മുല്ലപ്പള്ളി രാമചന്ദ്രൻ | ഫൊട്ടൊ: പിജി ഉണ്ണികൃഷ്ണൻ|മാതൃഭൂമി
കോഴിക്കോട്: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രിയും തമ്മില്‍ നടന്ന ഒരു മണിക്കൂര്‍ നീണ്ട സംഭാഷണങ്ങള്‍ക്കു ശേഷം ലോകായുക്ത ഓര്‍ഡിനന്‍സില്‍ ഒപ്പ് വെച്ച ഗവര്‍ണറുടെ തീരുമാനം അനുചിതവും അപലപനീയവുമാണെന്ന് മുന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. അടുത്ത ആഴ്ച നിയമസഭ ചേരാനിരിക്കേ ധൃതി പിടിച്ച് ഈ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കേണ്ട അടിയന്തിര സാഹചര്യമെന്താണെന്നത് ചോദ്യ ചിഹ്നമാണ്.
എന്തൊക്കയോ ഒളിച്ചു വെക്കാനോ ആരെയോ രക്ഷിക്കാനോ ഉദ്ദേശിച്ചുള്ളതാണ് ഈ ഓര്‍ഡിനന്‍സെന്ന് വ്യക്തമാണ്. സുതാര്യവും സത്യസന്ധവും നീതിപൂര്‍വകവുമായി പ്രവര്‍ത്തിക്കേണ്ട ഒരു ഭരണഘടനാ പദവിയിലിരിക്കുന്ന ഗവര്‍ണര്‍ അടിയന്തര സ്വഭാവമില്ലാത്തതെന്ന് പറഞ്ഞു മുഖ്യമന്ത്രിയുടെ തീരുമാനത്തെ നിരാകരിക്കേണ്ടതായിരുന്നു. അദ്ദേഹം അത് ചെയ്തില്ലായെന്നത് ന്യായീകരിക്കാനാവില്ല.ഇന്ത്യക്കു മുഴുവന്‍ മാതൃകയായ ഒരു സംവിധാനമാണ് ലോകായുക്തയിലൂടെ കേരളം കാണിച്ചതെന്ന് അഭിമാനിച്ചവരാണ് സിപിഎം.
22 വര്‍ഷം മുമ്പ് ഇ.കെ. നായനാര്‍ മുഖ്യമന്ത്രിയായ കാലത്താണ് വിപുലമായ ചര്‍ച്ചകളിലൂടെ ലോകായുക്ത സംവിധാനം നിലവില്‍ വന്നത്. ആ സംവിധാനത്തിന്റെ അടിവേരുകള്‍ അറുത്തുകൊണ്ടാണ് മറ്റൊരു സിപിഎം ഭരണകൂടം കേരള ചരിത്രത്തില്‍ കറുത്ത അധ്യായം രചിച്ചിരിക്കുന്നത്. അധികാരസ്ഥാനത്തിരിക്കുന്നവര്‍ അഴിമതിയുടെ പേരില്‍ ആ സ്ഥാനത്തിരിക്കാന്‍ യോഗ്യരല്ലെന്ന് ലോകായുക്ത വിധിയെഴുതിയാലും ബന്ധപ്പെട്ട അധികാരികള്‍ മൂന്ന് മാസത്തിനകം ഹിയറിംഗ് നടത്തി അത് നിരാകരിക്കുകയോ സ്വീകരിക്കുകയോ ചെയ്യാമെന്നതാണ് പുതിയ ഭേദഗതിയുടെ കാതല്‍.
അതിനര്‍ത്ഥം ആര് അഴിമതി നടത്തിയാലും എന്ത് ചെയ്യണമെന്ന് 'ഞങ്ങള്‍' തീരുമാനിക്കുമെന്നുള്ള പ്രഖ്യാപനം കൂടിയാണ്. ഇതിന്റെ പേരാണ് മിതമായ ഭാഷയില്‍ ഫാസിസമെന്ന് പറയുന്നത്. സ്റ്റാലിനെ ആരാധ്യ പുരുഷനായി കാണുന്ന ഒരു മുഖ്യമന്ത്രിയില്‍നിന്ന് ഇതിലപ്പുറം ഒന്നും പ്രതീക്ഷിക്കുന്നില്ല. അഴിമതിയും ധനസമ്പാദനവും മാത്രം ലക്ഷ്യമായി കാണുന്ന ഒരു ഭരണകൂടത്തില്‍ നിന്ന് കൂടുതലൊന്നും പ്രതീക്ഷിക്കുന്നതിലും അര്‍ഥമില്ല. ഇടതുപക്ഷമെന്ന വായ്ത്താരിയല്ലാതെ മുതലാളിത്ത-കോര്‍പറേറ്റ് താല്പര്യത്തിനപ്പുറം മറ്റൊന്നും ഈ സര്‍ക്കാറിന്റെ മുന്നിലില്ല.
സുപ്രീം കോടതിയിലെ മുന്‍ ജഡ്ജിയോ വിരമിച്ച ഹൈക്കോടതി ചീഫ് ജസ്റ്റിസോ ആയിരിക്കണം ലോകായുക്ത എന്ന നിബന്ധനയും റദ്ദാക്കാന്‍ പുതിയ ഓര്‍ഡിനന്‍സിലൂടെ തീരുമാനിക്കുകയാണ്. ഹൈക്കോടതിയില്‍ നിന്ന് റിട്ടയര്‍ ചെയ്ത ഏതെങ്കിലും ജഡ്ജിന് ലോകായുക്തയാകാമെന്നാണ് പുതിയ ഭേദഗതി. സ്വഭാവ ധാര്‍ഢ്യവും സത്യനിഷ്ഠയുമുള്ള നിരവധി മുന്‍ ഹൈക്കോടതി ന്യായാധിപന്മാരുണ്ടെങ്കിലും അവരാരും പരിഗണിക്കപ്പെടില്ല. റിട്ടയര്‍മെന്റിന് ശേഷം രാഷ്ട്രീയക്കാരുടെ തിണ്ണ നിരങ്ങുന്ന ആരെയെങ്കിലും മനസില്‍ കണ്ടുള്ള നീക്കമായിരിക്കും ഇനി വരാന്‍ പോകുന്നത്.
കേരളത്തിലെ വിവേകവും നീതി ബോധവും കൈമോശം വന്നിട്ടില്ലാത്ത ജനങ്ങള്‍ ആശങ്കാകുലരാണ്. നീതിയുടെ കവാടങ്ങള്‍ കൊട്ടിയടക്കപ്പെടുന്നത് അവരുടെ മനസുകളെ വല്ലാതെ നോവിക്കുകയാണ്.
കേരള ഗവര്‍ണര്‍ ജനാധിപത്യവ്യവസ്ഥയെക്കുറിച്ച് നന്നായി അറിയുന്ന ആളാണ്. അദ്ദേഹത്തോടൊപ്പം ഒരേ പാര്‍ട്ടിയില്‍ ലോകസഭാംഗങ്ങളായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഷാ ബാനു കേസുമായി ബന്ധപ്പെട്ട് അന്ന് നിലപാട് സ്വീകരിച്ച് കോണ്‍ഗ്രസ് വിട്ടുപോയ ആരിഫ് മുഹമ്മദ് ഖാനെന്ന പാര്‍ലമെന്റ് അംഗത്തിന്റെ നിഴലു പോലുമല്ല കേരളാ ഗവര്‍ണറായ ആരിഫ് മുഹമ്മദ് ഖാന്‍.
സര്‍വകലാശാലകളിലെ അഴിമതികളില്‍ രോഷാകുലനായി കലി തുള്ളിയ ഗവര്‍ണറെ കേരളം കണ്ടതാണ്. ഞാന്‍ ഇനി ചാന്‍സിലര്‍ പദവിയിലിരിക്കുകയില്ലെന്ന് കര്‍ണനെപ്പോലും തോല്‍പിക്കുന്ന ' ശപഥം' നടത്തിയ വ്യക്തിയാണ് ഗവര്‍ണര്‍. സത്യബോധവും നിശ്ചയധാര്‍ഢ്യവുമുള്ള ഒരാളായിരുന്നുവെങ്കില്‍ ഗവര്‍ണര്‍ പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുമായിരുന്നു. പറഞ്ഞ കാര്യങ്ങളില്‍ നിന്ന് പിറകോട്ട് പോകുന്നത് അങ്ങേയറ്റം ഭീരുത്വമാണ്.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ഒരു ഭീരുവായി കാണാന്‍ ഒരു പഴയ സഹപ്രവര്‍ത്തകന്‍ എന്ന നിലയില്‍ എനിക്ക് കഴിയുന്നില്ല. ഒരു കാര്യം കൂടി ചെയ്തു കൊണ്ട് ലോകായുക്ത വിവാദം ഗവര്‍ണര്‍ അവസാനിപ്പിക്കണം. വേരുകള്‍ അറുത്തു മാറ്റപ്പെട്ട ലോകായുക്ത എന്ന നീതിയുടെ ഈ വന്‍മരം ഇനിയുണ്ടാവില്ലെന്ന് കൂടി മുഖ്യമന്ത്രിയുമായുള്ള അങ്ങയുടെ അഭേദ്യമായ ബന്ധം വെച്ച് തീരുമാനമെടുപ്പിക്കണം. ഗവര്‍ണറും മുഖ്യമന്ത്രിയും തുടരെ തുടരെ നടത്തുന്ന കണ്ണ്‌പൊത്തിക്കളി കേരളം കണ്ടു മടുത്തിരിക്കുകയാണന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.
Content Highlights: mullapally ramachandran against governor and cm
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..