പൈനാവ്: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ഷട്ടറുകള്‍ രാത്രി തുറക്കരുതെന്ന കേരളത്തിന്റെ ആവശ്യം മുഖവിലയ്ക്ക് എടുക്കാതെ തമിഴ്‌നാട്. അണക്കെട്ടിലെ ജലനിരപ്പ് 142 അടിയിലെത്തിയതിന് പിന്നാലെ നാലു ഷട്ടറുകള്‍ കൂടി തുറന്നു. നിലവില്‍ ആറു ഷട്ടറുകളാണ് മുപ്പത് സെന്റിമീറ്റര്‍ വീതം ഉയര്‍ത്തിയിരിക്കുന്നത്. 

നേരത്തെ രണ്ടു ഷട്ടറുകള്‍ ഉയര്‍ത്തിയിരുന്നു. പിന്നീട് ചൊവ്വാഴ്ച രാത്രി ഒന്‍പതുമണിക്ക് ശേഷം നാലു ഷട്ടറുകള്‍ കൂടി ഉയര്‍ത്തുകയായിരുന്നു. വൃഷ്ടി പ്രദേശത്ത് മഴ തുടരുകയും അതേത്തുടര്‍ന്ന് നീരൊഴുക്ക് ശക്തമാവുകയും ചെയ്തതോടെയാണ് ജലനിരപ്പ് ഉയര്‍ന്നത്. 

ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ഷട്ടറുകള്‍ ഘട്ടംഘട്ടമായി ഉയര്‍ത്തുകയും ജലനിരപ്പ് 142 അടിയിലേക്ക് എത്തിക്കുകയും ചെയ്തത്. അതിനു ശേഷം മഴ കുറയുകയും നീരൊഴുക്ക് കുറയുകയും ചെയ്തു. ഇതിനു പിന്നാലെ ഘട്ടം ഘട്ടമായി തമിഴ്‌നാട് ഷട്ടര്‍ താഴ്ത്തുകയും ചെയ്തു. 

എന്നാല്‍ ജലനിരപ്പ് പിന്നീട് 141.95 അടിയിലേക്ക് എത്തി. ഇതോടെ തുറന്നുവെച്ച ഷട്ടറുകളുടെ എണ്ണം രണ്ടാക്കി ചുരുക്കി. 30 സെന്റിമീറ്റര്‍ മാത്രം ഷട്ടര്‍ ഉയര്‍ത്തി ഏകദേശം 500 ഘനയടി വെള്ളം മാത്രമേ പുറത്തേക്ക് ഒഴുക്കിയിരുന്നുള്ളൂ.

അതിനു ശേഷമാണ് വീണ്ടും വൃഷ്ടി പ്രദേശത്ത് മഴ പെയ്തത്. ഇതോടെ അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നു. ജലനിരപ്പ് 142 അടിക്കു മുകളില്‍ എത്തിയതോടെ, ഒഴുകിയെത്തുന്ന അത്രയും വെള്ളം തമിഴ്‌നാട് പുറത്തേക്ക് ഒഴുക്കുകയായിരുന്നു. 

രാത്രികാലത്ത് ഷട്ടര്‍ തുറന്നാല്‍ കേരളത്തിന് മുന്നൊരുക്കങ്ങള്‍ സ്വീകരിക്കാന്‍ പരിമിതികള്‍ ഉണ്ടാകുമെന്ന് ജലവിഭവ വകുപ്പുമന്ത്രി റോഷി അഗസ്റ്റിന്‍ ചൊവ്വാഴ്ച വൈകിട്ട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. അതിനാല്‍ രാത്രികാലങ്ങളില്‍ ഷട്ടറുകള്‍ തുറക്കരുതെന്ന് തമിഴ്‌നാട് സര്‍ക്കാരിനും മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതിക്കും മുന്‍പില്‍ വെക്കുമെന്നും റോഷി പറഞ്ഞിരുന്നു. 

എന്നാല്‍ മണിക്കൂറുകള്‍ക്കു ശേഷം രാത്രിയില്‍ തമിഴ്‌നാട് ഷട്ടര്‍ ഉയര്‍ത്തുകയായിരുന്നു. പെരിയാറില്‍ നിലവില്‍ ജലനിരപ്പ് കുറവാണ്. അതുകൊണ്ടുതന്നെ തീരങ്ങളില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. എന്നാല്‍ വൃഷ്ടിപ്രദേശങ്ങളില്‍ മഴ തുടരുകയും ജലനിരപ്പ് ക്രമാതീതമായി ഉയരുകയും ചെയ്താല്‍ വീണ്ടും ഷട്ടറുകള്‍ ഉയര്‍ത്തേണ്ടി വന്നേക്കാം.

content highlights: mullaperiyar dam shutter opened