നെടുങ്കണ്ടം: മുല്ലപ്പെരിയാര്‍ ഡാം ജലബോംബായി വണ്ടിപ്പെരിയാറിന് മുകളില്‍ നില്‍ക്കുകയാണെന്ന് തുറന്നുപറഞ്ഞത് മുന്‍ മന്ത്രിയും സിപിഎം നേതാവുമായ എം.എം മണി. ശര്‍ക്കരയും ചുണ്ണാമ്പും ഉപയോഗിച്ച നിര്‍മ്മിച്ച മുല്ലപ്പെരിയാര്‍ ഡാമിന്റെ അകം കാലിയായി. വിഷയത്തില്‍ തമിഴ്‌നാട് രാഷ്ട്രീയം കളിക്കുകയാണെന്നും എം.എം മണി പറഞ്ഞു. നെടുങ്കണ്ടത്ത് ഹൈറേഞ്ച് സംരക്ഷണ സമിതി സംഘടിപ്പിച്ച കര്‍ഷക ഉപവാസത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം

മുന്‍മന്ത്രിയുടെ വാക്കുകള്‍

'സാമാന്യബുദ്ധിക്ക് ഒന്ന് ആലോചിച്ച് നോക്കിക്കെ. ശര്‍ക്കരയും സുര്‍ക്കിയും ചുണ്ണാമ്പും ഉപയോഗിച്ച അതിന്റെ അകത്ത് കാലിയാണ്. ഞാന്‍ പല പ്രാവശ്യം അതിന്റെ അകത്ത് പോയിട്ടുണ്ട് മന്ത്രിമാരുടെ കൂടെ. വെള്ളം ഇറ്റിറ്റ് വരുന്നുണ്ട്. അതിന്റെ പുറത്ത് സിമന്റും കമ്പിയും പൂശിയെന്നൊന്നും ന്യായം പറഞ്ഞിട്ട് കാര്യമില്ല. അതിന്റെ മുകളില്‍ സിമന്റ് പൂശിയാല്‍ നില്‍ക്കുമോ. എന്തേലും സംഭവിച്ചാല്‍ വരാന്‍ പോകുന്നത് അവര്‍ വെള്ളം കുടിക്കാതെയും ചാകും, നമ്മള്‍ വെള്ളം കുടിച്ചും ചാകും.

വണ്ടിപ്പെരിയാറില്‍ നിന്ന് ആയിരക്കണക്കിന് അടി ഉയരത്തില്‍ ബോംബ് പോലെ നില്‍ക്കുവാ ഈ സാധനം. വലിയ പ്രശ്‌നമാ. ഞാന്‍ ഇത് നിയമസഭയില്‍ ഇങ്ങനെ തന്നെ പറഞ്ഞിട്ടുണ്ട്. ഇതുവച്ച് രാഷ്ട്രീയം കളിക്കുകയാണ് തമിഴ്‌നാട്ടുകാര്‍. അതിനിപ്പം വേറെ വഴിയൊന്നുമില്ല. പുതിയ ഡാമല്ലാതെ വേറെ എന്താ മാര്‍ഗം. നമ്മുടെ എല്‍ഡിഎഫ് ഗവണ്‍മെന്റിന് ഇക്കാര്യത്തില്‍ ഈ നിലപാട് തന്നെയാണ്. അതിനോട് യോജിക്കുന്നു. തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിനും അവിടത്തെ നേതൃത്വവും അനുകൂല നിലപാടെടുത്താല്‍ പ്രശ്‌നം വേഗത്തില്‍ തീരും.. ഇല്ലേ വല്ലോം സംഭവിച്ചാല്‍ ദുരന്തമായി തീരും. ഇത് നില്‍ക്കുവോ എന്ന് തുരന്ന് നോക്കാന്‍ പോകുന്നതോളം വിഡ്ഡിത്തം വേറൊന്നില്ല.

എത്രയും വേഗം പുതിയ ഡാമിന് രണ്ട് സര്‍ക്കാരും ചേര്‍ന്നാല്‍ തീരും. ഇതിനും നിങ്ങള്‍ ഹൈറേഞ്ച് സംരക്ഷണ സമിതി ശബ്ദം ഉയര്‍ത്തണം എന്നാണ് എനിക്ക് തോന്നുന്നത്. വിഷയം ഉയര്‍ത്തുമ്പോള്‍ രണ്ട് സംസ്ഥാനത്തേയും ജനങ്ങള്‍ തമ്മില്‍ ഒരു സംഘര്‍ഷമുണ്ടാകാതെ തന്മയത്തത്തോടെ വേണം കൈകാര്യം ചെയ്യാന്‍'

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷയില്‍ ആശങ്ക വേണ്ടെന്നും അനാവശ്യ ഭീതി പടര്‍ത്തുന്നവര്‍ക്കെതിരെ നടപടി എടുക്കുമെന്ന് സര്‍ക്കാരും മുഖ്യമന്ത്രിയും പറയുമ്പോള്‍ മണി ആശാന്റെ ഈ വാക്കുകള്‍ എന്നതാണ് ശ്രദ്ധേയം

Content Highlights: Mullaperiyar dam’s safety situation alarming says former minister M M Mani