
മുഹമ്മദ് ഷിയാസ്, ജോജു
കൊച്ചി: വൈറ്റിലയിലെ ഹൈവേ ഉപരോധവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ പോലീസ് ഏകപക്ഷീയമായി പെരുമാറുന്നുവെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. ജോജുവിനെതിരേ സ്ത്രീകള്‍ നല്കിയ പരാതിയില്‍ പോലീസ് കേസെടുക്കാന്‍ തയ്യാറാവുന്നില്ല. ഇത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണമെന്നും മുഹമ്മദ് ഷിയാസ് ആവശ്യപ്പെട്ടു.
നാനൂറോളം ആളുകള്‍ പങ്കെടുക്കുന്ന ഒരു സമരത്തിലേക്ക് ജോജു മനഃപൂര്‍വം കയറിവരികയായിരുന്നു. മുണ്ടും മടക്കികുത്തി അസഭ്യം പറഞ്ഞുകൊണ്ട് ലഹരിക്കടിമപ്പെട്ട ഒരാളെ പോലെ ജോജു കയറിവന്നപ്പോഴാണ് പ്രശ്നങ്ങള്‍ ആരംഭിച്ചത്. പോലീസുകാരുള്‍പ്പെടെ പറഞ്ഞതും ജോജു മദ്യപിച്ചിട്ടുണ്ടെന്നായിരുന്നു. അതുകൊണ്ടാണ് വൈദ്യപരിശോധന നടത്തണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്.
ജനങ്ങള്‍ക്ക് വേണ്ടിയാണ് കോണ്‍ഗ്രസ് സമരം ചെയ്തത്. ആ ജനകീയ സമരം അടിച്ചമര്‍ത്താമെന്ന് ആരെങ്കിലും വിചാരിക്കുന്നുണ്ടെങ്കില് അത് വേറെവിടെങ്കിലും പോയി പറഞ്ഞാല്‍ മതി. ജനങ്ങള്‍ക്ക് വേണ്ടി ജയിലില്‍ പോയി കിടക്കാനും കേസ് ഏറ്റുവാങ്ങാനുമെല്ലാം തയ്യാറാവുന്ന ആളുകളാണ് ഞങ്ങള്‍. പക്ഷെ അതുകൊണ്ടൊന്നും ഞങ്ങളുടെ സമരത്തിന്റെ വീര്യം കെടുത്താമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും കൂട്ടരും കരുതേണ്ട. പോലീസ് ഏകപക്ഷീയമായ നടപടി സ്വീകരിക്കരുത്. എന്തുകൊണ്ടാണ് സ്ത്രീകള്‍ കൊടുത്ത പരാതിയില്‍ കേസെടുക്കാത്തതെന്ന് പോലീസ് വ്യക്തമാക്കണം. സ്ത്രീകള്‍ കൊടുത്ത പരാതിയില്‍ കഴമ്പില്ലെന്ന് എങ്ങനെയാണ് ഓഫീസിലിരുന്ന കമ്മീഷണര്‍ക്ക് പറയാനാവുന്നത്. ആരാണ് ഇങ്ങനെ പറയാന്‍ നിര്‍ദേശം നല്‍കുന്നത്. സ്ത്രീകള്‍ക്കെതിരേ മോശമായ ദൃഷ്ടി പതിഞ്ഞാല്‍ പോലും കേസെടുക്കാമെന്ന് നിയമമമുള്ള രാജ്യമല്ലേ ഇതെന്നും ഷിയാസ് ചോദിച്ചു.
ജോജു കലാകാരനായതുകൊണ്ട് അദ്ദേഹത്തിന് ഒരു നീതിയും കോണ്‍ഗ്രസുകാരായതുകൊണ്ട് ഞങ്ങള്‍ക്ക് മറ്റൊരു നീതിയുമെന്നത് ഈ നാട്ടില്‍ നടക്കില്ല. ഇവിടെ എല്ലാവര്ക്കും ഒരേ നീതിയാണ്. പ്രത്യേക പരിഗണനയൊന്നും ആര്‍ക്കുമില്ല.
സമരം നടത്തുമെന്ന് പോലീസിനെ അറിയിച്ചിരുന്നു. സിറ്റി പോലീസ് കമ്മീഷണറുമായി വിളിച്ച് സംസാരിച്ചിരുന്നു. അങ്ങനെയാണ് സമരത്തിന്റെ റൂട്ടുകള്‍ തീരുമാനിച്ചത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ 1500 ഓളം ആളുകള്‍ വാഹനങ്ങളുമായി വന്ന് സമരത്തില്‍ പങ്കാളികളായിരുന്നു. ആ ജനകീയ സമരത്തിലേക്കാണ് ജോജു മനഃപൂര്‍വം കയറി വന്നത്. മനഃപൂര്‍വം പ്രശ്നമുണ്ടാക്കുകയായിരുന്നുവെന്നാണ് ഇപ്പോള്‍ തോന്നുന്നത്. ഈ സംഭവങ്ങളെ കോണ്‍ഗ്രസ് നിയമപരമായി നേരിടുമെന്നും മുഹമ്മദ് ഷിയാസ് മാധ്യമങ്ങളോട് പ്രതികരിച്ചു.
ഇന്ധനവിലയ്ക്കെതിരേ വൈറ്റിലയില്‍ കോണ്‍ഗ്രസ് നടത്തിയ സമരവുമായി ബന്ധപ്പെട്ട് 15 നേതാക്കളെ പ്രതിചേര്‍ത്ത് പോലീസ് കേസെടുത്തിരുന്നു. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ആണ് ന്നാം പ്രതി. വിജെ പൗലോസ്, കൊടിക്കുന്നില്‍ സുരേഷ് എം.പി എന്നിവര്‍ രണ്ടും മൂന്നും പ്രതികള്‍. വിപി സജീന്ദ്രന്, ദീപ്തി മേരി വര്‍ഗീസ്, ടോണി ചമ്മിണി, ഡൊമിനിക് പ്രസന്റേഷന് എന്നിവരും പ്രതിപ്പട്ടികയിലുണ്ട്. കണ്ടാലറിയാവുന്ന 50 ഓളം പേര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..