ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് അനുവദനീയ സംഭരണശേഷിയായ 142 അടിയിലേക്കുയര്‍ന്നു. ഇതോടെ അണക്കെട്ടിന്റെ ഒമ്പത് ഷട്ടറുകള്‍ ഉയര്‍ത്തി. നീരൊഴുക്ക് വര്‍ദ്ധിച്ച സാഹചര്യത്തില്‍ പെരിയാറിന്റെ തീരത്തുള്ളവർ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

കഴിഞ്ഞ ദിവസം പെരിയാര്‍ ടൈഗര്‍ റിസര്‍വില്‍ കനത്ത മഴ പെയ്തിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് അണക്കെട്ടിലേക്ക് വലിയ രീതിയില്‍ നീരൊഴുക്കുണ്ടായത്. 141.9 അടി വരെയായിരുന്നു ഇന്നലെ രാത്രിയിലെ ജലനിരപ്പ്. 142 അടിയിലെത്തിയതോടെ തമിഴ്‌നാട് ഷട്ടറുകള്‍ തുറന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് ഷട്ടറുകള്‍ തുറക്കുന്നത് സംബന്ധിച്ച് അറിയിപ്പ് ജില്ലാ ഭരണകൂടത്തിന് ലഭിക്കുന്നത്. മൂന്ന് മണിയോടെ ഷട്ടറുകള്‍ തുറന്നു.

അഞ്ച് ഷട്ടറുകള്‍ 60 സെന്റീമീറ്റര്‍ വരെയാണ് ഉയര്‍ത്തിയത്. നാല് ഷട്ടറുകള്‍ 30 സെന്റീമീറ്റര്‍ വീതവും ഉയര്‍ത്തിയിട്ടുണ്ട്. 

ഇതിനിടെ മുന്നറിയിപ്പ് ജനങ്ങളിലേക്കെത്തുന്നതിന് മുമ്പേ ഷട്ടറുകള്‍ തുറന്നതില്‍ പെരിയാറിന്റെ തീരത്തുള്ളവര്‍ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തി. എന്നാല്‍, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

Content Highlights : 9 Shutters of Mullaperiyar Dam Opened after reaching maximum storage capacity