ങളായി നല്ല രീതിയില്‍ നടന്നുപോവുന്നതാണ്. ഇനിയെന്ത് മേനിയാണ് ആരോഗ്യ രംഗത്തിന് പറയാനുള്ളതെന്നും മുല്ലപ്പള്ളി ചോദിച്ചു. വ്യക്തിപരമായി മന്ത്രിയോട് വിയോജിപ്പില്ല. അവര്‍ നല്ല രീതിയില്‍ കാര്യങ്ങള്‍ കൊണ്ടുപോവണമെന്ന് ആഗ്രഹിച്ചിരുന്നവരായിരുന്നു. എന്നാല്‍ അവരെ മുന്നില്‍ നിര്‍ത്തിയായിരുന്നു പ്രതിച്ഛായ പ്രചാരണമെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.
ലൈഫ് മിഷനില്‍ അന്വേഷണ ഏജന്‍സി മുഖ്യമന്ത്രിയില്‍ നിന്ന് തെളിവെടുക്കാന്‍ മടിക്കുന്നു. ശരിയായ അന്വേഷണം നടന്നാല്‍ ചെയര്‍മാനായ മുഖ്യമന്ത്രിയും ചില മന്ത്രിമാരും ഇരുമ്പഴിക്കുള്ളിലാകും. അഴിമതിയെ തുറന്ന് കാട്ടാനുള്ള അന്വേഷണമാണെങ്കില്‍ ചെയര്‍മാനായ മുഖ്യമന്ത്രിയെ ആണ് ആദ്യം ചോദ്യം ചെയ്യേണ്ടത്. അന്വേഷണത്തെ തടസ്സപ്പെടുത്താന്‍ വേണ്ടി മുഖ്യമന്ത്രി തുടരെ തുടരെ ശ്രമം നടത്തിക്കൊണ്ടിരിക്കുന്നു. സിബിഐ അന്വേഷണം തടസ്സപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും മുല്ലപ്പള്ളി പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..