തിരുവനന്തപുരം: വിമതരെ തടയാന്‍ നടപടിയെടുത്തില്ലെങ്കില്‍ വടകരയില്‍ പ്രചരണത്തിനിറങ്ങില്ലെന്ന് പറഞ്ഞ കെ.മുരളീധരനെതിരേ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. അച്ചടക്കം എല്ലാവര്‍ക്കും ബാധകമാണെന്നും തെരഞ്ഞെടുപ്പ് കാലത്ത് സംയമനം പാലിക്കണമെന്നും മുല്ലപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു. മുരളീധരന്‍ വടകരയില്‍ പ്രചാരണത്തിന് ഇറങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.
വടകര ബ്ലോക്ക് പഞ്ചായത്ത് കല്ലാമല ഡിവിഷനിലെ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ടായിരുന്നു കഴിഞ്ഞ ദിവസം കെ.മുരളീധരന്‍ മുല്ലപ്പള്ളിക്കെതിരേ രംഗത്തെത്തിയത്. ആര്‍.എം.പിയുമായി സഹകരിച്ചുള്ള ജനകീയ മുന്നണി സ്ഥാനാര്‍ഥിക്കെതിരേ മത്സരിക്കുന്ന വിമത സ്ഥാനാര്‍ഥിക്ക് പാര്‍ട്ടി ചിഹ്നം നല്‍കിയതായിരുന്നു മുരളീധരനെ പ്രകോപിപ്പിച്ചത്. മുന്നണി ധാരണ ലംഘിച്ച് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ വിമതനായി നിര്‍ത്തിയത് ശരിയല്ലെന്ന് മുരളീധരന്‍ പറഞ്ഞിരുന്നു. പ്രശ്‌നം പരിഹിരിക്കും വരെ വടകരയില്‍ പ്രചരണത്തിനിറങ്ങില്ലെന്നും മുരളീധരന്‍ അറിയിച്ചിരുന്നു.