Photo: Screengrab/ Mathrubhumi News
കോഴിക്കോട്: മുജാഹിദ് സമ്മേളനത്തിൽ നിന്ന് മുനവറലി തങ്ങളും ബഷീറലി തങ്ങളും പിന്മാറി. സമസ്ത കർശന നിലപാട് സ്വീകരിച്ചതോടെയാണ് പരിപാടിയിൽ നിന്ന് പാണക്കാട് തങ്ങൾമാർ പിന്മാറിയത്. പരിപാടിയിൽ പങ്കെടുക്കില്ലെന്ന് ഇവർ സംഘാടകരെ അറിയിച്ചു.
മുജാഹിദ് സമ്മേളനത്തിൽ സുന്നി നേതാക്കന്മാർ ആരുംപങ്കെടുക്കില്ലെന്ന് സമസ്ത നിലപാട് വ്യക്തമാക്കിയിരുന്നു. പാണക്കാട് കുടുംബത്തിൽ നിന്ന് സാദിഖലി തങ്ങളെ മുജാഹിദ് നേതൃത്വം ക്ഷണിച്ചിരുന്നെങ്കിലും വരാൻസാധിക്കില്ലെന്ന് അദ്ദേഹം അറിയിച്ചിരുന്നു. എന്നാൽ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവറലി ശിഹാബ് തങ്ങളും വഖഫ് ബോർഡ് മുൻ ചെയർമാൻ റഷീദലി തങ്ങളും സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് അറിയിച്ചുകൊണ്ട് നോട്ടീസിൽ പേരുവെക്കുകയും ചെയ്തിരുന്നു.
'കുടുംബം ധാർമ്മികത' എന്ന സെഷനിലായിരുന്നു റഷീദലി തങ്ങൾ പങ്കെടുക്കേണ്ടിയിരുന്നത്. ലിബറലിസവുമായി ബന്ധപ്പെട്ട സെമിനാറിൽ മുനവറലി തങ്ങൾ പങ്കെടുക്കുമെന്നായിരുന്നു നോട്ടീസിൽ അറിയിച്ചിരുന്നത്. എന്നാൽ സമസ്തയുടെ നിലപാട് മുന്നിൽകണ്ട്, മുജാഹിദ് സമ്മേളനവുമായി ബന്ധപ്പെട്ട് നിലവിൽ നടക്കുന്ന വിവാദങ്ങള്‍കൂടി കണക്കിലെടുത്താണ് പരിപാടിയിൽ പങ്കെടുക്കുന്നില്ലെന്ന് ഇവർ അറിയിച്ചത്. മുനവറലി തങ്ങൾ വിദേശത്താണെന്നും റഷീദലി തങ്ങൾ മറ്റു ചില അസൗകര്യങ്ങളുമാണ് അറിയിച്ചിട്ടുള്ളത്.
ആശയപരമായിത്തന്നെ സമസ്തയും മുജാഹിദും അഭിപ്രായ വ്യത്യാസമുള്ള സംഘടനകളാണ്. കൂടാതെ സമസ്ത വിരുദ്ധ ക്യാമ്പയിനുകള്‍ നടത്താന്‍ മുജാഹിദ് തയ്യാറെടുക്കുന്നു എന്ന ചില സൂചനകളും സമസ്ത നേതാക്കള്‍ക്ക് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.
മുജാഹിദ് സംസ്ഥാന സെക്രട്ടറി കൂടിയായ മജീദ് സ്വലാഹിയുടെ അഭിമുഖം നേരത്തെ വിവാദമായിരുന്നു. ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾ ആശങ്കകൾ നേരിടുന്നില്ല, സുരക്ഷിതരാണെന്നും പുറത്ത് ഭയാശങ്കകൾ പരത്തുന്നത് രാഷ്ട്രീയ നേതാക്കളാണെന്നുമായിരുന്നു പ്രസ്താവന. സമ്മേളന പരിപാടിയിൽ ഗോവ ഗവർണർ ശ്രീധരൻ പിള്ളയേയും കേന്ദ്ര മന്ത്രി വി. മുരളീധരനേയും പരിപാടിയിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു. ഇത് വലിയതോതിൽ ചർച്ചയായി. ഇതുകൂടി കണക്കിലെടുത്താണ് പാണക്കാട് കുടുംബത്തിൽ നിന്ന് മുജാഹിദ് സമ്മേളനത്തിൽ ആരും പങ്കെടുക്കേണ്ടതില്ലെന്നതീരുമാനത്തിൽ എത്തിയത് എന്നാണ് ലഭിക്കുന്ന വിവരം.
Content Highlights: mujahid state conference league leaders stepback
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..