തിരുവനന്തപുരം : ശങ്കരനാരായണന്‍ ഹാള്‍ നവീകരണവുമായി ബന്ധപ്പെട്ടും ഫെസ്റ്റിവല്‍ ഓണ്‍ ഡെമോക്രസിയുമായി ബന്ധപ്പെട്ടും സ്പീക്കര്‍ ധൂര്‍ത്ത് നടത്തിയെന്ന ആരോപണത്തെ ഖണ്ഡിച്ച് സഭയില്‍ മുല്ലക്കര രത്‌നാകരന്റെ പ്രസംഗം. താജ്മഹല്‍ ധൂര്‍ത്താണോ? എംപയര്‍ സ്റ്റേറ്റ് ധൂര്‍ത്താണോ? എന്ന ചോദ്യമുന്നയിച്ചുകൊണ്ടാണ് അദ്ദേഹം പ്രസംഗിച്ചത്. ഒരു സ്റ്റേറ്റിനും സമൂഹത്തിനും വേണ്ടി സൃഷ്ടിക്കുന്നതൊന്നും ധൂര്‍ത്തല്ലെന്നും വ്യക്തിപരമായ ആര്‍ഭാടങ്ങളേ ധൂര്‍ത്താവൂ എന്നും മുല്ലക്കര രത്‌നാകരന്‍ പറഞ്ഞു.

താജ്മഹല്‍ ധൂര്‍ത്താണോ? എംപയര്‍ സ്റ്റേറ്റ് ബില്‍ഡിങ് ധൂര്‍ത്താണോ? ഒരു രാജ്യത്തിന്റെയും സഭയുടെയും സംസ്ഥനത്തിന്റെയും ആത്മാഭിമാനമാകുന്നത് പലതും ധൂര്‍ത്തല്ല. സഭയ്ക്കുവേണ്ടി ചെയ്യുന്നത് ശ്രീരാമകൃഷ്ണന് തറവാട്ടില്‍ കൊണ്ടുപോകാനല്ലെന്നും മുല്ലക്കര രത്‌നാകരന്‍ പറഞ്ഞു.

"കേരളത്തിലെ ജനങ്ങള്‍ക്ക് എല്ലാ കാലത്തും അഭിമാനമായിട്ടുള്ളതാണിത്. ഒരു സ്റ്റേറ്റിനും സമൂഹത്തിനും വേണ്ടി സൃഷ്ടിക്കുന്നതൊന്നും ധൂര്‍ത്തല്ല. വ്യക്തിപരമായ ആര്‍ഭാടങ്ങളേ ധൂര്‍ത്താവൂ. സമൂഹത്തിന് വേണ്ടിയുള്ളതൊന്നും ധൂര്‍ത്തല്ല. അത് സമൂഹത്തിന്റെ സമ്പത്താണ്. ഇത് ലോകത്തെവിടെയും ഉണ്ട്. ശ്രീരാമകൃഷ്ണന്‍ അദ്ദേഹത്തിന്റെ പ്രതിഭ കൊണ്ട് പലതും കൊണ്ടുവന്നിട്ടുണ്ട്. അത്തരം പ്രതിഭകളായ സ്പീക്കര്‍മാര്‍ കസേരയിലിരുന്നപ്പോള്‍ പലതും കൊണ്ടുവന്നിട്ടുണ്ട്." മുല്ലക്കര രത്‌നാകരന്‍ സ്പീക്കറെ പ്രതിരോധിച്ചു കൊണ്ട് സംസാരിച്ചു. 

അദ്ദേഹത്തിന്റെ പേരില്‍ ഏതോ ഒരാള്‍ കോടതിയില്‍ പറഞ്ഞത് വിശ്വാസത്തിലെടുത്ത്, അത് സഭയില്‍ അവിശ്വാസ പ്രമേയമായി കൊണ്ടുവരുന്നത് ശരിയല്ലെന്നും മുല്ലക്കര രത്നാകരൻ പറഞ്ഞു.

"അത് നമ്മള്‍ തന്നെ നമ്മളില്‍ അവിശ്വാസം അര്‍പ്പിക്കുന്നതിനു തുല്യമാണ്. സഭയിലുള്ള വിശ്വാസമാണ് ആദ്യവിശ്വാസം. അത് സ്പീക്കറിലുള്ള വിശ്വാസമാണ്. അല്ലാതെ, സ്വപ്‌നയിലുള്ള വിശ്വാസമല്ല. പ്രതിപക്ഷത്തിന്റെയും ഭരണപക്ഷത്തിന്റെയും ആകെ വിശ്വാസത്തിന്റെ നന്മയിലാണ് നമ്മള്‍ രാഷ്ട്രീയക്കാരായി നിലകൊള്ളുന്നത്. നമ്മള്‍ പരസ്പരം രാഷ്ട്രീയം പറയുമ്പോള്‍ വ്യക്തിജീവിതത്തെ പരാമര്‍ശിക്കാതിരിക്കുന്നതാണ് അവരവര്‍ക്ക് തന്നെ നല്ലത്." മുല്ലക്കര രത്‌നാകരന്‍ പറഞ്ഞു.

ബി.ജെ.പിയുടെ അജണ്ടയ്ക്ക് കേരളത്തിലെ പ്രതിപക്ഷം കൂട്ടുനിൽക്കരുതെന്നും മുല്ലക്കര പറഞ്ഞു. "ബി.ജെ.പിക്ക് കേരളത്തിലെ സര്‍ക്കാരിനെ പിടികൂടണം. ശ്രീരാമകൃഷ്ണനെ മാത്രമല്ല, അവര്‍ക്ക് കേരളത്തിലെ മന്ത്രിമാര്‍ക്ക് പുറകെ നടക്കണം. കേരളത്തിലെ നേതാക്കള്‍ക്ക് പുറകെ നടക്കണം. അതിന് നിങ്ങള്‍ കൂട്ടുനില്‍ക്കരുത്. നിങ്ങൾക്ക് ഇടതുപക്ഷ ജനാധിപത്യ മുന്നണിയോട് വിയോജിപ്പുണ്ടെങ്കില്‍ ആ വിയോജിപ്പ് പ്രകടിപ്പാനുള്ള സാധ്യത രാഷ്ട്രീയമായി ഉപയോഗിക്കണം. പ്രതിപക്ഷവും ഭരണപക്ഷവും രാഷ്ട്രീയ പ്രസ്ഥാനവുമെന്നത് പരസ്പരം വിമര്‍ശിച്ച് പരസ്പരം ശുദ്ധീകരിക്കണം. ആ പരസ്പര ശുദ്ധീകരണത്തിന്റെ കഴിവുപയോഗിക്കുന്നതിന് ഞങ്ങൾ എതിരല്ല. സഭയില്‍ നിങ്ങള്‍ മുഖ്യമന്ത്രിയുടെ കുടുംബത്തെ പോലും പരാമര്‍ശിച്ചു. മുഖ്യമന്ത്രിയുടെ കുടുംബം വേറെയാണ്, വ്യക്തിജീവിതം വേറെയാണ്".

"ഇ.എം.എസ്. സ്വന്തം സ്വത്തു പാര്‍ട്ടിക്കെഴുതി കൊടുത്തത് കേരളത്തിന് മാതൃകയാണ്. പിണറായി വിജയന്‍ ജയിലില്‍ കിടന്ന് കൊണ്ട മര്‍ദ്ദനവും ത്യാഗവും അദ്ദേഹത്തിന്റെ രാഷ്ട്രീയത്തെ രൂപപ്പെടുത്തി. രാഷ്ട്രീയത്തെ രൂപപ്പെടുത്തുന്നത് ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നതിന്റെ ആകെത്തുകയാണ്. കോണ്‍ഗ്രസ്സില്‍ ആരും അടികൊണ്ടിട്ടില്ല എന്നല്ല. കൊണ്ടിട്ടുണ്ട്. പക്ഷെ, കൊണ്ടിട്ടുള്ളവരുടെ എണ്ണം കുറവാണ് . കൊള്ളാൻ പേടിയുള്ളതുകൊണ്ടാണ് കോണ്‍ഗ്രസ്സ് ബി,ജെ,പിയെ ഇപ്പോള്‍ ഭയക്കുന്നത്." ഭയപ്പെടാതിരിക്കാനുള്ള രാഷ്ട്രീയം രൂപപ്പെടുത്താന്‍ ഇത്തരം ചര്‍ച്ചകളല്ല ആവശ്യമെന്നും മുല്ലക്കര രത്‌നാകരന്‍ കൂട്ടിച്ചേർത്തു

content highlights: Mullakkara Ratnakaran Defends Speaker Sreeramakrishnan On Assembly