കൊച്ചി: പറവൂരില്‍ മുജാഹിദീന്‍ മതപ്രചാരണവും തുടര്‍ന്നുണ്ടായ അറസ്റ്റും സംബന്ധിച്ചും ഹിന്ദു ഐക്യവേദിയുടെ പരിപാടിയിലെ പ്രസംഗങ്ങള്‍ സംബന്ധിച്ചും തന്റെ നിലപാട് വ്യക്തമാക്കി സ്ഥലം എംഎല്‍എ വി.ഡി.സതീശന്‍. മുജാഹിദീന്‍ നടത്തിയത് തീവ്രവാദ വിരുദ്ധ പ്രചാരണമാണെന്നും ഹിന്ദു ഐക്യവേദി പരിപാടിയില്‍ ശശികല നടത്തിയ പരാമര്‍ശങ്ങള്‍ വിദ്വേഷം ജനിപ്പിക്കുന്നതാണെന്നും വി.ഡി.സതീശന്‍ പറഞ്ഞു. ശശികലയ്ക്കെതിരെ പരാതി നല്‍കിയ സാഹചര്യത്തില്‍ മാതൃഭൂമി.കോമിനോട് സംസാരിക്കുകയായിരുന്നു എംഎല്‍എ.

ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് വടക്കന്‍ പറവൂരില്‍ മുജാഹിദീന്‍ ആശയങ്ങളടങ്ങിയ ലഘുലേഖകള്‍ വിതരണം ചെയ്യുന്നതിനെതിരെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് സംഘര്‍ഷമുണ്ടാവുകയും ലഘുലേഘ വിതരണത്തിന്റെ പേരില്‍ മുജാഹിദീന്‍ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസം പറവൂരില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഹിന്ദു ഐക്യവേദി പ്രസിഡന്റ് കെ.പി.ശശികല നടത്തിയ പ്രസംഗം വിദ്വേഷം ജനിപ്പിക്കുന്നതാണെന്ന് കാണിച്ച് വി.ഡി.സതീശന്‍ പരാതി നല്‍കുകയായിരുന്നു.

മുജാഹിദീന്‍ വിതരണം ചെയ്ത ലഘുലേഖകള്‍ താന്‍ വായിച്ചിരുന്നെന്നും അതില്‍ മതസ്പര്‍ധ വളര്‍ത്തുന്ന യാതൊന്നുമില്ലെന്നും വി.ഡി. സതീശന്‍ പറഞ്ഞു. പ്രോത്സാഹിപ്പിക്കേണ്ടവരാണ് അവര്‍. ഐഎസിനും എസ്ഡിപിഐ പോലുള്ള സംഘടനകള്‍ക്കും എതിരായാണ് അവരുടെ നിലപാട്. തീവ്രവാദത്തിന് എതിരായി നിലപാടെടുക്കുകയും അത് ഇസ്ലാമല്ല എന്ന് പരസ്യമായി പറയുകയും ചെയ്യുന്നവരാണ് അവരെന്നും പറവൂര്‍ എംഎല്‍എ കൂട്ടിച്ചേര്‍ത്തു.

ഇക്കാര്യം ഞാന്‍ അന്നേ പറഞ്ഞതാണ്. ഇതുതന്നെ അവരെ ജാമ്യത്തില്‍ വിട്ടുകൊണ്ട് കോടതി പറയുകയുകയും ചെയ്തു. അവര്‍ പ്രചരിപ്പിച്ച ലഘുലേഖകളില്‍ മതസ്പര്‍ദ്ദ വളര്‍ത്തുന്ന ഒന്നും തന്നെ ഇല്ലെന്ന്. എന്നാല്‍, ഞാനങ്ങനെ പറഞ്ഞതിന്റെ പേരില്‍ എന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തി. ഇതേത്തുടര്‍ന്ന് ഞങ്ങള്‍ ആയിരത്തോളം പേരെ സംഘടിപ്പിച്ച് മതേതര സംഗമം നടത്തി നിലപാട് വിശദീകരിച്ചു. അതിന് പകരമായിട്ടായിരുന്നു ഇപ്പോള്‍ വിവാദമായ പരിപാടി നടത്തിയത്.

പോലീസിന്റെ കൈയില്‍ ഹിന്ദു ഐക്യവേദി പരിപാടിയുടെ ഓഡിയോ-വീഡിയോ ടേപ്പുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ പോലീസ് അത് വേണ്ട രീതിയില്‍ പരിശോധിച്ചിരുന്നില്ല. പരിപാടിയ്ക്ക് ശേഷം വിദ്വേഷ പ്രസംഗം നടത്തി എന്ന വിവരം കിട്ടിയിരുന്നു. പിന്നീട് ടേപ്പ് കിട്ടി. അത് കേട്ട് ഗൗരവം മനസിലായപ്പോഴാണ് പരാതി നല്‍കിയയത്.

സംഭവത്തില്‍ പോലീസ് കൂടുതല്‍ ജാഗ്രത പാലിക്കേണ്ടത് ആവശ്യമായിരുന്നു. നേരത്തേ കേസെടുക്കേണ്ട സംഭവമായിരുന്നു ഇത്. 153 എ പ്രകാരം കേസെടുത്തു കഴിഞ്ഞാല്‍ പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കുക എന്നതാണ് സാധാരണ ചെയ്യുന്ന നടപടി. കേസെടുത്തതിനെ സ്വാഗതം ചെയ്യുന്നു. ഇനിയുള്ള നടപടികള്‍ ഗൗരവത്തോടെ വീക്ഷിക്കുന്നത്. കൃത്യമായ നടപടികള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

ഇനി ഇത്തരം നടപടികള്‍ കേരളത്തില്‍ ആവര്‍ത്തിക്കരുത് എന്നതാണ് ലക്ഷ്യം. ഒരു സമുദായത്തിന്റെയും നേതാക്കന്‍മാര്‍ ഇത്തരത്തില്‍ പ്രസംഗിക്കാനിടവരരുത് -വിഡി സതീശന്‍ വ്യക്തമാക്കി.