സുരേഷ് ഗോപി (File Photo), അതിരപ്പിള്ളി മുക്കുംപുഴ ആദിവാസി കോളനിയിലേക്ക് വേണ്ടി തയ്യാറാക്കിയ ബോട്ട്, സിനിമാ താരം ടിനി ടോം ബി.ജെ.പി. കൊരട്ടി ഓഫീസിന് കൈമാറുന്നു.
കൊരട്ടി: മുക്കുംപുഴ ആദിവാസി കോളനിക്കാര്‍ക്ക് രോഗികളുമായി മുളച്ചങ്ങാടത്തില്‍ പോകുന്ന യാത്ര ഇനി അവസാനിപ്പിക്കാം. ഊരിലുള്ളവര്‍ക്ക് യാത്രാസഹായിയായി ഫൈബര്‍ബോട്ടെത്തി. അടുത്തിടെ ഊരിലേക്ക് മഞ്ചലുമായെത്തിയ സുരേഷ് ഗോപി എം.പി. യാത്രാദുരിതം മനസ്സിലാക്കിയാണ് ബോട്ട് വാഗ്ദാനം ചെയ്തത്.
ബുധനാഴ്ച, സുരേഷ് ഗോപിക്കുവേണ്ടി സിനിമാതാരം ടിനി ടോം ബി.ജെ.പി.യുടെ കൊരട്ടി മണ്ഡലം പ്രസിഡന്റ് സജീവ് പള്ളത്തിന് ബോട്ട് കൈമാറി. നേരത്തേ 10 ദിവസം കൊണ്ടാണ് ബോട്ട് നിര്‍മിച്ചു കൈമാറാമെന്ന് നിര്‍മാതാക്കള്‍ ഏറ്റിരുന്നത്. എന്നാല്‍, ബുധനാഴ്ച സുരേഷ് ഗോപിയുടെ വിവാഹവാര്‍ഷികമാണെന്നറിഞ്ഞതോടെ നിശ്ചയിച്ചതിനും രണ്ടുദിവസം മുമ്പേ നിര്‍മാണം പൂര്‍ത്തിയാക്കി കൊരട്ടിയിലെത്തിക്കുകയായിരുന്നു.
അഞ്ചുപേര്‍ക്ക് യാത്രചെയ്യാവുന്ന ബോട്ടില്‍ അഞ്ചു സുരക്ഷാജാക്കറ്റും രണ്ട് പങ്കായവും ഉണ്ട്. എന്‍ജിന്‍ ഘടിപ്പിച്ച ബോട്ടു നിര്‍മിച്ച് നല്‍കാമെന്നാണ് നിര്‍മ്മാണക്കമ്പനി ഏറ്റിരുന്നത്. എന്നാല്‍, മലിനീകരണസാധ്യതയുള്ളതുകൊണ്ടാണ് തുഴഞ്ഞുപോകാവുന്ന വിധത്തിലുള്ള ബോട്ടാക്കിയതെന്ന് നിര്‍മാതാവ് നിഷിജിത്ത് കെ. ജോണ്‍ പറഞ്ഞു.
ബി.ജെ.പി. കൊരട്ടി ഓഫീസിലേക്ക് എത്തിച്ച ബോട്ട് 11-നാണ് ഊരിലേക്ക് എത്തിക്കുന്നത്. അന്ന് മലക്കപ്പാറ മുക്കുംപുഴ കോളനിയിലേക്ക് എത്തുന്ന സുരേഷ് ഗോപി ഊരിലുള്ളവര്‍ക്ക് ബോട്ട് കൈമാറും.
കൊരട്ടിയില്‍ നടന്ന ബോട്ട് കൈമാറ്റച്ചടങ്ങില്‍ ബി.ജെ.പി. നേതാക്കളായ ബൈജു ശ്രീപുരം, ഷാജു കോക്കാടന്‍, ബോട്ടിന്റെ നിര്‍മ്മാതാവ് നിഷിജിത്ത് കെ. ജോണ്‍, ഡെന്നി വെളിയത്ത്, സുമിതാ ചന്ദ്രന്‍, ഇ.എം. സുനില്‍കുമാര്‍, ടി.എസ്. മുകേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
Content Highlights: mukkumpuzha colony people gets boat from suresh gopi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..