മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു; ഇടുക്കി അണക്കെട്ടില്‍ റെഡ് അലര്‍ട്ട്


File Photo | Mathrubhumi archives

കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു. വെള്ളിയാഴ്ച രാവിലെ 7.30-നാണ് അണക്കെട്ടിന്റെ ഒരു സ്പില്‍വേ ഷട്ടര്‍ തുറന്നത്. തൊട്ടുപിന്നാലെ രണ്ടാമത്തെ ഷട്ടറും തുറന്നു. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് നീരൊഴുക്ക് വര്‍ധിച്ച് 138 അടി പിന്നിട്ടതോടെയാണ് തമിഴ്‌നാട് രണ്ട് ഷട്ടറുകള്‍ തുറന്നത്. അതിനിടെ, മഴ ശക്തമായാല്‍ ഇടുക്കി അണക്കെട്ടും വെള്ളിയാഴ്ച വൈകീട്ടോടെ തുറക്കാനാണ് സാധ്യത. അതിനുള്ള ഒരുക്കങ്ങളും പൂര്‍ത്തിയായിട്ടുണ്ട്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2398.32 അടി എത്തിയതോടെ റെഡ് അലര്‍ട്ട് നല്‍കി.

മുല്ലപ്പെരിയാര്‍ തുറക്കുന്ന പശ്ചാത്തലത്തില്‍ ജനങ്ങളുടെ ആശങ്കയകറ്റാന്‍ എല്ലാ വകുപ്പുകളും ഒത്തുചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്. രണ്ടായിരത്തിലേറെ കുടുംബങ്ങളെയാണ് മാറ്റി പാര്‍പ്പിച്ചിരിക്കുന്നത്. രണ്ട് മന്ത്രിമാരടക്കമുള്ള ജനപ്രതിനിധികളും ഇവിടെ ക്യാമ്പ് ചെയ്തിരുന്നു. റെവന്യൂമന്ത്രി കെ. രാജന്‍, ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ എന്നിവരാണ് പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നത്.

2018-ല്‍ ഇതിനുമുമ്പ് മുല്ലപ്പെരിയാര്‍ അണക്കെട്ടു തുറന്നപ്പോള്‍ തീരങ്ങളെ ജലം മൂടിയതിന്റെ ആശങ്കകള്‍ ഇന്നും പ്രദേശത്തെ ജനങ്ങളുടെ മനസ്സിലുണ്ട്. അന്നു മുന്നറിയിപ്പു പോലുമില്ലാതെ സ്പില്‍വേകള്‍ തുറന്നതുമൂലമുണ്ടായ അപ്രതീക്ഷിത ദുരന്തങ്ങള്‍ ജില്ലാ ഭരണകൂടത്തെയും ഇരുത്തി ചിന്തിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ കുറ്റമറ്റ ഒരുക്കങ്ങളാണ് പൂര്‍ത്തിയാക്കിയിട്ടുള്ളത്. ഇരുകരകളിലും താമസിക്കുന്നവരെ മാറ്റിപ്പാര്‍പ്പിക്കുക മാത്രമല്ല, ആവശ്യത്തിനു ദുരിതാശ്വാസ ക്യാമ്പുകളും അധികൃതര്‍ തുറന്നിട്ടുണ്ട്.

ഏലപ്പാറ പഞ്ചായത്തില്‍ പെരിയാറിന്റെ തീരത്തു താമസിക്കുന്ന 73- കുടുംബങ്ങളെ മാറ്റിയിട്ടുണ്ട്. ഹെലിബറിയ വള്ളക്കടവിലാണ് കുടുംബങ്ങളെ മാറ്റിയത്. 73-ല്‍ അഞ്ചു കുടുംബങ്ങളെ അടിയന്തര സുരക്ഷിത സ്ഥാനത്തേക്കും ബാക്കിയുള്ളവരെ ബന്ധു വീടുകളിലേക്കുമാണ് മാറ്റിയത്. പഞ്ചായത്ത് സെക്രട്ടറിയും വാര്‍ഡ് മെമ്പര്‍മാരും പ്രദേശം സന്ദര്‍ശിക്കുകയും തീരദേശവാസികള്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയുംചെയ്തു.

പെരിയാറിന്റെ തീരങ്ങളില്‍ താമസിക്കുന്നവരെ മാറ്റി താമസിപ്പിക്കാനുള്ള ദുരിതാശ്വാസ ക്യാമ്പുകള്‍ വ്യാഴാഴ്ച രാവിലെ തുറന്നു. പീരുമേട്, ഇടുക്കി, ഉടുമ്പന്‍ചോല താലൂക്കുകളിലെ ഏഴു വില്ലേജുകളിലായി 20 ക്യാമ്പുകളാണ് തുറന്നത്. രാവിലെ ഏതാനും പേര്‍ ക്യാമ്പുകളില്‍ എത്തി. വൈകീട്ടോടെ കൂടുതല്‍പേര്‍ ക്യാമ്പിലെത്തി. വ്യാഴാഴ്ച രാവിലെ വാഹനത്തില്‍ ഉച്ചഭാഷിണിയിലൂടെ മുന്നറിയിപ്പും നല്‍കി. സര്‍ക്കാര്‍ സജ്ജീകരിച്ച ക്യാമ്പിലേക്കോ സുരക്ഷിത സ്ഥലങ്ങളിലേക്കോ മാറണമെന്നായിരുന്നു അറിയിപ്പ്.

ആധാര്‍, റേഷന്‍കാര്‍ഡ് അടക്കമുള്ള രേഖകളും വസ്ത്രങ്ങളും അത്യാവശ്യ സാമഗ്രികളും കരുതണമെന്നും അറിയിപ്പുനല്‍കി. റവന്യൂ- പഞ്ചായത്ത് - പോലീസ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും അടങ്ങുന്ന സംഘം വീടുകളിലെത്തി നേരിട്ടും നിര്‍ദേശം നല്‍കി. ഭൂരിഭാഗം പേരും സന്നദ്ധരായെങ്കിലും മാറില്ലെന്നു പ്രതികരിച്ചവരുമുണ്ട്. വഴിവിളക്കുകള്‍ തെളിയിക്കാത്തതിലും പെരിയാര്‍ തീരങ്ങളിലെ റോഡുകള്‍ സഞ്ചാര യോഗ്യമാക്കാത്തതിലും ഉദ്യോഗസ്ഥരോടും ജനപ്രതിനിധികളോടും തട്ടിക്കയറുന്ന സംഭവങ്ങളും ഉണ്ടായി.

മുല്ലപ്പെരിയാര്‍ തുറക്കുന്നത് ഏഴുവര്‍ഷത്തിനിടെ മൂന്നാംതവണ

കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ പരമാവധി സംഭരണശേഷി 136 അടിയില്‍നിന്ന് 142-ലേക്ക് ഉയര്‍ത്തിയശേഷം തുറക്കുന്നത് ഇത് മൂന്നാംതവണ. 2014 മേയിലാണ് ജലനിരപ്പ് 142 അടിയിലേക്ക് ഉയര്‍ത്താന്‍ അനുമതിനല്‍കിയത്. അതേവര്‍ഷം ഡിസംബറില്‍ ജലനിരപ്പ് 140 അടിയെത്തി. അണക്കെട്ട് തുറക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും തമിഴ്നാട് വൈഗ ഡാമിലേക്ക് കൂടുതല്‍ വെള്ളമൊഴുക്കി ജലനിരപ്പ് നിയന്ത്രിച്ചു. ഇതോടെ ഷട്ടര്‍ തുറക്കേണ്ട സാഹചര്യമില്ലാതായി.

2015 ഡിസംബര്‍ ഏഴിന് രാത്രി ജലനിരപ്പ് 142 അടിയിലേക്കെത്തിയതോടെ അഞ്ച് സ്പില്‍വേ ഷട്ടറുകളിലൂടെ വെള്ളം പുറത്തേക്കൊഴുക്കി. അന്ന് കാര്യമായ നാശനഷ്ടങ്ങള്‍ പെരിയാര്‍ തീരത്തുണ്ടായില്ല. 2018 ഓഗസ്റ്റിലാണ് രണ്ടാമതായി അണക്കെട്ട് തുറന്നത്. ഒമ്പതുദിവസംകൊണ്ട് 6.5 ടി.എം.സി. വെള്ളം ഒഴുകിയെത്തി. ഇതോടെ, ഇടുക്കി ജില്ലാഭരണകൂടത്തിനുപോലും മുന്നറിയിപ്പ് നല്‍കാതെ ഓഗസ്റ്റ് 15-ന് പുലര്‍ച്ചെ തമിഴ്നാടിന് വെള്ളമൊഴുക്കേണ്ടിവന്നു.

ചില സമയങ്ങളില്‍ സെക്കന്‍ഡില്‍ എട്ടുലക്ഷം ലിറ്റര്‍ വെള്ളംവരെ പെരിയാറിലേക്ക് ഒഴുക്കി. ഇത് പെരിയാര്‍ തീരങ്ങളെ വെള്ളത്തിലാക്കി. ഓഗസ്റ്റ് 23-ന് ജലനിരപ്പ് 139.99 അടിയായി കുറഞ്ഞതോടെ അണക്കെട്ടിന്റെ ഷട്ടറുകള്‍ അടച്ചു. ഇത്തവണ പെരിയാര്‍ നദിയില്‍ ജലനിരപ്പ് തീരെ കുറവാണ്. അണക്കെട്ടില്‍നിന്ന് ഒഴുക്കുന്ന ജലത്തിന്റെ അളവ് കൂടുതലായാല്‍പ്പോലും പെരിയാര്‍ തീരവാസികള്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നാണ് കരുതുന്നത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
P.C George

1 min

പീഡന പരാതി: പി.സി ജോര്‍ജ് അറസ്റ്റില്‍

Jul 2, 2022


rape

2 min

പീഡനം, രണ്ടാം തവണയും ഗര്‍ഭിണിയായി; ഗര്‍ഭഛിദ്രത്തിനുള്ള മരുന്ന് കഴിച്ച പത്താം ക്ലാസുകാരി മരിച്ചു

Jul 2, 2022


pc george

2 min

പി.സിക്കെതിരായ കേസ്: പീഡനം ഫെബ്രുവരി പത്തിനെന്ന് FIR; ചുമത്തിയിട്ടുള്ളത് ജാമ്യമില്ലാ വകുപ്പുകള്‍

Jul 2, 2022

Most Commented