കോഴിക്കോട്: അന്തരിച്ച വയനാട് എം.പി എം.ഐ ഷാനവാസിന്റെ മകള്‍ മത്സരിക്കാന്‍ സീറ്റ് ആവശ്യപ്പെട്ടിട്ടില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സീറ്റ് ആവശ്യപ്പെട്ടാല്‍ ഇക്കാര്യത്തില്‍ മറുപടി പറയേണ്ടത് ഹൈക്കമാന്‍ഡാണെന്നും മുല്ലപ്പള്ളി പറഞ്ഞു. സീറ്റ് നല്‍കുന്നത് സംബന്ധിച്ച് എതിര്‍പ്പുമായി കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത് രംഗത്ത് വന്നിരുന്നു. ഇതിന് മറുപടി പറയുകയായിരുന്നു മുല്ലപ്പള്ളി.

ഷാനവാസിന്റെ മകള്‍ അമീനയെ ആദ്യം പാര്‍ട്ടിയിലേക്കാണ് സ്വാഗതം ചെയ്യേണ്ടതെന്നും സ്ഥാനാര്‍ത്ഥിത്വത്തിലേക്കല്ലെന്നുമായിരുന്നു കെ.എസ്.യു സംസ്ഥാന പ്രസിഡന്റിന്റെ അഭിപ്രായം. കോണ്‍ഗ്രസ് അധ്യക്ഷനും എ.ഐ.സി.സി ജനറല്‍ സെക്രട്ടറിക്കും ഇക്കാര്യം അറിയിച്ച് കത്തയക്കുമെന്നും അഭിജിത്ത് പറഞ്ഞിരുന്നു. ഇതില്‍ പ്രതികരിക്കുകയായിരുന്നു കെ.പി.സി.സി പ്രസിഡന്റ്.

കഴിഞ്ഞ ദിവസം കൊച്ചിയില്‍ കോണ്‍ഗ്രസ് നേതൃസംഗമത്തിനെത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി ഷാനവാസിന്റെ വീട് സന്ദര്‍ശിച്ചിരുന്നു. തുടര്‍ന്ന് പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്ന തരത്തിലുള്ള പ്രസ്താവന ഷാനാവാസിന്റെ മകളുടെ ഭാഗത്ത് നിന്നും വന്നിരുന്നു. തുടര്‍ന്നാണ് എതിര്‍പ്പുമായി കെ.എസ്.യു രംഗത്തെത്തിയത്.